Thursday, August 23, 2012

പാവങ്ങള്‍ക്ക് ഓണവും പെരുന്നാളും ഇല്ലാത്ത അവസ്ഥ: പിണറായി


പെരുന്നാളും ഓണവും ഒന്നിച്ചുവന്നിട്ടും വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

പാവപ്പെട്ടവര്‍ക്ക് ഓണവും പെരുന്നാളും ഇല്ലാത്ത അവസ്ഥയാണ്. ഒന്നര വര്‍ഷംമുമ്പ് കേരളത്തിലെ സ്ഥിതി ഇതായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം ശക്തമായി തുടരുമ്പോള്‍ ബദല്‍നയം ആവിഷ്കരിച്ചും പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത്. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സകല മേഖലയിലും തകര്‍ച്ച തുടങ്ങി. നെല്ലിയാമ്പതി തര്‍ക്കത്തോടെ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ മനസ്സ് ഭൂമാഫിയക്കൊപ്പമാണ്. ചീഫ്വിപ്പ് ജോര്‍ജിലൂടെ പുറത്തുവരുന്നത് ഉമ്മന്‍ചാണ്ടിയുടെ വാദങ്ങളാണ്. പാമൊലിന്‍ക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തുടരന്വേഷണം വേണമെന്ന് പറഞ്ഞുപോയ ജഡ്ജിയെ വിളിക്കാത്ത തെറിയില്ല. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ വനംമന്ത്രിയെ ഈ ചീഫ് വിപ്പ് വിളിച്ച തെറി പുറത്തുപറയാന്‍ കൊള്ളില്ല. ഇത് കേട്ട് മുഖ്യമന്ത്രി ഉള്ളാലെ ചിരിക്കുകയായിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി യുഡിഎഫ് സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. കലാപത്തിന് പിന്നിലെ സാമ്പത്തികസ്രോതസ്സ്, തീവ്രവാദബന്ധം, ഗൂഢാലോചന എന്നിവ അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും കേന്ദ്രത്തിലുള്ള സ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് അത് അട്ടിമറിച്ചു. പിന്നീടാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ വന്ന ഉടനെ അന്വേഷണസംഘത്തലവനെ തന്നെ മാറ്റി അന്വേഷണം അട്ടിമറിച്ചു. ഹൈക്കോടതി വിധിയോടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടപ്പെട്ടത്. കാസര്‍കോട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനെ അക്രമിച്ച് ലീഗുകാര്‍ കലാപമുണ്ടാക്കിയ കേസിലും ജുഡീഷ്യല്‍ അന്വേഷണം അട്ടിമറിച്ചു. മാറാട് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് ഇപ്പോള്‍ ലീഗുകാര്‍ പറയുന്നു. അതിന് മുഖ്യമന്ത്രിയെ കാണാന്‍ സമയം നോക്കിനില്‍ക്കുകയാണത്രെ.

മുഖ്യമന്ത്രിയെ കാണാന്‍പോലും കിട്ടുന്നില്ലെന്നാണോ പറയുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളെ പാപ്പരാക്കി. വിലക്കയറ്റം തടയാന്‍ ഒരുനടപടിയും സ്വീകരിക്കാതിരിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണ്. പാവപ്പെട്ടവര്‍ക്ക് സബ്സിഡി നല്‍കാന്‍ പണമില്ലെന്ന് പറയുമ്പോള്‍ കഴിഞ്ഞ ഒരു ബജറ്റില്‍ മാത്രം കോര്‍പറേറ്റുകള്‍ക്ക് അഞ്ചുലക്ഷം കോടിയുടെ ഇളവാണ് നല്‍കിയത്. രാഷ്ട്രീയ-ഭരണ-ഉദ്യോഗസ്ഥ നേതൃത്വം രാജ്യത്തെ കൊള്ളയടിക്കുകയാണ്. പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്ന വകുപ്പില്‍ അഴിമതി കൊടികുത്തി വാഴുന്നു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 1,86,000 കോടിരൂപയുടെ അഴിമതി കണ്ടെത്തിയിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല. ദില്ലി എയര്‍പോര്‍ട്ടിന്റെ ഭാഗമായി സ്വകാര്യഗ്രൂപ്പിന് 240 ഏക്കര്‍ നല്‍കിയതില്‍ 1,63,000 കോടിയുടെ അഴിമതി നടന്നു. ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു.


യുഡിഎഫ് ഭരണം അഴിമതിയുടെ കേരളപതിപ്പ്: വി എസ്

കൊല്ലം: അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കേരളപതിപ്പാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിയുടെ ഘോഷയാത്ര നടത്തുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെ ജനം കാട്ടുകള്ളന്മാര്‍ എന്നു വിളിക്കുകയാണെന്നും വി എസ് പരിഹസിച്ചു. സിപിഐ എം സംഘടിപ്പിച്ച കൊല്ലം കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

രാജ്യത്തു കോളിളക്കം സൃഷ്ടിച്ചതാണ് 1.76 ലക്ഷംകോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതി. ഇതിനു പിന്നാലെ കല്‍ക്കരിപ്പാടങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇഷ്ടക്കാര്‍ക്കു പതിച്ചു നല്‍കിയതിന്റെ മറവില്‍ 1.86 ലക്ഷംകോടിയുടെ അഴിമതി നടന്നുവെന്നാണ് സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം അഴിമതി നിറഞ്ഞതാണെന്നാണ് ഇതു തെളിയിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും രാസവളങ്ങളുടെയും വില അടിക്കടി വര്‍ധിപ്പിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കേന്ദ്രം വഴിതുറക്കുന്നു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രം നടപടിയെടുക്കുന്നില്ല. ഈ രീതിതന്നെയാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും തുടരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാനും കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വിതരണംചെയ്യാനും സുശക്തമായി നടപടി എടുത്തു. അതും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും വി എസ് പറഞ്ഞു.


deshabhimani 230812

1 comment:

  1. പെരുന്നാളും ഓണവും ഒന്നിച്ചുവന്നിട്ടും വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

    ReplyDelete