Wednesday, February 1, 2012

കോലഞ്ചേരിയില്‍ നേഴ്സ്സമരം അഞ്ചാംദിവസത്തിലേക്ക്

സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാലസമരം നാലാംദിവസം പിന്നിട്ടു. ചൊവ്വാഴ്ചയും നാട്ടുകാരും വിവിധ സംഘടനകളും സമരത്തിന് പിന്തുണയുമായെത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്തു.

ന്യായമായ അവകാശത്തിനുവേണ്ടി നേഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കണമെന്ന് ജോസഫൈന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ കൊടിയ ചൂഷണത്തിന് ഇരയാവുകയാണ്. സംഘടിക്കാന്‍പോലും അവകാശം നല്‍കാതെ ഇവരെ പീഡിപ്പിക്കുന്ന മാനേജ്മെന്റ് നടപടി അംഗീകരിക്കാനാവില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. മണല്‍ത്തൊഴിലാളി യൂണിയന്‍ (സിഐടിയു) മേഖലാ കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ മാര്‍ച്ച് സെക്രട്ടറി സി കെ വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ വി ഏലിയാസ്, സിഐടിയു ഏരിയ സെക്രട്ടറി എം എന്‍ മോഹനന്‍ , എം കെ മനോജ്, എന്‍ വി കൃഷ്ണന്‍കുട്ടി, പി ഐ ചാണ്ടി, എന്‍ എസ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു. സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്നത് നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്നാണ്.

ലേക്ഷോറില്‍ ചര്‍ച്ച പരാജയം; സമരം തുടരും

കൊച്ചി: തൃപ്പൂണിത്തുറ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ സമരം തുടരുന്നതിനാല്‍ മാനേജുമെന്റ് വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് നേഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നേഴ്സുമാര്‍ നടത്തുന്ന സമരം ഇതോടെ മൂന്നാംദിവസത്തിലേക്കു കടന്നു. ശമ്പളവര്‍ധന അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതിരുന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ സുധീഷ്കൃഷ്ണന്‍ , വിബിന്‍ പി ചാക്കോ എന്നിവര്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്ന ചര്‍ച്ചയില്‍ മാനേജിങ് ഡയറക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍ പങ്കെടുത്തു. സമരത്തില്‍ പങ്കെടുത്തവരെ മാനേജ്മെന്റ് പുറത്താക്കിയെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തിപരിചയത്തിനനുസരിച്ച് മാന്യമായ ശമ്പളം നല്‍കുക, ജോലിസുരക്ഷിതത്വം ഉറപ്പാക്കുക, നേഴ്സ്-രോഗി അനുപാതം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഴുന്നൂറിലധികം നേഴ്സുമാരാണ് പണിമുടക്ക് നടത്തുന്നത്. ബില്ലിങ്ജോലിമുതല്‍ അറ്റന്‍ഡര്‍വരെയുള്ളവരുടെ ജോലി നേഴ്സുമാര്‍ ചെയ്യുന്നു. ഇവര്‍ക്ക് അടിസ്ഥാനശമ്പളം നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ല. മൂന്നുമാസംമുമ്പ് ആവശ്യങ്ങള്‍ അടങ്ങിയ നോട്ടീസ് നേഴ്സിങ് ഡയറക്ടര്‍വഴി നല്‍കിയിരുന്നു. എന്നാല്‍ ,മാനേജ്മെന്റ് നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. അമൃത ആശുപത്രിയിലെ നേഴ്സുമാര്‍ ലേക്ഷോറിലെ സമരകേന്ദ്രത്തിലെത്തി അഭിവാദ്യമര്‍പ്പിച്ചു.

deshabhimani 010212

No comments:

Post a Comment