Friday, August 12, 2011

ധനവിനിയോഗ ബില്‍ വോട്ടെടുപ്പ്‌: വിവാദം മാധ്യമ ദൃഷ്‌ടിയില്‍

ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്ലിന്റെ നടപടി ക്രമങ്ങളെക്കുറിച്ച്‌ പ്രതിപക്ഷം സ്‌പീക്കര്‍ക്ക്‌ പരാതി രേഖാമൂലം ജൂലൈ 20 ന്‌ തന്നെ സമര്‍പ്പിച്ചു. സ്‌പീക്കറുടെ നടപടികള്‍ ഗവര്‍ണര്‍ ഇടപെട്ട്‌ പരിശോധിക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ക്കും പരാതി നല്‍കുകയുണ്ടായി. രണ്ട്‌ കേന്ദ്രങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായില്ല. 20 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‌ സഭയിലെ വീഡിയോ ക്ലിപ്പിംഗ്‌ പരിശോധിക്കാന്‍ സന്നധത പ്രകടിപ്പിച്ചുകൊണ്ട്‌ കത്ത്‌ നല്‍കി. സഭയുടെ നടപടിക്രമങ്ങള്‍ തെറ്റോ ശരിയോയെന്ന്‌ വിധിയെഴുതാന്‍ മുഖ്യമന്ത്രിക്ക്‌ അവകാശമില്ലെന്ന്‌ പ്രതിപക്ഷം മറുപടി നല്‍കി. തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രതിപക്ഷ കക്ഷിനേതാക്കന്മാര്‍ക്ക്‌ വീഡിയോ ക്ലിപ്പിംഗ്‌ കാണാനുള്ള ക്ഷണകത്ത്‌ നല്‍കി സഭയുടെ നടപടി ക്രമങ്ങളില്‍ വന്ന വീഴ്‌ചകള്‍ പരിശോധിക്കേണ്ടത്‌ തര്‍ക്ക കക്ഷികളായ സ്‌പീക്കറും പ്രതിപക്ഷ കക്ഷികളും അല്ല. ഗവര്‍ണര്‍ക്ക്‌ സഭാനടപടികളുടെ ക്ലിപ്പിംഗ്‌ വരുത്തി പരിശോധിക്കാവുന്നതാണ്‌. ഇതിനുള്ള നടപടി സ്വീകരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതിപക്ഷ കക്ഷികള്‍ സ്‌പീക്കറുടെ വീഡിയോ ക്ലിപ്പിംഗ്‌ കാണാനുളള ക്ഷണം വിനയപൂര്‍വം നിരസിച്ചത്‌. ഓഗസ്റ്റ്‌ 10-ാം തീയതി നടന്ന പരിശോധനയില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട്‌ ശരിയാണെന്ന്‌ തെളിയുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച്‌ ദൃക്‌സാക്ഷികളായിരുന്ന ദിനപത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്‌.

`കേരള കൗമുദി'

``അതേസമയം ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ അംഗങ്ങളെ സഭയില്‍ എത്തിക്കുന്നതിനുള്ള സാവകാശം ലഭിക്കാന്‍ ഭരണപക്ഷം സഭാനടപടി അനാവശ്യമായി നീട്ടിക്കൊണ്ട്‌ പോകുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്‌ വീഡിയോ ചിത്രങ്ങള്‍ അടിവരയിടുന്നുണ്ട്‌.

പരിശോധനയ്‌ക്കിടെ രണ്ടുവട്ടം എണ്ണിയാണ്‌ നിയമസഭാ സെക്രട്ടറി 69 എന്ന സംഖ്യ കൃത്യമാണെന്ന്‌ തെളിയിച്ചതെങ്കിലും മൂന്നാം വായന കഴിഞ്ഞയുടന്‍ വോട്ടെടുപ്പിലേയ്‌ക്ക്‌ കടന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ വീഴുമായിരുന്നെന്ന കാര്യം വ്യക്തമാണ്‌. ഇക്കാര്യം മണത്തറിഞ്ഞ ഭരണപക്ഷയംഗങ്ങള്‍ ധനമന്ത്രി മാണിക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നത്‌ ദൃശ്യങ്ങളില്‍ കാണാം.
മൂന്നാം വായനയ്‌ക്ക്‌ ശേഷം മാണി സംസാരിക്കുമ്പോള്‍ സി എഫ്‌ തോമസ്‌ പിന്നിലൂടെയെത്തി അദ്ദേഹത്തിന്റെ കാതില്‍ എന്തോ പറയുന്നുണ്ട്‌. ഇതിനിടെ ധവളപത്രത്തെകുറിച്ച്‌ സംസാരിക്കുന്ന മാണിയോട്‌ പരമാവധി `പ്രകോപിപ്പി'ക്ക്‌യെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി ഉച്ചത്തില്‍ പറയുന്നത്‌ വ്യക്തമായി കേള്‍ക്കാം''.

`മലയാള മനോരമ'

``അതേസമയം മൂന്നാം വായനയ്‌ക്ക്‌ ശേഷം വോട്ടെടുപ്പ്‌ അല്‍പ്പം നീട്ടിക്കൊണ്ട്‌ പോയതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി കെ എം മാണിയോട്‌ പ്രസംഗം നീട്ടാന്‍ സി എഫ്‌ തോമസ്‌ ആവശ്യപ്പെടുന്നതും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശിക്കുന്നതും ദൃശ്യങ്ങളിലും ശബ്‌ദങ്ങളിലും വ്യക്തമാണ്‌''

Indian Express

Mani play The UDF Government's survival during the division on the Appropriation Bill on July 20 was ensured by Finance Minister K.M. Mani who prolonged his speech to enable all the UDF members present to participate in the voting.

`മാതൃഭൂമി'

``ജൂലൈ 20 ഉച്ചയ്‌ക്ക്‌ 20.08 ന്‌ ധനമന്ത്രി കെ എം മാണിയെ ബില്ലുകളുടെ മൂന്നാം വായനയ്‌ക്കായി സ്‌പീക്കര്‍ ക്ഷണിക്കുന്നത്‌ മുതലുള്ള ദൃശ്യങ്ങളാണ്‌ പരിശോധനയ്‌ക്കായി പ്രദര്‍ശിപ്പിച്ചത്‌. ദൃശ്യങ്ങള്‍ ഇങ്ങനെ: മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷ ബഹളം തുടങ്ങുന്നു. തുടര്‍ന്ന്‌ പോള്‍ ആവശ്യം ഉയരുന്നു. അപ്പോള്‍ സമയം 2.12. ഭരണപക്ഷത്ത്‌ ആളില്ലെന്നും പോളിംഗ്‌ വേണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ മന്ത്രി കെ എം മാണി വീണ്ടും പ്രസംഗത്തിന്‌ എഴുന്നേറ്റു. അപ്പോള്‍ മാണിയോട്‌ പ്രസംഗം തുടരാന്‍ സി എഫ്‌ തോമസ്‌ സീറ്റിലെത്തി ആവശ്യപ്പെടുന്നു. `പ്രോവേക്‌ ചെയ്യൂ'' എന്ന്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതും കേള്‍ക്കാമായിരുന്നു''.

`മഗംളം'

``മാണിയുടെ പ്രസംഗത്തിനിടയില്‍ സി എഫ്‌ തോമസും പി കെ കുഞ്ഞാലിക്കുട്ടിയും പ്രസംഗം നീട്ടാനും പ്രതിപക്ഷത്തെ പ്രകോപിക്കാനും പറയുന്നത്‌ വീഡിയോ ദൃശ്യങ്ങളിലുണ്ട്‌. നിയമസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ്‌ ഭരണപക്ഷം നീട്ടിക്കൊണ്ട്‌ പോയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന്‌ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമാകുന്നു.

`സിറാജ്‌'

2.22 ന്‌ വോട്ടെടുപ്പ്‌ ആരംഭിച്ചു. 68 അംഗങ്ങള്‍ ഭരണപക്ഷത്ത്‌ നിന്ന്‌ വോട്ട്‌ ചെയ്‌തതായി ആദ്യം പ്രഖ്യാപിക്കുന്നു. പിന്നീട്‌ 67 അധികം രണ്ട്‌ എന്ന്‌ തിരുത്തുന്നു. ഇതിനിടെ വോട്ടെടുപ്പ്‌ രേഖപ്പെടുത്താന്‍ കഴിയുന്നില്ലായെന്ന്‌ പറഞ്ഞ്‌ ബഹളം ഉണ്ടാക്കിയവരെ സ്‌പീക്കര്‍ ശാസിക്കുന്നു. സ്‌പീക്കര്‍ വോട്ടെടുപ്പിന്‌ അനുമതി നല്‍കിയപ്പോള്‍ ഭരണപക്ഷത്ത്‌ 67 പേരാണ്‌ ഹാജരുണ്ടായിരുന്നത്‌.''

`തേജസ്‌'

``എന്നാല്‍ സഭയില്‍ വേണ്ടത്രയംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഭരണപക്ഷം വോട്ടെടുപ്പ്‌ മനപൂര്‍വം നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന്‌ ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. വോട്ടെടുപ്പ്‌ വേളയില്‍ ഭരണപക്ഷത്ത്‌ 68 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന്‌ ആദ്യ എണ്ണലില്‍ കണ്ടെത്തിയത്‌''.

ജനയുഗം, ദേശാഭിമാനി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അല്ല ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്‌. സഭ നടപടികളെ തൊടുന്യായങ്ങള്‍ പറഞ്ഞ്‌ നീട്ടിക്കൊണ്ടുപോകുകയും നിയമസഭാ ചട്ടപ്രകാരം 1.30 ന്‌ പാസാക്കേണ്ട ധനവിനിയോഗ ബില്‍ 2.22 നാണ്‌ പാസാക്കിയിരിക്കുന്നത്‌. ഈ വിധമുള്ള ചട്ടലംഘനങ്ങളും കൃത്രിമങ്ങളുമാണ്‌ ധനവിനിയോഗ ബില്‍ പാസാക്കുന്നതില്‍ സഭയിലുണ്ടായതെന്ന ആക്ഷേപമാണ്‌ പ്രതിപക്ഷം ഉന്നയിച്ചത്‌. ആ ആക്ഷേപങ്ങള്‍ ശരിയാണെന്ന്‌ ഓഗസ്റ്റ്‌ 11-ാം തീയതി പുറത്തിറങ്ങിയ എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

സി ദിവാകരന്‍ (ലേഖകന്‍ സി പി ഐ നിയമസഭാകക്ഷി നേതാവാണ്‌). janayugom 120811

1 comment:

  1. ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധനവിനിയോഗ ബില്ലിന്റെ നടപടി ക്രമങ്ങളെക്കുറിച്ച്‌ പ്രതിപക്ഷം സ്‌പീക്കര്‍ക്ക്‌ പരാതി രേഖാമൂലം ജൂലൈ 20 ന്‌ തന്നെ സമര്‍പ്പിച്ചു. സ്‌പീക്കറുടെ നടപടികള്‍ ഗവര്‍ണര്‍ ഇടപെട്ട്‌ പരിശോധിക്കണമെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ക്കും പരാതി നല്‍കുകയുണ്ടായി. രണ്ട്‌ കേന്ദ്രങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ ഉണ്ടായില്ല. 20 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‌ സഭയിലെ വീഡിയോ ക്ലിപ്പിംഗ്‌ പരിശോധിക്കാന്‍ സന്നധത പ്രകടിപ്പിച്ചുകൊണ്ട്‌ കത്ത്‌ നല്‍കി. സഭയുടെ നടപടിക്രമങ്ങള്‍ തെറ്റോ ശരിയോയെന്ന്‌ വിധിയെഴുതാന്‍ മുഖ്യമന്ത്രിക്ക്‌ അവകാശമില്ലെന്ന്‌ പ്രതിപക്ഷം മറുപടി നല്‍കി. തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രതിപക്ഷ കക്ഷിനേതാക്കന്മാര്‍ക്ക്‌ വീഡിയോ ക്ലിപ്പിംഗ്‌ കാണാനുള്ള ക്ഷണകത്ത്‌ നല്‍കി സഭയുടെ നടപടി ക്രമങ്ങളില്‍ വന്ന വീഴ്‌ചകള്‍ പരിശോധിക്കേണ്ടത്‌ തര്‍ക്ക കക്ഷികളായ സ്‌പീക്കറും പ്രതിപക്ഷ കക്ഷികളും അല്ല. ഗവര്‍ണര്‍ക്ക്‌ സഭാനടപടികളുടെ ക്ലിപ്പിംഗ്‌ വരുത്തി പരിശോധിക്കാവുന്നതാണ്‌. ഇതിനുള്ള നടപടി സ്വീകരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതിപക്ഷ കക്ഷികള്‍ സ്‌പീക്കറുടെ വീഡിയോ ക്ലിപ്പിംഗ്‌ കാണാനുളള ക്ഷണം വിനയപൂര്‍വം നിരസിച്ചത്‌. ഓഗസ്റ്റ്‌ 10-ാം തീയതി നടന്ന പരിശോധനയില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട്‌ ശരിയാണെന്ന്‌ തെളിയുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച്‌ ദൃക്‌സാക്ഷികളായിരുന്ന ദിനപത്രങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്‌.

    ReplyDelete