Wednesday, August 10, 2011

കേന്ദ്രത്തില്‍ നില്‍ക്കക്കള്ളിയില്ലാതായാല്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ കൈവിടും

പാമോലിന്‍ കേസില്‍ പുനരന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാവി കേന്ദ്ര സര്‍ക്കാരിനെതിരായ വന്‍ അഴിമതികളുടെ നേരെ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസര്‍ക്കാരിനും കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ വന്നിരിക്കുന്ന അഴിമതികള്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം പൂര്‍ണമായും വിലയിരുത്തിയശേഷം മാത്രമേ കേരളത്തിലെ വിഷയത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ വന്‍തോതിലുള്ള അഴിമതികള്‍ക്കെതിരെ പാര്‍ലമെന്റിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബി ജെ പി നിലയുറപ്പിക്കുന്നത് കര്‍ണാടകയിലെ യദ്യൂരപ്പയുടെ രാജിയില്‍ പിടിച്ചാണ്. യു പി എ സര്‍ക്കാരിനും കോണ്‍ഗ്രസ് നേതൃത്വത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത നിലയില്‍ പ്രതിപക്ഷത്തിന്റെ സമരമുഖം ഉണര്‍ന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ വിഷയം ഹൈക്കമാന്‍ഡ് ഗൗരവമായി എടുക്കും. കേന്ദ്രസര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയെ കുരുതികൊടുക്കുന്നതായിരിക്കും ഹൈക്കമാന്‍ഡിന്റെ തീരുമാനം.

കേന്ദ്രമന്ത്രി എ കെ ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തന്ത്രത്തിന് രൂപംനല്‍കിയത്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുമ്പോഴാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ് ആന്റണി അറിയുന്നത്. അപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി ധൃതിപിടിച്ചൊരു തീരുമാനമെടുക്കരുതെന്ന് അദ്ദേഹത്തെ അറിയിക്കാന്‍ പി ടി തോമസ് എം പിയെ ചുമതലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ആന്റണി നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. മുന്നണിയുടെയും പാര്‍ട്ടിയുടെയും കാര്യമാണ് ഈ പ്രശ്‌നം. അങ്ങനെ വേണം ആലോചിക്കാന്‍ എന്നാണ് ആന്റണി പറഞ്ഞത്. അതിനര്‍ഥം മുന്നണിയിലെ ഘടകകക്ഷികളെ തല്‍ക്കാലം യോജിപ്പിച്ചുനിര്‍ത്തുകയാണ്. അതിന്റെ പ്രതിഫലനം ഇവിടെ ഉണ്ടാവുകയും ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും രമേശ് ചെന്നിത്തലയുമെല്ലാം ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ രംഗത്തെത്തിയത് അതിന്റെ ഫലമാണ്. അത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രപരമായ വിജയമാണ്. കാരണം രാജിവയ്‌ക്കേണ്ടതില്ലെന് മറ്റുള്ളവരെക്കൊണ്ട് പറയിക്കുക. ഒപ്പം രാജിക്ക് തയ്യാറായിരുന്നുവെന്ന് പ്രചാരണവും നടത്തുക. അതില്‍ വിജയിച്ചു. പക്ഷേ വരുംദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിക്കനുസരിച്ചായിരിക്കും ഉമ്മന്‍ചാണ്ടിയുടെ ഭാവി തീരുമാനിക്കുക.

ഘടകകക്ഷികളുടെ പ്രശ്‌നം അഞ്ച് വര്‍ഷത്തിനുശേഷം വീണുകിട്ടിയ ഭരണം കളയാന്‍ കഴിയില്ലെന്നതാണ്. എങ്ങനെയും പിടിച്ചുനില്‍ക്കണം. അതിന് പലരുടെയും മുന്നില്‍ യു ഡി എഫ് അല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. കെ പി സി സിക്കാണെങ്കില്‍ ഘടകകക്ഷികള്‍ക്ക് മറ്റൊരു വഴി തുറക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കരുതെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡില്‍നിന്ന് ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാത്തിലാണ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടിക്കുവേണ്ടി വാദിക്കാനിറങ്ങിയത്.

എന്നാല്‍ യു ഡി എഫില്‍ അസ്ഥിരതയുടെ പുതിയ വിത്ത് പാകാന്‍ പാമോലിന്‍ കേസിലെ പുരന്വേഷണം വഴിവച്ചിരിക്കുകയാണ്. മുസ്‌ലിംലീഗിന്റെയും മാണി-കേരള കോണ്‍ഗ്രസിന്റെയും സമ്മര്‍ദരാഷ്ട്രീയം വരുംദിവസങ്ങളില്‍ കൂടും. യു ഡി എഫ് പൊളിഞ്ഞാല്‍ ഘടകകക്ഷികല്‍ വഴിയാധാരമാകുമെന്ന മുന്നറിയിപ്പിലാണ് ഇതുവരെ ഉമ്മന്‍ചാണ്ടി വിജയം കണ്ടിരുന്നത്. അത് മറികടക്കാന്‍ ഘടകകക്ഷികള്‍ പാമോലിന്‍ ഉപയോഗപ്പെടുത്തുമെന്ന് തീര്‍ച്ച.

janayugom 100811

1 comment:

  1. പാമോലിന്‍ കേസില്‍ പുനരന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാവി കേന്ദ്ര സര്‍ക്കാരിനെതിരായ വന്‍ അഴിമതികളുടെ നേരെ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

    ReplyDelete