Friday, August 12, 2011

റബര്‍ മാര്‍ക്കില്‍ കോടികളുടെ ക്രമക്കേടു കണ്ടെത്തി

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അധ്യക്ഷനായ കേരള സംസ്ഥാന സഹകരണ റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ (റബര്‍ മാര്‍ക്ക്) കോടികളുടെ ക്രമക്കേട്. സഹകരണനിയമവും ചട്ടവും ഫെഡറേഷന്‍ അടിമുടി ലംഘിച്ചതായി വിജിലന്‍സ് വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രമക്കേടുമൂലം ഫെഡറേഷനുണ്ടായ സാമ്പത്തികനഷ്ടം തിട്ടപ്പെടുത്താനും ഉത്തരവാദികളെ കണ്ടെത്താനും സഹകരണ രജിസ്ട്രാര്‍ ഡോ. എസ് രവീന്ദ്രന്‍ എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ സി പോള്‍ ലെസ്ലിയെ ചുമതലപ്പെടുത്തി.

ഫെഡറേഷന്റെ ഫണ്ട് സ്വകാര്യ കമ്പനികള്‍ക്കായി ചെലവിട്ടതാണ് പ്രധാന ക്രമക്കേട്. മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന് രൂപീകരിച്ച റൂബക് ബലൂണ്‍സ് എന്ന സ്വകാര്യ കമ്പനിയിലെ 75 ശതമാനം ഓഹരി എടുത്ത് ഫെഡറേഷന്റെ 19 കോടിയോളം രൂപ ഈ കമ്പനിയിലേക്ക് വകമാറ്റി. ഇതില്‍ 13.66 കോടിയോളം രൂപയാണ് കമ്പനിയില്‍നിന്നു ഫെഡറേഷന് തിരികെ ലഭിക്കാനുള്ളത്. ഫെഡറേഷന്റെ ഉത്തരവാദിത്തത്തില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍നിന്ന് എടുത്ത വായ്പയായ എട്ടു കോടി രൂപ റൂബക് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ടോയ് ബലൂണ്‍ നിര്‍മാണ യൂണിറ്റിന് മെഷീന്‍ സ്ഥാപിക്കുന്നതിനും നല്‍കി. ഫെഡറേഷന്റെ ഓഹരി പങ്കാളിത്തത്തോടെ റബര്‍ മാര്‍ക്ക് റബര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്വകാര്യകമ്പനി സര്‍ക്കാരിന്റെയോ സഹകരണ രജിസ്ട്രാറുടെയോ അനുമതിയില്ലാതെ ആരംഭിച്ചു. ഇതില്‍ 999 ഓഹരികള്‍ ഫെഡറേഷനും ഒരു ഓഹരി ടി എച്ച് മുസ്തഫയ്ക്കുമാണ്.

കമ്പനിക്കായി ആലുവ മുടിക്കലില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങുന്നതിന് ഫെഡറേഷന്റെ 1,51,65,025 രൂപ റൂബക്ക് കമ്പനിയുടെ കണക്കിലൂടെ അനധികൃതമായി ചെലവഴിച്ചു. കലക്ടറുടെ വിലനിര്‍ണയ സര്‍ട്ടിഫിക്കേറ്റിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്. നിയമാനുസൃത നടപടിപാലിക്കാതെ ഇവിടുത്തെ മണ്ണും വിറ്റു. മുടിക്കലില്‍ മൂന്ന് ഗോഡൗണ്‍ പണിയുന്നതിന് കബീര്‍ എന്ന വ്യക്തിക്ക് ഫെഡറേഷന്റെ സ്വന്തം ഫണ്ടില്‍നിന്ന് 10,56,018 രൂപ പലിശവാങ്ങാതെ മുന്‍കൂറായി നല്‍കി. പിന്നീട് ഈ ഗോഡൗണുകള്‍ 72,898 രൂപ പ്രതിമാസ വാടകകയ്ക്ക് ഫെഡറേഷന്‍ എടുക്കുകയുംചെയ്തു.

ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ഫെഡറേഷന്റെയും റൂബക് കമ്പനിയുടെ പരസ്യം നല്‍കുന്നതിന് റബര്‍ മാര്‍ക്ക് 1.33 കോടിയോളം രൂപ സ്വകാര്യ പരസ്യ ഏജന്‍സികള്‍വഴി ചെലവിട്ടു. ഫിറ്റ്നസ് സര്‍ട്ടിഫിക്കേറ്റോ, വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ചട്ടവിരുദ്ധമായി വ്യക്തികളില്‍നിന്ന് എട്ടു പഴയ വാഹനങ്ങള്‍ വാങ്ങി. ഇതിന്റെ റിപ്പയറിങ്ങിന് ഭീമമായ തുക ചെലവിട്ടു.

ഫെഡറേഷന്‍ പ്രസിഡന്റും ജീവനക്കാരനായ ടി വി ജോസഫും റൂബക് കമ്പനിയില്‍നിന്ന് 2,03,742 രൂപ ചെലവഴിച്ച് ദുബായ് ഫെസ്റ്റിവലിലും പങ്കെടുത്തു. ഫെഡറേഷന്‍ ജീവനക്കാരന്‍ വിദേശയാത്ര ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ ലംഘിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് 9.68 ലക്ഷം രൂപ ചെലവിട്ടതും സര്‍ക്കാര്‍ അനുമതി വാങ്ങാതെ 115 ജീവനക്കാരെ താല്‍കാലിക വ്യവസ്ഥയില്‍ നിയമിച്ചതും അംഗസംഘങ്ങളുടെ സമ്മതംപോലും വാങ്ങാതെ ശാഖകള്‍ ആരംഭിച്ചതുമൊക്കെ ഫെഡറേഷന്റെ നഷ്ടം വര്‍ധിപ്പിച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 166 കോടി രൂപയാണ് ഫെഡറേഷന്റെ നഷ്ടം.
(ഷഫീഖ് അമരാവതി)

deshabhimani 120811

1 comment:

  1. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അധ്യക്ഷനായ കേരള സംസ്ഥാന സഹകരണ റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ (റബര്‍ മാര്‍ക്ക്) കോടികളുടെ ക്രമക്കേട്. സഹകരണനിയമവും ചട്ടവും ഫെഡറേഷന്‍ അടിമുടി ലംഘിച്ചതായി വിജിലന്‍സ് വിഭാഗം ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രമക്കേടുമൂലം ഫെഡറേഷനുണ്ടായ സാമ്പത്തികനഷ്ടം തിട്ടപ്പെടുത്താനും ഉത്തരവാദികളെ കണ്ടെത്താനും സഹകരണ രജിസ്ട്രാര്‍ ഡോ. എസ് രവീന്ദ്രന്‍ എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ സി പോള്‍ ലെസ്ലിയെ ചുമതലപ്പെടുത്തി.

    ReplyDelete