Saturday, August 13, 2011

സുധാകരന്റെ ക്വട്ടേഷന്‍ : കേസ് അവസാനിപ്പിച്ചു

കണ്ണൂര്‍ : പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്ന കേസ് പൊലീസിന്റെ ഹര്‍ജിയെതുടര്‍ന്ന് കോടതി അവസാനിപ്പിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ മത്സരിച്ചപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത്. സംഭവത്തില്‍ വസ്തുതയില്ലെന്ന് കാണിച്ചാണ് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാഗേഷിന്റെ പ്രധാന തെരഞ്ഞെടുപ്പ് ഏജന്റായ എം വി ജയരാജന്റെ പരാതിയില്‍ ജില്ലാ വരണാധികാരിയായ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

തെരഞ്ഞെടുപ്പു ദിവസം പകല്‍ മൂന്നോടെ ഡിസിസി ഓഫീസില്‍നിന്ന് വണ്ടിയില്‍ പുറപ്പെട്ട ക്വട്ടേഷന്‍ സംഘത്തിലെ ഏതാനുംപേരെ താലൂക്ക് ഓഫീസിനു മുന്നില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ചാലക്കുടി കുറ്റിച്ചിറ സ്വദേശി പികെ ജോഷി എന്ന മധുര ജോഷി, ടി വി സ്റ്റാന്‍ലി എന്നിവരടക്കം 48 പേരായിരുന്നു പ്രതികള്‍ . ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍ പി ബാലകൃഷ്ണന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ചാലക്കുടിയിലും പരിസരങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ക്വട്ടേഷന്‍ സംഘമാണെന്നും പിടിയിലായ വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയാണെന്നും തെളിഞ്ഞു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്റെ നേതൃത്വത്തില്‍ ടൗണ്‍ സിഐ ഓഫീസില്‍ കയറി ബഹളം വയ്ക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അര്‍ധരാത്രിവരെ ആയുധങ്ങളുമായി വന്‍ സംഘം സ്റ്റേഷനു പുറത്തും സംഘടിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിറ്റേന്ന് സിഐ ഓഫീസിലേക്കുള്ള റോഡ് തടയുകയും നഗരത്തിലാകെ പരിഭ്രാന്തി പരത്തുകയും ചെയ്തു. വന്‍ വിവാദം സൃഷ്ടിച്ച കേസ് ഇല്ലാതാക്കാന്‍ ഭരണമാറ്റത്തോടെയാണ് ശ്രമം ആരംഭിച്ചത്.

ക്വട്ടേഷന്‍ വാങ്ങി അക്രമം നടത്തുന്നവരെ രാഷ്ട്രീയ താല്‍പര്യത്തില്‍ കേസില്‍നിന്ന് ഒഴിവാക്കിയാല്‍ കുറ്റകൃത്യം തുടരുന്നതിന് പ്രേരണയാകുമെന്നും തെരഞ്ഞെടുപ്പു സമയത്ത് അക്രമം സംഘടിപ്പിക്കാന്‍ എത്തിയവരാണെന്നതിനാല്‍ ചട്ടലംഘനമാണെന്നും കാണിച്ച് മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്കെല്ലാം എം വി ജയരാജന്‍ പരാതി നല്‍കി. കണ്ണൂരിലെ പൊലീസ് മേധാവിക്ക് നേരിട്ടും നിവേദനം നല്‍കി. അതൊന്നും പരിഗണിക്കാതെയാണ് രാഷ്ട്രീയ താല്‍പര്യം മാത്രം പരിഗണിച്ച് കേസ് അവസാനിപ്പിച്ചത്.

deshabhimani 130811

1 comment:

  1. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്ന കേസ് പൊലീസിന്റെ ഹര്‍ജിയെതുടര്‍ന്ന് കോടതി അവസാനിപ്പിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ മത്സരിച്ചപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത്. സംഭവത്തില്‍ വസ്തുതയില്ലെന്ന് കാണിച്ചാണ് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ രാഗേഷിന്റെ പ്രധാന തെരഞ്ഞെടുപ്പ് ഏജന്റായ എം വി ജയരാജന്റെ പരാതിയില്‍ ജില്ലാ വരണാധികാരിയായ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

    ReplyDelete