Wednesday, August 10, 2011

ബാലകൃഷ്ണ പിള്ളയുടെ സ്‌കൂളില്‍ ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വാളകം ശ്രീരാമ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിലാണ് ഗുരുതരമായ ക്രമക്കേട് കാണിച്ചതായി സെക്രട്ടേറിയറ്റ് ഫിനാന്‍സ് വിജിലന്‍സ് കണ്ടെത്തിയത്.
2523 കുട്ടികള്‍ പഠിക്കുന്നതായാണ് സ്‌കൂളിലെ രേഖകള്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ 1906 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. രേഖകളില്‍ 617 കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചു. എട്ടാം ക്ലാസില്‍ ഡി ഡിവിഷന്‍ വരെയാണ് സ്‌കൂളിലുള്ളത്. രേഖകളില്‍ ഇ ഡിവിഷനും ഉള്ളതായി കാണിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ 1214 വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാരില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ കൈപ്പറ്റി. എന്നാല്‍ 500 കുട്ടികള്‍ക്ക് പോലും പദ്ധതി പ്രകാരം ഉച്ചഭക്ഷണം നല്‍കിയിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലും കുട്ടികളുടെ എണ്ണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. വാളകം പ്രദേശത്തുള്ള മറ്റ്  ഇരുപത് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളും ശ്രീരാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നതായി രേഖകളില്‍ കണ്ടെത്തിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ ഇനത്തില്‍ അഞ്ച് ലക്ഷത്തിലകം രൂപയുടെ നഷ്ടം സര്‍ക്കാരിന് വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി പി ഐക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

janayugom news

1 comment:

  1. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വാളകം ശ്രീരാമ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിലാണ് ഗുരുതരമായ ക്രമക്കേട് കാണിച്ചതായി സെക്രട്ടേറിയറ്റ് ഫിനാന്‍സ് വിജിലന്‍സ് കണ്ടെത്തിയത്.

    ReplyDelete