Wednesday, February 1, 2012

കോണ്‍ഗ്രസ് കലാപം നേതൃമാറ്റം ലക്ഷ്യമിട്ട്

പാര്‍ടിയില്‍ കലാപം രൂക്ഷമാക്കി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള അണിയറനീക്കം കോണ്‍ഗ്രസില്‍ മുറുകുന്നു. പാര്‍ടി ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടായാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമെന്ന വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ . ഇക്കാര്യം മനസ്സിലാക്കിത്തന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധം തീര്‍ത്ത് എ വിഭാഗം കച്ചമുറുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവി ചെന്നിത്തലയ്ക്കുവേണ്ടിയും കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടിയും പരസ്യ നിലപാടെടുത്തതോടെ ഗ്രൂപ്പ് അങ്കത്തിന് വാശിയേറിയിരിക്കയാണ്. കരുണാകര-ആന്റണി കാലത്തെ ഗ്രൂപ്പുകലഹം ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ .

ഉമ്മന്‍ചാണ്ടിയുടെ ഭരണം സാധാരണ കോണ്‍ഗ്രസുകാരുടേതല്ലെന്ന പ്രചാരണം ശക്തിപ്പെടുത്തിയാണ് ചെന്നിത്തല പക്ഷം അണികളെയും പ്രവര്‍ത്തകരെയും ഒപ്പം കൂട്ടുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയും എ കെ ആന്റണി കെപിസിസി പ്രസിഡന്റുമായിരുന്ന കാലത്ത് ഭരണകാര്യങ്ങളൊന്നും കെപിസിസി ഓഫീസില്‍ അറിഞ്ഞിരുന്നില്ല. അതുപോലെ ഇന്ന് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ഇന്ദിരാഭവന് വലിയ റോളില്ല. തന്റെ നോമിനികളായ മൂന്നു മന്ത്രിമാരെ ഏറെക്കുറെ ചെന്നിത്തല ഒപ്പം നിര്‍ത്തിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം. ആഭ്യന്തരമടക്കം പ്രധാന വകുപ്പെല്ലാം എയുടേതായതിനാല്‍ ഭരണം സമ്പൂര്‍ണമായി ഉമ്മന്‍ചാണ്ടി പക്ഷത്തിനാണ്. ചില കാര്യങ്ങളില്‍ കരുണാകരശൈലി പിന്തുടരുന്ന ഉമ്മന്‍ചാണ്ടി ജില്ലകളിലെ ഭരണകാര്യങ്ങള്‍ നടത്താന്‍ ഓരോ കോക്കസിനെ സൃഷ്ടിച്ചിരിക്കുന്നുവെന്നതാണ് എതിര്‍പക്ഷത്തിന്റെ ആക്ഷേപം. കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും കെ പി നൂറുദീനുമാണ് പൊലീസ് നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മറ്റു ജില്ലകളിലും ഇതിനു സമാനമായ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായ ആക്ഷേപവും ചെന്നിത്തലപക്ഷം ഉന്നയിക്കുന്നുണ്ട്. ചില ജില്ലകളില്‍ മാഫിയാസംഘങ്ങളുടെ സ്വാധീനത്തിലാണ് സ്ഥലംമാറ്റം എന്നുവരെ പരാതി ഉയര്‍ന്നിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി ഏതു ജില്ലയില്‍ ചെന്നാലും ഈ കോക്കസുമായാണ് സമയം ചെലവിടുന്നത്. ഇതുമായി ബന്ധപ്പെട്ട അസംതൃപ്തിയെ ഉപയോഗപ്പെടുത്തിയാണ് കണ്ണൂരില്‍ കെ സുധാകരനും കൂട്ടരും ഉമ്മന്‍ചാണ്ടിക്കെതിരെ പരസ്യ ആക്രമണം തുടങ്ങിയത്. ഇതിനോടു യോജിച്ച് വയലാര്‍ രവി രംഗത്തുവന്നത് ഉമ്മന്‍ചാണ്ടി വിരുദ്ധരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കലാപം രൂക്ഷമായതിനു പിന്നാലെ മൂന്നിന് കെപിസിസി ഭാരവാഹി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അസംതൃപ്തി കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍നിന്നു വിട്ടുനിന്നേക്കും. ജനശ്രീ മിഷന്റെ മൂന്നു ദിവസത്തെ സമ്മേളനം കോഴിക്കോട്ടു നടക്കുന്ന കാരണം പറഞ്ഞാകും ഉമ്മന്‍ചാണ്ടി യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുക.
കോര്‍പറേഷന്‍ , ബോര്‍ഡ് പുനഃസംഘടനയും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വക്കം കമ്മിറ്റി റിപ്പോര്‍ട്ടും ഗ്രൂപ്പ് അങ്കം മൂര്‍ഛിപ്പിക്കുന്നതിനു കാരണമായി. കോര്‍പറേഷന്‍ , ബോര്‍ഡ് ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ മെരിറ്റുകൂടി നോക്കണമെന്ന നിര്‍ദേശമുന്നയിച്ച് സ്ഥാനമാനത്തില്‍ ഏറിയപങ്കും സ്വന്തം ഗ്രൂപ്പുകാരെ പ്രതിഷ്ഠിക്കുന്നതിന് ഉമ്മന്‍ചാണ്ടി കരുനീക്കം നടത്തിയിരുന്നു. ഗ്രൂപ്പിനായി പങ്കുവയ്ക്കുന്ന സ്ഥാനങ്ങളില്‍ ആരു വേണമെന്ന് ആ ഗ്രൂപ്പ് നിശ്ചയിക്കട്ടെ എന്നതാണ് ചെന്നിത്തലയുടെയും കൂട്ടരുടെയും നിലപാട്. വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ചില നിയോജകമണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. പക്ഷേ, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വന്‍ കുഴപ്പങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ചിന്തയിലാണ് രണ്ട് പ്രമുഖ ഗ്രൂപ്പുകളിലെ പ്രധാന നേതാക്കളുടെ ചിന്ത. എന്നാല്‍ , തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലക്കാട്ടെ നേതാവിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ കെ അച്യുതന്‍ എംഎല്‍എ ശാഠ്യം പുലര്‍ത്തുന്നത് ഭരണത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന നിലയായിട്ടുണ്ട്.
(ആര്‍ എസ് ബാബു)

കണ്ണൂരില്‍ ഫ്ളക്സ്ബോര്‍ഡ് വച്ച പൊലീസുകാര്‍ മാപ്പപേക്ഷിക്കും

ഫ്ളക്സ്ബോര്‍ഡ് വിവാദത്തില്‍ അകപ്പെട്ട കണ്ണൂരിലെ പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ തടിയൂരുന്നു. കെ സുധാകരന്‍ എംപിയെ അഭിവാദ്യംചെയ്യുന്ന ബോര്‍ഡ് സായുധപൊലീസ് ആസ്ഥാനത്ത് എസ്പിയെ ധിക്കരിച്ച് സ്ഥാപിച്ചതില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. കണ്ണൂര്‍ പൊലീസ് ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് സംസ്ഥാന സെക്രട്ടറി ജി ആര്‍ അജിത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാഭാരവാഹികളുടെ പരസ്യമായ രാഷ്ട്രീയ നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. എടുത്തു മാറ്റിയ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചതില്‍ പങ്കില്ലെന്നും നിരപരാധികളാണെന്നും വിശദീകരിച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ട ആറു പേരും ജില്ലാ പൊലീസ് മേധാവിക്ക് മാപ്പപേക്ഷ നല്‍കും. നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നും ശിക്ഷാ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കും.

ജില്ലാ നേതാക്കളുടെ വ്യക്തിതാല്‍പര്യമാണ് പ്രശ്നം വഷളാക്കിയതെന്ന് യോഗത്തില്‍ വിമര്‍ശനമുണ്ടായി. നേതൃത്വത്തിന്റെ അപക്വമായ പ്രവര്‍ത്തനം പൊലീസ് അസോസിയേഷന്റെ വിശ്വാസ്യത തകര്‍ത്തതായും ചിലര്‍ തുറന്നടിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ , ട്രഷറര്‍ അബ്ദുള്ളക്കോയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികള്‍ പിന്നീട് ഡിഐജി എസ് ശ്രീജിത്തുമായി ചര്‍ച്ച നടത്തി. പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എം മനോജ്, സെക്രട്ടറി കെ ജെ മാത്യു, വൈസ് പ്രസിഡന്റ് വി വി മനോജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സി ഒ പുഷ്പരാജ്, കൊട്ടിലക്കണ്ടി കൃഷ്ണന്‍ , മുന്‍ സെക്രട്ടറി എം ജി ജോസ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി അനൂപ് കുരുവിള ജോണ്‍ സസ്പെന്‍ഡ് ചെയ്തത്്. അതിനിടെ എസ്പിയെ പരിശീലനത്തിനയച്ച് തല്‍ക്കാലം സര്‍ക്കാരിന്റെ മുഖംരക്ഷിക്കാനുള്ള നീക്കവും ഉന്നതങ്ങളില്‍ സജീവമാണ്.

ഗ്രൂപ്പ് സംരക്ഷിക്കാന്‍ പൊലീസിനെ നിയോഗിക്കുന്നു: മാത്യു ടി തോമസ്

തൃപ്രയാര്‍ : ഗ്രൂപ്പ് താല്‍പ്പര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസിനെ നിയോഗിക്കുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ. ജനതാദള്‍ എസ് നാട്ടിക നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സുധാകരന്‍ പറയുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് തന്റെ അനുചരന്മാരോട് ചോദിച്ചിട്ട് വേണമെന്ന് മുഖ്യമന്ത്രി പൊലീസിലെ ഉന്നതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും മാത്യു ടി തോമസ് പറഞ്ഞു

deshabhimani 010212

1 comment:

  1. പാര്‍ടിയില്‍ കലാപം രൂക്ഷമാക്കി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനുള്ള അണിയറനീക്കം കോണ്‍ഗ്രസില്‍ മുറുകുന്നു. പാര്‍ടി ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടായാല്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമെന്ന വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ . ഇക്കാര്യം മനസ്സിലാക്കിത്തന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധം തീര്‍ത്ത് എ വിഭാഗം കച്ചമുറുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി വയലാര്‍ രവി ചെന്നിത്തലയ്ക്കുവേണ്ടിയും കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടിയും പരസ്യ നിലപാടെടുത്തതോടെ ഗ്രൂപ്പ് അങ്കത്തിന് വാശിയേറിയിരിക്കയാണ്. കരുണാകര-ആന്റണി കാലത്തെ ഗ്രൂപ്പുകലഹം ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ .

    ReplyDelete