Tuesday, August 9, 2011

മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ അന്വേഷണത്തില്‍ അര്‍ഥമില്ല

പാമൊലിന്‍ ഇറക്കുമതി നടത്തിയ കാലത്തെ ധനമന്ത്രി എന്ന നിലയില്‍ , പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്താണ് വിജിലന്‍സ് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ രണ്ടാംപ്രതിയായ മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ കേസില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന വിടുതല്‍ ഹര്‍ജി നല്‍കിയതോടെയാണ് പാമൊലിന്‍ കേസില്‍ വഴിത്തിരിവുണ്ടായത്.

1991ല്‍ കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് നടത്തിയ പാമൊലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായതായി 1993ല്‍ സിഎജി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് അഴിമതിയുടെ കഥ പുറത്തുവന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച നിയമസഭാസമിതി ഗുരുതരമായ ക്രമക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായതായി കണ്ടെത്തുകയും എം എം ഹസ്സന്‍ ചെയര്‍മാനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് 1996 മാര്‍ച്ച് 19ന് നിയമസഭയില്‍ സമര്‍പ്പിക്കുകയുംചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1997 മാര്‍ച്ച് 21ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തെത്തുടര്‍ന്ന് കെ കരുണാകരന്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒന്നാംപ്രതിയായ കരുണാകരന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ച തടസ്സവാദങ്ങളെ തുടര്‍ന്ന് അന്വേഷണം നീണ്ടുപോകുകയും കരുണാകരന്‍ മരിക്കുന്നതുവരെ കേസ് വിചാരണചെയ്യുന്നതിനുള്ള സുപ്രീംകോടതിയുടെ സ്റ്റേ നിലനില്‍ക്കുകയുംചെയ്തു. കരുണാകരന്റെ മരണശേഷം കേസ് വിചാരണയ്ക്ക് എടുത്തപ്പോഴാണ് ടി എച്ച് മുസ്തഫയുടെയും മറ്റും ഒഴിവാക്കല്‍ ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ തന്നെ മാത്രം ഉള്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത മുസ്തഫ, ഉമ്മന്‍ചാണ്ടിയെപ്പോലെ തന്നെയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുന്നതിനായി തുടരന്വേഷണത്തിന് അനുമതി ചോദിച്ചത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് കോടതി ഉത്തരവായതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് തുടരന്വേഷണ നടപടികള്‍ സ്വീകരിച്ചത്. തുടരന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് നടന്നു. 2011 മെയ് 13ന് തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വൈകിട്ട് നിലവിലുള്ള എട്ട് പ്രതികള്‍ക്കുപുറമെ മറ്റാരെയും ഉള്‍പ്പെടുത്തേണ്ടതില്ല എന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടുകൂടി വിജിലന്‍സ് എസ്പി കോടതിയില്‍ സമര്‍പ്പിച്ചു. പുതുതായി അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രീതിക്കുവേണ്ടിയായിരുന്നു ഇത്തരമൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സമര്‍പ്പിച്ചത്. വിജിലന്‍സ് എഡിജിപിയായ ഡെസ്മണ്ട് നെറ്റോയ്ക്ക് ഡയറക്ടര്‍ സ്ഥാനം ഉറപ്പിക്കാനും ഐപിഎസ് സെലക്ഷന്‍ ലിസ്റ്റില്‍പ്പെട്ട എസ്പിക്ക് ഐപിഎസ് സ്ഥാനം ഉറപ്പിക്കാനും ആയിരുന്നു ധൃതിപിടിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തിനു വിരുദ്ധമായാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2011 ഫെബ്രുവരി 26നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തുടരന്വേഷണത്തിനുവേണ്ടി കോടതിയോട് അനുമതി ചോദിച്ചത്. 2011 മാര്‍ച്ച് 5ന് വിജിലന്‍സ് എസ്പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആവശ്യത്തെ അനുകൂലിച്ചുകൊണ്ട് അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കി. അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച് എല്ലാ വിവരവും അറിയാമായിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്ന് എസ്പി കോടതിയില്‍ പറഞ്ഞു. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ചുള്ള ഫയല്‍ ഒന്നരമാസം ഉമ്മന്‍ചാണ്ടിയുടെ കൈവശമായിരുന്നെന്നും 15 ശതമാനം സര്‍വീസ് ചാര്‍ജ് ഇളവുചെയ്തുകൊടുത്തത് ധനമന്ത്രിയുടെ അനുമതിയോടെയാണെന്നും ധനവകുപ്പിന്റെ അനുമതിയില്ലാതെ ധനമന്ത്രി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത് എന്നും ഇത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും 2011 മാര്‍ച്ച് 5ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച പരിശോധനകളൊന്നും നടത്താതെ 2011 മെയ് 13ന് ഉമ്മന്‍ചാണ്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന നിഗമനത്തിലെത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെയാണ് വിജിലന്‍സ് പ്രത്യേക കോടതി തള്ളിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വ്യക്തമായ ഉത്തരവോടുകൂടി കോടതി വിധി പ്രസ്താവിച്ചിട്ടുള്ളത്. കേസ് ഡയറി ആകെ പരിശോധിച്ച കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത് ഈ കേസില്‍ പ്രഥമദൃഷ്ട്യാ ഉള്‍പ്പെടേണ്ട ആളാണ് അന്നത്തെ ധനമന്ത്രി എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനുള്ള കാരണങ്ങളാണ് വിജിലന്‍സ് ഇനി കോടതിയില്‍ സമര്‍പ്പിക്കേണ്ടിവരിക.
അജന്‍ഡയില്‍ ഇല്ലാത്ത ഇനമായ പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച തീരുമാനം മന്ത്രിസഭയില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി എടുത്ത് ചര്‍ച്ചചെയ്യാന്‍ ഭഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ നല്‍കിയ കുറിപ്പ് ധനമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ട് അദ്ദേഹത്തിന്റെ അനുമതിയോടുകൂടി ക്യാബിനറ്റില്‍ സമര്‍പ്പിച്ചശേഷമാണ് മന്ത്രിസഭാതീരുമാനമുണ്ടാകുന്നത്. ഇതില്‍ പങ്കു വഹിച്ച ടി എച്ച് മുസ്തഫയും കെ കരുണാകരനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ മാത്രം എങ്ങനെ ഒഴിവാക്കും എന്ന ചോദ്യത്തിനാണ് കോടതിയില്‍ ഉത്തരം നല്‍കേണ്ടത്.

ഈ കേസില്‍ ഏതെല്ലാം തരത്തില്‍ അന്വേഷണം നടത്തിയാലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടേണ്ട ആളാണ് താനെന്ന് മറ്റാരെക്കാളും ബോധ്യം ഉമ്മന്‍ചാണ്ടിക്കുള്ളതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായ 2005ല്‍ ഈ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നില്ല. കേസില്‍ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ചോദിച്ച നായനാര്‍ മന്ത്രിസഭയുടെ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ആ തീരുമാനം വി എസ് മന്ത്രിസഭ റദ്ദാക്കി. എന്നാല്‍ , അതും റദ്ദാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. കേസ് വിചാരണ നടക്കുമ്പോള്‍ തന്റെകൂടി പങ്ക് പുറത്തുവരുമെന്ന ബോധ്യമുണ്ടായതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഇത്തരമൊരു സമീപനം സ്വീകരിച്ചത്.

ഇപ്പോള്‍ വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് അസാധാരണമാണ്. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കൂടി ഉത്തരവാദിത്തത്തിലാണ് പാമൊലിന്‍ ഇറക്കുമതി നടന്നത് എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. നിരപരാധിയാണെങ്കില്‍ അത് കോടതിയില്‍ തെളിയിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ചാണ്ടിയുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ ആ വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ നിഷ്പക്ഷ അന്വേഷണം സാധ്യമാകില്ല. മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്തുന്ന റിപ്പോര്‍ട്ട് നല്‍കിയ അതേ വിജിലന്‍സ് ഡയറക്ടറുടെ കീഴില്‍ നടക്കുന്ന അന്വേഷണം പ്രഹസനമായിരിക്കും. മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് അന്വേഷണത്തെ നേരിടുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തനി പരിഹാസ്യമാണ്. വിജിലന്‍സ് വകുപ്പിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിതന്നെ തന്റെ പേരിലുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചാല്‍ ആ അന്വേഷണത്തിന്റെ സ്ഥിതി എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വിജിലന്‍സ് വകുപ്പിലേക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് ആഭ്യന്തരവകുപ്പാണ്. പൊലീസ് വകുപ്പില്‍ ഉള്ളവര്‍ തന്നെയാണ് വിജിലന്‍സിലും പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തരമന്ത്രിയെന്നുള്ള നിലയില്‍ അദ്ദേഹത്തിന് വിജിലന്‍സ് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയും സ്വാധീനിക്കാനാകും. മുഖ്യമന്ത്രിയെന്നുള്ള നിലയില്‍ ഏത് വകുപ്പിലും ഏത് ഉദ്യോഗസ്ഥനെയും സ്വാധീനിക്കാന്‍ കഴിയും. പൊതുഭരണവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലാണ് എല്ലാ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരും. ഈ നിലയില്‍ ഐഎഎസുകാരനായ ആഭ്യന്തര-വിജിലന്‍സ് സെക്രട്ടറിയും ഐപിഎസുകാരനായ വിജിലന്‍സ് ഡയറക്ടറും മുഖ്യമന്ത്രിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് വിജിലന്‍സ് അന്വേഷണത്തെ നേരിടുമെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം കേസന്വേഷണത്തെ അട്ടിമറിച്ച് തനിക്ക് അനുകൂലമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ്.

എല്‍ഡിഎഫ് ഭരണകാലത്ത് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ നിയമപരമായും ധാര്‍മികമായും നേരിടുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി അന്വേഷണത്തില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടായാല്‍ നിരപരാധിത്വം തെളിയിക്കുന്നതുവരെ എല്ലാ സ്ഥാനത്തുനിന്നും ഒഴിഞ്ഞുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പ്രഥമദൃഷ്ട്യാ പുറത്തുവന്നശേഷവും അധികാരത്തില്‍ തുടരാനുള്ള തീരുമാനം അദ്ദേഹം ഇതിനുമുമ്പ് എടുത്ത നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട് അന്വേഷണത്തെ നേരിടാനുള്ള സത്യസന്ധതയാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കേണ്ടത്. തന്റെ മന്ത്രിസഭയില്‍ അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന നാല് മന്ത്രിമാരെ ഉള്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി അവസരവാദരാഷ്ട്രീയം സ്വീകരിക്കുന്നതില്‍ മന്ത്രിസഭാരൂപീകരണഘട്ടത്തില്‍ത്തന്നെ കഴിവു തെളിയിച്ചതാണ്. ആ ഘട്ടത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച ദീര്‍ഘവീക്ഷണം എന്തിനുവേണ്ടിയായിരുന്നെന്ന് ഇപ്പോഴെടുത്ത നിലപാടോടുകൂടി വ്യക്തമായിരിക്കുന്നു. വിവിധ കേസുകളില്‍ വിചാരണ നേരിടുന്ന സഹമന്ത്രിമാരാണ് ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിനുചുറ്റും കൂടിയിരിക്കുന്നത്. എന്നാല്‍ , പ്രബുദ്ധകേരളം ഇത് അംഗീകരിക്കുകയില്ല.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 090811

1 comment:

  1. പാമൊലിന്‍ ഇറക്കുമതി നടത്തിയ കാലത്തെ ധനമന്ത്രി എന്ന നിലയില്‍ , പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്താണ് വിജിലന്‍സ് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ രണ്ടാംപ്രതിയായ മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ കേസില്‍നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന വിടുതല്‍ ഹര്‍ജി നല്‍കിയതോടെയാണ് പാമൊലിന്‍ കേസില്‍ വഴിത്തിരിവുണ്ടായത്.

    ReplyDelete