Thursday, August 11, 2011

കര്‍ഷകര്‍ പോരാട്ടത്തിന്റെ പാതയില്‍ : ഉത്സ പട്നായ്ക്

കാര്‍ഷികപ്രതിസന്ധി നിഷ്ക്രിയരാക്കിയ ഇന്ത്യന്‍ കര്‍ഷകര്‍ ആ അവസ്ഥ വിട്ട് പോരാട്ടത്തിന്റെ പാത തെരഞ്ഞെടുക്കുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധ ഉത്സ പട്നായ്ക് പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള കര്‍ഷകസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എകെജി ഹാളില്‍ സംഘടിപ്പിച്ച ദേശീയ കാര്‍ഷിക സെമിനാറില്‍ "രണ്ട് ദശകക്കാലത്തെ ഉദാരവല്‍ക്കരണവും ഭൂമിക്കു വേണ്ടി തീവ്രമാകുന്ന പോരാട്ടങ്ങളും" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍ .

ഇന്ത്യന്‍ സമ്പദ്ഘടന സുശക്തമാണെന്നും രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണെന്നുള്ള പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ വാദം തെറ്റിധരിപ്പിക്കുന്നതാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും സേവന മേഖലയില്‍നിന്നാണ്. കാര്‍ഷികമേഖലയുടെ സംഭാവന അഞ്ചിലൊന്ന് മാത്രം. ചെറുശതമാനം സമ്പന്നര്‍ക്കുവേണ്ടി സേവനം ചെയ്യുന്ന ഭൂരിപക്ഷം ജനങ്ങളാണ് ഇവിടെ. 1998നു ശേഷം രണ്ടുലക്ഷത്തിലേറെ കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. വിലത്തകര്‍ച്ചയുടെ ഇരകളായി മാറുകയായിരുന്നു ഭൂരിപക്ഷംപേരും. 2006 ആയപ്പോഴേക്കും കര്‍ഷകേതര വിഭാഗങ്ങളും ആത്മഹത്യയിലേക്ക് തിരിഞ്ഞു. നവഉദാരവല്‍ക്കരണം ഇതിന് പരിഹാരമായില്ലെന്ന് മാത്രമല്ല ഭൂമി നഷ്ടപ്പെടുന്ന വിഭാഗത്തെക്കൂടി സൃഷ്ടിച്ചു. രാജ്യത്തൊട്ടാകെ എട്ട് ദശലക്ഷം പേര്‍ക്കാണ് കൃഷിഭൂമി നഷ്ടമായത്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ആദ്യ മൂന്നുദശാബ്ദം വ്യവസായവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചു. പിന്നീട് സര്‍ക്കാര്‍ പിന്നോക്കംപോയി. മുമ്പ് 10 ശതമാനം വ്യവസായവല്‍ക്കരണം നടന്നപ്പോള്‍ മൂന്നുശതമാനം തൊഴിലവസരങ്ങളുണ്ടായി. ഇപ്പോള്‍ അത് പൂജ്യം ശതമാനത്തിലാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് തുടക്കമിട്ട ശേഷവും ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. ഇത് സംബന്ധിച്ച സ്ഥിതി വിവരകണക്കുകള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ഒരാഴ്ച മുമ്പ് പിന്‍വലിക്കുകയുംചെയ്തു. ഇന്ത്യന്‍ പൗരന്‍ പ്രതിവര്‍ഷം ശരാശരി 174 കി. ഗ്രാം ഭക്ഷ്യധാന്യം ഉപയോഗിക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അത് 196 കി. ഗ്രാമാണെന്ന് യുഎന്‍ സംഘടന പറയുന്നു. നേപ്പാളിലും ഭൂട്ടാനിലും അത് 182 കി. ഗ്രാം ആണ്. അമേരിക്കയാണ് മുന്നില്‍ 889.5 കി. ഗ്രാം. ഇങ്ങനെ തൊഴിലില്ലായ്മ, ഭക്ഷ്യധാന്യ ലഭ്യതയില്ലായ്മ തുടങ്ങിയ അനുബന്ധ കാരണങ്ങള്‍കൊണ്ടും കാര്‍ഷികമേഖല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സ്വാഭാവികമായും കര്‍ഷകര്‍ നിഷ്ക്രിയരായി. ആ സാഹചര്യങ്ങള്‍ക്കെതിരെ പോരാടാനുള്ള ചരിത്രപരമായ ദൗത്യമാണ് കര്‍ഷകപ്രസ്ഥാനം ഏറ്റെടുക്കേണ്ടത് - ഉത്സ പറഞ്ഞു.

കൃഷിഭൂമിയില്‍നിന്ന് കര്‍ഷകരെ ആട്ടിയിറക്കുന്നു: വരദരാജന്‍

കാര്‍ഷികോല്‍പ്പാദനം കൂട്ടാനെന്നപേരില്‍ ദരിദ്ര- ചെറുകിട കര്‍ഷകരില്‍നിന്ന് കൃഷിഭൂമി പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്കു കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭയുടെ 75-ാം രൂപീകരണ വാര്‍ഷികത്തോടനുബന്ധിച്ച് എ കെ ജി ഹാളില്‍ ചേര്‍ന്ന ദേശീയകാര്‍ഷിക സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വരദരാജന്‍ .

തുണ്ട് ഭൂമിയില്‍ കൃഷിചെയ്യുന്നത് കാര്‍ഷികോല്‍പ്പാദനം കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. ഹരിതവിപ്ലവത്തെത്തുടര്‍ന്ന് രാജ്യത്തെ കാര്‍ഷികോല്‍പ്പാദനം മൂന്നിരട്ടിയായി. എന്നാല്‍ , കാര്‍ഷികമേഖലയില്‍ പട്ടിണി കൂടി. കാര്‍ഷികരംഗത്ത് സബ്സിഡി വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞദിവസം പുണെയില്‍ കൃഷിയിടങ്ങളിലേക്കുള്ള വെള്ളം പട്ടണത്തിലേക്ക് തിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച കര്‍ഷകരെയാണ് പൊലീസ് വെടിവച്ചത്. രാജ്യത്ത് കടക്കെണിയില്‍പ്പെട്ട 50 കര്‍ഷകര്‍ ദിവസേന ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. കൃഷിക്കുള്ള അധികച്ചെലവ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരതയില്ലായ്മ, പ്രാരംഭച്ചെലവിനുള്ള പണം കിട്ടായ്മ എന്നിവയാണ് ഈ മേഖല നേരിടുന്ന പ്രധാനപ്രശ്നമെന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച എം എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേക്കുറിച്ച് പഠിക്കാന്‍ പല കമ്മിറ്റികളെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റികളുടെ ശുപാര്‍ശ പഠിക്കാന്‍ വീണ്ടും കമ്മിറ്റി രൂപീകരിക്കുകയാണ്. അടിസ്ഥാനനയം മാറാതെ കര്‍ഷകര്‍ക്ക് രക്ഷയില്ല. കൃഷിയോടൊപ്പം കര്‍ഷകരെയും രക്ഷിക്കണം. ഇതിനു ശക്തമായ സമരം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ , ഭരണനേതൃത്വം അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിവരെ അഴിമതിയുടെ നിഴലിലാണ്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെയും സിഎജി അഴിമതി ആരോപിച്ചു. കേരളത്തിലാകട്ടെ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഒരു വകുപ്പ് ഒഴിഞ്ഞു. വിവിധ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരാണ് മന്ത്രിസഭയില്‍ കൂടുതലെന്നും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ എം വിജയകുമാര്‍ അധ്യക്ഷനായി.

കേരളം ഭൂപരിഷ്കരണത്തിന്റെ സൃഷ്ടി: ഇ പി ജയരാജന്‍

ആധുനികകേരളത്തെ സൃഷ്ടിച്ചത് ഭൂപരിഷ്കരണമാണെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ കാര്‍ഷികസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിച്ചഭൂമിയില്‍ നിന്നൊഴിവാക്കപ്പെട്ട തോട്ടംവ്യവസായത്തെ ഭൂമാഫിയയുടെ ലാഭക്കച്ചവടത്തിന് ഉപാധിയാക്കുന്നതിനെ കര്‍ഷകസംഘം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകപ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ്. 36ല്‍ അഖിലേന്ത്യാ കിസാന്‍സഭ രൂപീകരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിശ്വസ്തരായ രാജഭരണത്തിന്‍ കീഴിലായിരുന്ന തിരു-കൊച്ചിയില്‍നിന്ന് വ്യത്യസ്തമായിരുന്നു ജന്മി-നാടുവാഴിത്തം കൊടികുത്തി വാണ മലബാറിന്റെ സ്ഥിതി. ജന്മിമാര്‍ നമ്പൂതിരിമാരും കര്‍ഷകര്‍ മുസ്ലിങ്ങളുമായിരുന്നു. അക്കാലത്ത് നടന്ന ഏറനാടന്‍ കലാപമാണ് മാപ്പിളലഹളയായി ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയത്. അത് കര്‍ഷക കലാപമായി പരിണമിച്ചിരുന്നെങ്കില്‍ ഇന്നത്തെ മലപ്പുറം ജില്ലയുടെ ചിത്രംതന്നെ മാറിയേനെ. എന്നാല്‍ , ബുദ്ധിരാക്ഷസന്മാരായ സായ്പന്മാര്‍ അത് ഹിന്ദു-മുസ്ലിം കലാപമാക്കി മാറ്റി. കേരളത്തിന്റെ കാര്‍ഷികചരിത്രം പഠിക്കുന്നവര്‍ക്ക് ഇതൊന്നും മറക്കാനാകില്ല.

തിരു-കൊച്ചിയില്‍ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ പിന്മുറക്കാരായത് കമ്യൂണിസ്റ്റുകാരാണ്. ഇവിടെ നടന്ന പ്രക്ഷോഭങ്ങളിലും ഈ പിന്തുടര്‍ച്ച ദൃശ്യമാണ്. ജനാധിപത്യകേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ വരുത്തിയ ഭൂപരിഷ്കാരനടപടികള്‍ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റി. ഈ ചരിത്രബോധം പുതിയ തലമുറയ്ക്കില്ല. അതവരുടെ പട്ടിണി മാറ്റി. ആ വീടുകളില്‍ കുട്ടികള്‍ പഠിച്ചുയര്‍ന്നു. വിദേശത്തേക്കും കുടിയേറി. നാട്ടില്‍ വരുമാനം വര്‍ധിച്ചു. ജീവിതശൈലി മാറി. ഇതൊന്നും സ്വമേധയാ ഉണ്ടായതല്ലെന്നും കര്‍ഷക-തൊഴിലാളി സമരത്തിന്റെ സൃഷ്ടിയാണെന്നും അടുത്ത തലമുറയെ പഠിപ്പിക്കണം. മാത്രമല്ല നഗരത്തില്‍ തുണ്ട് ഭൂമിയില്‍ കഴിയുന്നവര്‍ക്കും കാര്‍ഷിക സ്വയംപര്യാപ്തതയില്‍ പങ്ക് ചേരാമെന്ന വസ്തുതയും സംഘം പഠിപ്പിക്കേണ്ടതുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

deshabhimani 110811

1 comment:

  1. കാര്‍ഷികപ്രതിസന്ധി നിഷ്ക്രിയരാക്കിയ ഇന്ത്യന്‍ കര്‍ഷകര്‍ ആ അവസ്ഥ വിട്ട് പോരാട്ടത്തിന്റെ പാത തെരഞ്ഞെടുക്കുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധ ഉത്സ പട്നായ്ക് പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള കര്‍ഷകസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എകെജി ഹാളില്‍ സംഘടിപ്പിച്ച ദേശീയ കാര്‍ഷിക സെമിനാറില്‍ "രണ്ട് ദശകക്കാലത്തെ ഉദാരവല്‍ക്കരണവും ഭൂമിക്കു വേണ്ടി തീവ്രമാകുന്ന പോരാട്ടങ്ങളും" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍ .

    ReplyDelete