Thursday, August 4, 2011

പോസ്‌കോ: ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെടുന്നു

പരദിപ്: ഒറീസയിലെ നിര്‍ദിഷ്ട പോസ്‌കോ ഉരുക്കുവ്യവസായത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, പോസ്‌കോ ഇന്ത്യ, ഒറീസ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ചൊവ്വാഴ്ച നോട്ടീസ് നല്‍കി. പരിസ്ഥിതി മന്ത്രാലയം കമ്പനിക്ക് ഇക്കൊല്ലം ജനുവരി 31 ന് അനുമതി നല്‍കിയിരുന്നു. മന്ത്രാലയം 2007 ല്‍ തന്നെ 1200 കോടി ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്റ്റീല്‍ പ്ലാന്റിനും പാരാദീപിനു സമീപം സ്വകാര്യ തുറമുഖത്തിനും അനുമതി നല്‍കിയതാണ്. വ്യാപകമായ പ്രതിഷേധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പരിസ്ഥിതി വ്യവസ്ഥകള്‍ പിന്നീട് കര്‍ക്കശമാക്കി. നോട്ടീസ് ലഭിച്ചവര്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് സി വി രാമലു, വിദഗ്ധ അംഗം ദേവേന്ദ്രകുമാര്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ട്രൈബ്യൂണല്‍ ബഞ്ച് ഉത്തരവായി. ഭൂമി നഷ്ടമാകുന്ന പ്രഫുല്ല സാമന്ത്‌റേ, സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിരാഞ്ച് സാനന്ത്‌റേ എന്നിവരാണ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയത്.

വര്‍ഷങ്ങളായി പ്രക്ഷോഭങ്ങള്‍ക്കും സായുധ പൊലീസ് ഇടപെടലിനും അടിച്ചമര്‍ത്തലുകള്‍ക്കും വഴിവെച്ച പദ്ധതി ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.

കര്‍ഷകരും ആദിവാസികളുമടക്കം എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി നടത്തുന്ന കനത്ത ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ ഒറീസാ സര്‍ക്കാരിനായിട്ടില്ല. ജനകീയ ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കുന്ന പോസ്‌കോ പ്രതിരോധി സംഗ്രാം സമിതിയുടെ  അധ്യക്ഷന്‍ സി പി ഐ ഒറീസാ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അംഗം അഭയസാഹു, ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഒറീസാ സര്‍ക്കാരുമായി പോസ്‌കോ കമ്പനി ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നാലായിരത്തില്‍പരം ഏക്കര്‍ പ്ലാന്റ്, തുറമുഖം എന്നിവ സ്ഥാപിക്കാന്‍ ഏറ്റെടുത്തു കൈമാറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 2005 ജൂണ്‍ 11 ന് ഒപ്പുവെച്ച കരാര്‍ കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അത് പുതുക്കിയിരുന്നു.
സംസ്ഥാനത്തെ വെറ്റില കൃഷി സമ്പന്നമായ ജഗത്‌സിംഗ്പൂര്‍ ജില്ലയില്‍ സ്ഥാപിക്കേണ്ടിയിരുന്ന ഉരുക്ക് വ്യവസായ സ്ഥാപനം ഇപ്പോള്‍ കടലാസില്‍ മാത്രമാണ് ജീവിക്കുന്നത്. കമ്പനി ഒറീസയില്‍ നിന്ന് ഇതര സംസ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോസ്‌കോ. ഖനി കൊള്ളയുടെ  നാടായ കര്‍ണാടകക്കുവേണ്ടി ചരടുവലികള്‍ മുറുകിയിരുന്നു. നിലവിലുള്ള ധാരണാപത്രത്തിന്റെ കാലാവധി ജൂലൈ 31 ന് അവസാനിച്ചു. കമ്പനിക്ക് ഇരുമ്പയിര്‍ ഖനനം ചെയ്യാന്‍ വേണ്ടി കെള്ളോര്‍, സുന്ദര്‍ഗര്‍ ജില്ലകളില്‍ ആയിരക്കണക്കിനു ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് ധാരണാപത്രം ഉറപ്പുനല്‍കിയിരുന്നെങ്കിലും അവിടെയും ഭൂമി ഏറ്റെടുക്കാനായിട്ടില്ല.

പോസ്‌കോ: നിര്‍മാണം തടസപ്പെട്ടു

പരദിപ്: പോസ്‌കോ പദ്ധതിയായ മെഗാ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണം വീണ്ടും തടസപ്പെട്ടു. പദ്ധതിയ്‌ക്കെതിരെ പ്രക്ഷേഭം നടത്തുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല എന്നു ചൂണ്ടാക്കാണിച്ചാണ് പദ്ധതി തടസപ്പെടുത്തിയത്. ജഗത്സിംഗ്പൂര്‍ ജില്ലയില്‍ നടക്കുന്ന പോസ്‌കോ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ജനരോഷം രൂക്ഷമായിരിക്കുകയാണ് . സ്ത്രീകളടക്കമുള്ള വന്‍ ജനക്കൂട്ടമാണ് ഗഡാകുജംഗ് ജംഗ്ഷനു സമീപം നടന്ന ധര്‍ണയ്ക്കായെത്തിയത്. പദ്ധതിയിക്കായി നിലവില്‍ തങ്ങളുടെ 1.13 ലക്ഷം മരങ്ങള്‍ മുറിച്ചു കഴിഞ്ഞുവെന്നും ഇത്തരത്തില്‍ അനിശ്ചിതത്വത്തില്‍ തുടരുന്ന ഒരു പദ്ധതിയ്ക്കായി ഇനിയും തങ്ങളുടെ മരങ്ങള്‍ മുറിക്കാന്‍ സമ്മതിക്കുകയില്ലെന്ന് പദ്ധതിയ്‌ക്കെതിരെ രൂപീകരിച്ചിട്ടുള്ള യുണൈറ്റഡ്  ആക്ഷന്‍ കമ്മിറ്റി(യു എ സി) പ്രസിഡന്റ് ധരേന്ദ്രപിള്ളെ പറഞ്ഞു.

പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ തുടര്‍ന്ന് ഭൂമി നഷ്ടമായവര്‍ക്ക് ശരിയായ നഷ്ടപരിഹാരം നല്‍കുക. പരിസര പ്രദേശത്തുള്ളവര്‍ക്ക് ജോലിക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. 1300 യുവാക്കള്‍ക്ക് പ്രതിമാസം  6000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കത്തക്ക വിധമുള്ള ജോലി ഉറപ്പാക്കുന്ന കാര്‍ഡ് നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് യു എ സി ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഇക്കാര്യങ്ങള്‍ പൂര്‍ണമായും ഉറപ്പു നല്‍കാന്‍ സര്‍ക്കാറോ പോസ്‌കോയോ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളില്‍ എത്രയും പെട്ടന്ന് തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് യു എ സി വക്താക്കള്‍ അറിയിച്ചു. പോസ്‌കോ പദ്ധതിക്കെതിരായി രൂപീകരിച്ചിട്ടുള്ള ബിതാമതി സുരക്ഷ്യ മാന്ച് ( ബി എസ് എം) പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുത്തിരുന്നു. പോസ്‌കോ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് മറ്റൊരു സംഘടനയായ പോസ്‌കോ പ്രതിരോധ്, സങ്ക്രം സമിതിയും( പി പി എസ് എസ് ) പ്രതിഷേധ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ്.

janayugom 040811

1 comment:

  1. ഒറീസയിലെ നിര്‍ദിഷ്ട പോസ്‌കോ ഉരുക്കുവ്യവസായത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, പോസ്‌കോ ഇന്ത്യ, ഒറീസ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ചൊവ്വാഴ്ച നോട്ടീസ് നല്‍കി. പരിസ്ഥിതി മന്ത്രാലയം കമ്പനിക്ക് ഇക്കൊല്ലം ജനുവരി 31 ന് അനുമതി നല്‍കിയിരുന്നു. മന്ത്രാലയം 2007 ല്‍ തന്നെ 1200 കോടി ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്റ്റീല്‍ പ്ലാന്റിനും പാരാദീപിനു സമീപം സ്വകാര്യ തുറമുഖത്തിനും അനുമതി നല്‍കിയതാണ്. വ്യാപകമായ പ്രതിഷേധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പരിസ്ഥിതി വ്യവസ്ഥകള്‍ പിന്നീട് കര്‍ക്കശമാക്കി. നോട്ടീസ് ലഭിച്ചവര്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് സി വി രാമലു, വിദഗ്ധ അംഗം ദേവേന്ദ്രകുമാര്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ട്രൈബ്യൂണല്‍ ബഞ്ച് ഉത്തരവായി. ഭൂമി നഷ്ടമാകുന്ന പ്രഫുല്ല സാമന്ത്‌റേ, സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിരാഞ്ച് സാനന്ത്‌റേ എന്നിവരാണ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയത്.

    ReplyDelete