Monday, August 8, 2011

ബംഗാള്‍ ഫണ്ട് ശേഖരണത്തിന് ആവേശകരമായ തുടക്കം

തൃണമൂല്‍ - മാവോയിസ്റ്റ് ഭീകരതയെ പ്രതിരോധിക്കുന്ന പശ്ചിമബംഗാള്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാവോയിസ്റ്റുകളുടെയും കോണ്‍ഗ്രസിന്റെയും മൃഗീയ കടന്നാക്രമണത്തിന് വിധേയരാകുന്ന ഇടതുപക്ഷപ്രവര്‍ത്തകരെ സഹായിക്കുന്നതിന് സിപിഐ എം നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് നാടെങ്ങും ആവേശകരമായ പ്രതികരണം. തിങ്കളാഴ്ചയും ഫണ്ട് ശേഖരണം തുടരും. പാര്‍ടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത സഹായനിധി രൂപീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്താകെ സിപിഎ എം പ്രവര്‍ത്തകര്‍ ആയിരക്കണക്കിന് വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമെത്തി ഫണ്ട് സമാഹരിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ , ജില്ലാ സെക്രട്ടറിമാര്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി.

ബംഗാളില്‍ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷംമാത്രം 30 പ്രവര്‍ത്തകരെയാണ് തൃണമൂല്‍കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിനു ശേഷം കൊല്ലപ്പെട്ട ഇടതുമുന്നണിപ്രവര്‍ത്തകരുടെ എണ്ണം നാനൂറോളമാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുകയും വീട് നഷ്ടപ്പെടുകയും ജീവിക്കാന്‍ മറ്റ് ഉപാധികള്‍ ഇല്ലാതാകുകയും ചെയ്തവരെ പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് ശേഖരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ രാജാജി നഗര്‍ കോളനിയില്‍ ഫണ്ട് ശേഖരണത്തിന് പിണറായി വിജയന്‍ നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍ , പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരും ജില്ലയില്‍ ഫണ്ട് ശേഖരണത്തില്‍ പങ്കാളികളായി.

എറണാകുളം ജില്ലയിലെ 2,500ലധികം ബ്രാഞ്ചുകളില്‍ ഹുണ്ടികപിരിവ് നടന്നു. ഇടപ്പള്ളി പോണേക്കര ഈസ്റ്റില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും കാലടി അയ്യമ്പുഴ ജങ്ങ്ഷനില്‍ എം എം ലോറന്‍സും മൂവാറ്റുപുഴയില്‍ ഗോപി കോട്ടമുറിക്കലും പറവൂര്‍ ടൗണില്‍ പി രാജീവ് എംപിയും കളമശേരിയില്‍ കെ ചന്ദ്രന്‍പിള്ളയും ആലുവ കടുങ്ങല്ലൂരില്‍ സിപിഐ എം സംസ്ഥാന സമിതിയംഗം സരോജിനി ബാലാനന്ദനും മുനമ്പത്ത് എസ് ശര്‍മയും നേതൃത്വം നല്‍കി. ഫണ്ടിന് ആലപ്പുഴ ജില്ലയില്‍ ആവേശകരമായ തുടക്കം. സംസ്ഥാന-ജില്ലാ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ 2500 ബ്രാഞ്ചുകളില്‍ നൂറുകണക്കിന് സ്ക്വാഡുകള്‍ ഫണ്ട് ശേഖരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ ചന്ദ്രാനന്ദന്‍ അമ്പലപ്പുഴ സൗത്ത് ബ്രാഞ്ചിലും ജി സുധാകരന്‍ എംഎല്‍എ പുന്നപ്ര വടക്ക് ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ തൂക്കുകുളം ബ്രാഞ്ചിലും ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു അരൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ പള്ളിയറക്കാവ് ബ്രാഞ്ചിലും അഡ്വ. സി എസ് സുജാത മാവേലിക്കരയിലും സി കെ സദാശിവന്‍ എംഎല്‍എ കായംകുളത്തും നേതൃത്വം നല്‍കി.

ബംഗാളില്‍ ഇടതുപക്ഷം നേരിടുന്നത് വിവരണാതീതമായ ആക്രമണം

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ , കോണ്‍ഗ്രസ്, മാവോയിസ്റ്റ് ആക്രമണത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ രാജാജി നഗര്‍ കോളനിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ബംഗാള്‍ ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ വിവരണാതീതമായ ആക്രമണമാണ് ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും കുടുംബാംഗങ്ങളും നേരിടുന്നത്. ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി. പതിനായിരങ്ങള്‍ തല ചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. ഇവരുടെയെല്ലാം വീടുകള്‍ തകര്‍ക്കപ്പെട്ടു. നിരവധി പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്. പലരും അത്യാസന്നനിലയില്‍ മരണത്തോട് മല്ലിടുന്നു. തെരഞ്ഞെടുപ്പിനുശേഷംമാത്രം 30 പേര്‍ കൊല്ലപ്പെട്ടു. തൊഴിലാളികള്‍ക്ക് തൊഴിലവസരം നിഷേധിക്കപ്പെടുന്നു. ജനങ്ങള്‍ക്ക് തങ്ങളുടെ രാഷ്ട്രീയവിശ്വാസം നിലനിര്‍ത്തി സ്വദേശങ്ങളില്‍ ജീവിക്കാനാകാതെ പലായനം ചെയ്യേണ്ടിവരുന്നു. എത്രമാത്രം ജനവിരുദ്ധമായ ഭരണകൂടമാണ് പശ്ചിമബംഗാളില്‍ ഉള്ളതെന്നതിന് ഉത്തമദൃഷ്ടാന്തമാണ് ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങള്‍ . പതിനായിരങ്ങള്‍ക്ക് പുനരധിവാസത്തിന് സഹായം ആവശ്യമാണ്. സിപിഐ എം നേതാക്കള്‍ മാത്രമല്ല, വര്‍ഗബഹുജന സംഘടനാപ്രവര്‍ത്തകരും അനുഭാവികളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അനേകം പേര്‍ക്ക് ചികിത്സാസഹായം അടക്കം വേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന ഫണ്ട് ശേഖരണത്തില്‍ എല്ലാ വിഭാഗവും സഹകരിക്കണമെന്ന് പിണറായി അഭ്യര്‍ഥിച്ചു.

deshabhimani 080811

3 comments:

  1. തൃണമൂല്‍ - മാവോയിസ്റ്റ് ഭീകരതയെ പ്രതിരോധിക്കുന്ന പശ്ചിമബംഗാള്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാവോയിസ്റ്റുകളുടെയും കോണ്‍ഗ്രസിന്റെയും മൃഗീയ കടന്നാക്രമണത്തിന് വിധേയരാകുന്ന ഇടതുപക്ഷപ്രവര്‍ത്തകരെ സഹായിക്കുന്നതിന് സിപിഐ എം നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് നാടെങ്ങും ആവേശകരമായ പ്രതികരണം. തിങ്കളാഴ്ചയും ഫണ്ട് ശേഖരണം തുടരും. പാര്‍ടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത സഹായനിധി രൂപീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്താകെ സിപിഎ എം പ്രവര്‍ത്തകര്‍ ആയിരക്കണക്കിന് വീടുകളിലും കടകളിലും സ്ഥാപനങ്ങളിലുമെത്തി ഫണ്ട് സമാഹരിച്ചു.

    ReplyDelete
  2. അര്‍ബുദബാധയെതുടര്‍ന്ന് കിടപ്പിലാണ് അറുപത്തഞ്ചുകാരിയായ ദേവി. തലസ്ഥാന നഗരമധ്യത്തിലെ പ്രസിദ്ധമായ രാജാജി നഗര്‍ കോളനിയിലെ അന്തേവാസികളില്‍ ഒരാള്‍ . ഞായറാഴ്ചയുടെ പകലില്‍ എല്ലാവര്‍ക്കുമൊപ്പം ദേവിയും കാത്തുനിന്നു, സിപിഐ എം പ്രവര്‍ത്തകര്‍ എത്താനായി. സമീപത്തെ ഓമനയുടെ തട്ടുകടയ്ക്കരികിലേക്ക് മാറിനില്‍ക്കുകയായിരുന്ന ദേവിയുടെ മുന്നിലേക്കെത്തിയ ഹുണ്ടികയില്‍ ഏതാനും നോട്ടുകളും നാണയത്തുട്ടുകളും ഇട്ടു. മക്കളും മറ്റും നല്‍കുന്നതില്‍നിന്ന് മിച്ചംപിടിച്ച തുകയാണ് ദേവി ബംഗാളിലെ കഷ്ടത അനുഭവിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കായി മാറ്റിവച്ചത്. ഓമനയുടെ തട്ടുകടയില്‍ ആര്‍ക്കും ഒന്നര രൂപയ്ക്ക് ദോശ ലഭിക്കും. ഇതില്‍നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തിന്റെ പങ്കാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഓമന കൈമാറിയത്. കൂലിപ്പണിക്കാരിയായ 60 വയസ്സുള്ള തങ്കമ്മ, ചെണ്ട കലാകാരനായ മുപ്പതുകാരന്‍ സതീഷ്കുമാര്‍ , ഓട്ടോറിക്ഷാ തൊഴിലാളി നാല്‍പ്പതുകാരനായ വിശ്വംഭരന്‍ , കൂലിപ്പണിക്കാരിയായ ജഗദമ്മ ഇങ്ങനെ സഹായഹസ്തം നീട്ടിയവരുടെ എണ്ണം നീളുന്നു. ഇവരെല്ലാം പിണറായി വിജയന്റെ നേതൃത്വത്തില്‍ സഹായനിധി ശേഖരിക്കാന്‍ എത്തുന്നതറിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്നു. കോളനിയിലെ വീടുകളില്‍നിന്നെല്ലാം പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഭാവന സ്വീകരിച്ചു. തലസ്ഥാന നഗരത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന കോളനികളിലൊന്നാണ് മുമ്പ് ചെങ്കല്‍ച്ചൂള എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജാജി നഗര്‍ കോളനി. ഇവിടെ ഇപ്പോള്‍ 870ല്‍പ്പരം കുടുംബം താമസിക്കുന്നു. ബഹുഭൂരിപക്ഷവും പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവര്‍ . കൂലിപ്പണിയും ഓട്ടോറിക്ഷാ സര്‍വീസുമൊക്കെ ഉപജീവനമാക്കിയവര്‍ . ഡ്രെയ്നേജ് ജോലികള്‍ക്ക് പോകുന്നവരടക്കം കോളനിവാസികളാണ്. ഇവരുടെ ആവലാതികള്‍ക്കും പിണറായി വിജയന്‍ കാതോര്‍ത്തു.

    ReplyDelete
  3. പാവം ബംഗാളിന് ഈ ഗതി വന്നല്ലോ , നെഞ്ച് പൊറുക്കുന്നില്ലല്ലോ എന്റീശ്വരാ .... സംഭാവന കൂമ്പാരമാവട്ടെ, ബംഗാള്‍ ജനതയുടെ കണ്ണീരൊപ്പാന്‍ കേരളം മുന്നോട്ട് ..

    ReplyDelete