കുഞ്ഞനന്തന്‍നായര്‍ മുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നുവരെയുള്ള രാഷ്ട്രീയ നിരീക്ഷകന്മാരും സാമൂഹ്യ ഇടപെടല്‍ വിദഗ്ധരും സിപിഐ എമ്മിലെ "പ്രതിസന്ധി" നിര്‍ധാരണം ചെയ്യാനുള്ള കഠിനപ്രയത്നത്തിലേക്ക് സ്വയംസന്നദ്ധരായി ഇറങ്ങിക്കഴിഞ്ഞു. സിപിഐ എം സഞ്ചരിക്കുന്ന നൂല്‍പ്പാലത്തില്‍നിന്നും ഇടംവലം തെറ്റാതെ മറുകരയില്‍ എത്തിക്കാനുള്ള ചരിത്രനിയോഗം ഏറ്റുവാങ്ങി, വിപ്ലവ സംസ്ഥാപനാര്‍ഥം ജന്മമെടുത്ത അവതാരങ്ങള്‍! 1920ല്‍ താഷ്കെന്റില്‍ രൂപംകൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യയിലെ വിപ്ലവതന്ത്രം, അടവ് തുടങ്ങിയ രാഷ്ട്രീയപ്രശ്നങ്ങളില്‍ അഗാധമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ഈ സംവാദങ്ങള്‍ക്കും ആശയസമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കള്‍ തന്നെയായിരുന്നു. ഒടുവില്‍ 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി രണ്ടായി-ഇന്ത്യന്‍ വിപ്ലവത്തിന്റെ തന്ത്രം നിര്‍ണയിക്കുന്ന തര്‍ക്കത്തില്‍ . അതായത് ആര്‍ക്കൊക്കെ പുച്ഛംതോന്നിയാലും ഒന്നോര്‍ക്കണം-ഇന്ത്യന്‍ വിപ്ലവത്തിന്റെ വിജയകരമായ പൂര്‍ത്തീകരണമെന്ന ലക്ഷ്യത്തിലാണ് സിപിഐ എം രൂപീകൃതമായത്.
വിപ്ലവം മാത്രമാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. സുശക്തമായ ഇന്ത്യന്‍ കുത്തക ബൂര്‍ഷ്വാസിക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വിപ്ലവം സംഘടിപ്പിക്കാന്‍ സുശിക്ഷിതവും സുപരീക്ഷിതവും അച്ചടക്കവുമുള്ളതുമായ പാര്‍ടി വേണമെന്നും തീരുമാനിക്കപ്പെട്ടു. ഉള്‍പാര്‍ടി ജനാധിപത്യം മുറുകെ പിടിക്കുന്ന ജനാധിപത്യ കേന്ദ്രീകരണതത്വങ്ങളില്‍ അടിയുറച്ച പാര്‍ടിക്കേ വിപ്ലവം വിജയകരമായി സംഘടിപ്പിക്കാനാകൂ. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികളുടെ അടിസ്ഥാനപരവും അചഞ്ചലവുമായ ധാരണയാണ് ഇത്. സിപിഐ എം പോലുള്ള പാര്‍ടിയില്‍ അച്ചടക്കം ആരും അടിച്ചേല്‍പ്പിച്ചതല്ല. മേല്‍പ്പറഞ്ഞ ലക്ഷ്യത്തിനായി സ്വയം ഏവരും സ്വീകരിച്ചതാണ്. അതാണ് പാര്‍ടി ഭരണഘടനയായത്. ഇത് സിപിഐ എമ്മിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്-നേതാക്കള്‍ക്കും അനുയായികള്‍ക്കും. അങ്ങനെയെങ്കില്‍ പാര്‍ടിയുടെ ബന്ധപ്പെട്ട, അധികാരപ്പെട്ട ഒരു ഘടകമെടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ഓരോ പാര്‍ടി അംഗത്തിനും ബാധ്യതയുണ്ട്. പാര്‍ടിയുടെ തീരുമാനം ഭൂരിപക്ഷത്തിന്റെ തീരുമാനം തന്നെയാണ്-ഇന്നും എന്നും. ഒരു പ്രത്യേക രാഷ്ട്രീയസന്ധിയില്‍ പാര്‍ടിയെടുക്കുന്ന തീരുമാനങ്ങളെ ഓരോ അംഗവും ഒറ്റയ്ക്കൊറ്റയ്ക്ക് തെരുവില്‍ വിചാരണ ചെയ്യാന്‍ തീരുമാനിച്ചാല്‍ സിപിഐ എമ്മിന്റെ ഭാവിയെന്താകും?
ഒരു പാര്‍ടി അംഗീകരിച്ച ഭരണഘടനയെ പൊട്ടിച്ചുപുറത്തുകടക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ആ നിമിഷം ഈ പാര്‍ടിയില്‍ അല്ലാതായില്ലേ? കുഞ്ഞനന്തന്‍നായരും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും വാദിക്കുന്നത് അതിനു വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കേരളത്തിലെ പാര്‍ടി നേതാക്കള്‍ മുതലാളിത്തദാസന്മാരാണത്രേ. കുഞ്ഞനന്തന്‍നായര്‍ പാര്‍ടിക്ക് പുറത്തുനിന്ന് പ്രത്യയശാസ്ത്ര സമരം നയിക്കും-പ്രത്യയശാസ്ത്രായുധങ്ങള്‍ പാര്‍ടിയിലേക്ക് കടത്തിവിടും പോലും. ഇവരും ഇവരെ പിന്‍പറ്റി കോളമെഴുതുന്നവരും മനസ്സില്‍ കരുതേണ്ട ഒരു കാര്യമുണ്ട്-ഇന്ത്യന്‍ ജനതയുടെ മോചനം സംബന്ധിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രസമരങ്ങളില്‍ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഒരു പ്രതിസന്ധിയും നിലവിലില്ല. പാര്‍ടിക്കകത്ത് ഗറില്ലായുദ്ധത്തിനും സാധ്യതയില്ല. പാര്‍ടിക്കകത്തെ ഉള്‍പാര്‍ടി സമരത്തിന് സംഘടനാപരമായ മാര്‍ഗങ്ങളുണ്ട്. നിഴല്‍യുദ്ധത്തിന് സ്കോപ്പില്ലെന്ന് ചുരുക്കം. ബംഗാള്‍ , കേരളം സംസ്ഥാനങ്ങളിലെ തോല്‍വി, കഴുത്തറുപ്പന്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം, സായുധമായി പകര്‍ന്നാട്ടം നടത്തുന്ന വര്‍ഗീയതയ്ക്കെതിരായ സമരം, നവഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായ സാമ്പ്രദായിക അഴിമതിക്കെതിരായ സമരം ഇത്യാദി കാര്യത്തിലൊന്നും സിപിഐ എമ്മിന്റെ കേന്ദ്ര, കേരള ഘടകങ്ങളില്‍ പ്രത്യയശാസ്ത്ര/ദാര്‍ശനിക സമരവും നടക്കുന്നതായി അറിവില്ല. പിന്നെ തര്‍ക്കമെല്ലാം എന്തിലാണ്-സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന കാര്യത്തിലോ?
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, സിപിഐ എമ്മിനെ കോണ്‍ഗ്രസ് പോലുള്ള പാര്‍ടിയാക്കി വ്യാഖ്യാനിച്ച് ഉറപ്പിച്ച്, ഗതകാലസ്മരണകള്‍ അയവിറക്കി ഇപ്പോഴത്തെ പാര്‍ടിയൊക്കെ എന്തുപാര്‍ടി എന്ന് ഇടയ്ക്ക് ദീര്‍ഘനിശ്വാസം വിട്ട് പൊതുജനമധ്യത്തില്‍ സിപിഐ എമ്മിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് പാഴ്വേലയല്ലെങ്കില്‍ മറ്റെന്താണ്? ഈ കുഞ്ഞനന്തന്‍നായരും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ ചേര്‍ന്നല്ലേ കേരളത്തിന്റെ ചില കേന്ദ്രങ്ങളില്‍ പുതിയ "വിപ്ലവഗ്രൂപ്പുകള്‍"ക്ക് ബീജാവാപം ചെയ്തത്. എന്നിട്ട് ആ വിത്തൊക്കെ എവിടെപ്പോയെന്ന് അന്വേഷിക്കരുതോ? ഒരു രാത്രി ഇരുണ്ടുവെളുക്കുംമുമ്പ് ഇവര്‍ ജന്മംനല്‍കിയ വിപ്ലവഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിയത് കേരളം കണ്ടതാണ്. ഇനിയും കാണേണ്ടിവരികയും ചെയ്യും. അത് ചരിത്രഗതിയാണ്. ഒന്നുകൂടി-സിപിഐ എം സംഘടനാകാര്യങ്ങള്‍ തെരുവില്‍ അലക്കുന്നവരെയും വലതുപക്ഷപാര്‍ടികളെയും അവരുടെ സംഘടനാരീതികളെയും ഉപരിപ്ലവമായി താരതമ്യംചെയ്ത് അന്നന്നത്തെ വാര്‍ത്തയൊപ്പിക്കുന്ന മാധ്യമസ്നേഹിതരോട് ഒരു വാക്ക്-ഓരോ പാര്‍ടിയും പിറവിയെടുക്കുന്നത് ചില സവിശേഷ ചരിത്രഘട്ടത്തില്‍ , ചരിത്രത്തിന്റെ ആവശ്യമെന്ന നിലയിലാണ്. ഓരോ രാഷ്ട്രീയ പാര്‍ടിയ്ക്കും അംഗീകരിച്ച പരിപാടിയും ഭരണഘടനയുമുണ്ട്. ഇതു രണ്ടും അവയുടെ ലക്ഷ്യം സാധിക്കാനുള്ള മാര്‍ഗദര്‍ശനമാണ്. ഈ മാര്‍ഗദര്‍ശനത്തിന്റെ വ്യതിരിക്തത വച്ചുവേണ്ടേ ഓരോ പാര്‍ടിയുടെയും ആന്തരിക പ്രശ്നങ്ങള്‍ നോക്കിക്കാണാനും വിശകലനം ചെയ്യാനും. അതല്ലേ യഥാര്‍ഥ ജനാധിപത്യസമീപനം. അതോ രാത്രിയെയും പകലിനെയും ഒരേപോലെ താരതമ്യം ചെയ്യുന്നതോ? ചുരുങ്ങിയത് പകലും രാത്രിയുമെന്ന പരിഗണനയെങ്കിലും നല്‍കേണ്ടേ?
സി എന്‍ മോഹനന്‍ deshabhimani 130811
കുഞ്ഞനന്തന്‍നായര്‍ മുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നുവരെയുള്ള രാഷ്ട്രീയ നിരീക്ഷകന്മാരും സാമൂഹ്യ ഇടപെടല്‍ വിദഗ്ധരും സിപിഐ എമ്മിലെ "പ്രതിസന്ധി" നിര്‍ധാരണം ചെയ്യാനുള്ള കഠിനപ്രയത്നത്തിലേക്ക് സ്വയംസന്നദ്ധരായി ഇറങ്ങിക്കഴിഞ്ഞു. സിപിഐ എം സഞ്ചരിക്കുന്ന നൂല്‍പ്പാലത്തില്‍നിന്നും ഇടംവലം തെറ്റാതെ മറുകരയില്‍ എത്തിക്കാനുള്ള ചരിത്രനിയോഗം ഏറ്റുവാങ്ങി, വിപ്ലവ സംസ്ഥാപനാര്‍ഥം ജന്മമെടുത്ത അവതാരങ്ങള്‍!
ReplyDelete