Wednesday, February 1, 2012

കോലഞ്ചേരി മെഡിക്കല്‍ കോളേജിനെ ഓര്‍ത്തഡോക്സ് സഭ കൈവിട്ടു

കോലഞ്ചേരി മെഡിക്കല്‍ കോളേജിനെ ഓര്‍ത്തഡോക്സ് സഭ കൈവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം നാലുദിവസം പിന്നിട്ടതോടെയാണ് മാനേജ്മെന്റിനെ ഓര്‍ത്തഡോക്സ് സഭയും കൈവിട്ടത്. സമരത്തിനുപിന്നില്‍ സഭാതര്‍ക്കമാണെന്ന വാദവുമായി ആശുപത്രി മാനേജ്മെന്റിന്റെ നിലപാടിനെതിരെ ആശുപത്രി വൈസ്പ്രസിഡന്റും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത ശക്തമായി രംഗത്തെത്തി.

നേഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കി സമരം അവസാനിപ്പിക്കുന്നതിനുപകരം പ്രശ്നത്തെ സഭാതര്‍ക്കത്തിലേക്കു വലിച്ചിഴച്ചത് മാനേജ്മെന്റിലെ ചിലരുടെ താല്‍പ്പര്യപ്രകാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭയുടെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സഭയുടെ കതോലിക്കാ ബാവ പ്രസിഡന്റും താന്‍ അതിന്റെ വൈസ്പ്രസിഡന്റുമാണെന്നതല്ലാതെ ആശുപത്രിയുടെ ഭരണത്തില്‍ സഭയ്ക്ക് ഒരു നിയന്ത്രണവുമില്ലെന്ന് സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. ആശുപത്രിയിലെ നിയമനം, വിദ്യാര്‍ഥിപ്രവേശനം എന്നിവയില്‍ സഭയ്ക്ക് ഒരു പങ്കുമില്ല. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സഭയുടെ താല്‍പ്പര്യമെന്നും ഇക്കാര്യം കാതോലിക്കാ ബാവ ആശുപത്രി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെത്രാപോലീത്ത പറഞ്ഞു.

നേഴ്സുമാരുടെ സമരത്തിനുപിന്നില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കമാണെന്ന് കഴിഞ്ഞദിവസം ആശുപത്രി മാനേജ്മെന്റ് ആരോപിച്ചിരുന്നു. എന്നാല്‍ , ആശുപത്രി പ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ്പ്രസിഡന്റും ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറിയുമായ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്തയുടെ നിലപാട് മാനേജ്മെന്റിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

ഐഎംഎ നിലപാട് പ്രതിഷേധാര്‍ഹം: നേഴ്സസ് അസോസിയേഷന്‍

കൊച്ചി: സമരംചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ട്രെയ്ന്‍ഡ് നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎന്‍എഐ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമപ്രകാരമുള്ള കുറഞ്ഞ വേതനം നല്‍കുന്ന വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളേ കേരളത്തിലുള്ളുവെന്ന് സംസ്ഥാന തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. കേരള സര്‍ക്കാര്‍ 2009ല്‍ വിജ്ഞാപനംചെയ്ത മിനിമം വേതനമായ 8400 രൂപ നേഴ്സുമാര്‍ക്ക് കൊടുത്താല്‍ പൊതുജനങ്ങള്‍ക്ക് ചികിത്സാച്ചെലവ് വര്‍ധിക്കുമെന്നുള്ള ഐഎംഎയുടെ "കണ്ടുപിടിത്തം" സാക്ഷരകേരളത്തോടുള്ള വെല്ലുവിളിയാണ്.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലേക്ഷോര്‍ ആശുപത്രിയിലും മിനിമം വേതനം ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ടിഎന്‍എഐ പിന്തുണ പ്രഖ്യാപിച്ചു. നേഴ്സുമാരുടെ സമരത്തിനാധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കണം. മാന്യമായ സമീപനത്തിലൂടെ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും സേവന-വേതന വ്യവസ്ഥ ഉറപ്പാക്കണം. നേഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. പ്രസിഡന്റ് സിസ്റ്റര്‍ ഗില്‍ബര്‍ട്ട്, മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. റോയ് കെ ജോര്‍ജ്, സെന്‍ട്രല്‍ സോണ്‍ പ്രതിനിധി സിന്ധുദേവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 010212

1 comment:

  1. കോലഞ്ചേരി മെഡിക്കല്‍ കോളേജിനെ ഓര്‍ത്തഡോക്സ് സഭ കൈവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാരുടെ സമരം നാലുദിവസം പിന്നിട്ടതോടെയാണ് മാനേജ്മെന്റിനെ ഓര്‍ത്തഡോക്സ് സഭയും കൈവിട്ടത്. സമരത്തിനുപിന്നില്‍ സഭാതര്‍ക്കമാണെന്ന വാദവുമായി ആശുപത്രി മാനേജ്മെന്റിന്റെ നിലപാടിനെതിരെ ആശുപത്രി വൈസ്പ്രസിഡന്റും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത ശക്തമായി രംഗത്തെത്തി.

    ReplyDelete