Wednesday, February 1, 2012

അരലക്ഷം കോടിയുടെ വിമാനക്കരാര്‍ ഫ്രാന്‍സിന്

ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് റാഫേലില്‍നിന്ന് വ്യോമസേന 126 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ (എംഎംആര്‍സിഎ) വാങ്ങുന്നു. സാങ്കേതികവിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമാണ്. യൂറോപ്യന്‍ കണ്‍സോര്‍ഷ്യം കമ്പനിയായ "ഇഎഡിഎസ് യൂറോ ഫൈറ്ററി"നെ അവസാന റൗണ്ടില്‍ മറികടന്നാണ് ഏറ്റവും വലിയ പ്രതിരോധക്കരാര്‍ ഫ്രഞ്ച് കമ്പനി സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലേലംകൊണ്ടത് റാഫേലാണെന്ന് പ്രതിരോധമന്ത്രാലയങ്ങള്‍ പറഞ്ഞു. ധാരണയനുസരിച്ച് 18 ജറ്റ് യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിച്ചുനല്‍കും. ബാക്കിയുള്ള 108 വിമാനങ്ങള്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡില്‍ നിര്‍മിക്കും. കരയുദ്ധത്തിനും ബോംബ്, മിസൈല്‍ ആക്രമണത്തിനും വിമാനം ഉപയോഗിക്കാം. ഒമ്പതു ടണ്‍വരെ ബോംബ് വഹിക്കാന്‍ വിമാനത്തിന് കഴിയും. കപ്പല്‍വേധ മിസൈലുകളും ആകാശ- ഭൂതല മിസൈലുകളും വിക്ഷേപിക്കാനാകും.

2007ലാണ് വിവിധോദ്ദേശ്യ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. മൊത്തം അഞ്ചു കമ്പനിയാണ് ലേലംകൊണ്ടത്. എന്നാല്‍ , അമേരിക്കയിലെ എഫ്-16 വിമാനക്കമ്പനിയായ ലോക്ക്ഹീഡ് മാര്‍ടിന്‍ , എഫ്-18 വിമാനക്കമ്പനിയായ ബോയിങ്, റഷ്യയുടെ മിഗ്-35 നിര്‍മാതാക്കള്‍ , സ്വീഡനിലെ സാബ് ഗ്രിപേന്‍ എന്നീ കമ്പനികള്‍ ആദ്യമേ പുറത്തായി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ റാഫേലും യൂറോ ഫൈറ്ററും മാത്രമാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ജര്‍മനിയിലെ ഇഎഡിഎസ്, ബ്രിട്ടനിലെ ബിഎഇ സിസ്റ്റം, ഇറ്റലിയിലെ ഫിന്‍ മെചാനിയ എന്നീ കമ്പനികള്‍ ചേര്‍ന്നതായിരുന്നു യൂറോ ഫൈറ്റര്‍ . ഈ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന ഫ്രാന്‍സിലെ വലതുപക്ഷ നിക്കോളസ് സര്‍ക്കോസി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനുള്ള വടിയായി കരാര്‍ മാറുമെന്ന് ഉറപ്പാണ്. മേയില്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ദസ്സാള്‍ട്ട് റാഫേലിന് കരാര്‍ നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സര്‍ക്കോസി സ്വാഗതംചെയ്തു.

deshabhimani 010212

1 comment:

  1. ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് റാഫേലില്‍നിന്ന് വ്യോമസേന 126 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ (എംഎംആര്‍സിഎ) വാങ്ങുന്നു. സാങ്കേതികവിദ്യയുടെ കൈമാറ്റവും കരാറിന്റെ ഭാഗമാണ്. യൂറോപ്യന്‍ കണ്‍സോര്‍ഷ്യം കമ്പനിയായ "ഇഎഡിഎസ് യൂറോ ഫൈറ്ററി"നെ അവസാന റൗണ്ടില്‍ മറികടന്നാണ് ഏറ്റവും വലിയ പ്രതിരോധക്കരാര്‍ ഫ്രഞ്ച് കമ്പനി സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലേലംകൊണ്ടത് റാഫേലാണെന്ന് പ്രതിരോധമന്ത്രാലയങ്ങള്‍ പറഞ്ഞു. ധാരണയനുസരിച്ച് 18 ജറ്റ് യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് നിര്‍മിച്ചുനല്‍കും. ബാക്കിയുള്ള 108 വിമാനങ്ങള്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡില്‍ നിര്‍മിക്കും. കരയുദ്ധത്തിനും ബോംബ്, മിസൈല്‍ ആക്രമണത്തിനും വിമാനം ഉപയോഗിക്കാം. ഒമ്പതു ടണ്‍വരെ ബോംബ് വഹിക്കാന്‍ വിമാനത്തിന് കഴിയും. കപ്പല്‍വേധ മിസൈലുകളും ആകാശ- ഭൂതല മിസൈലുകളും വിക്ഷേപിക്കാനാകും.

    ReplyDelete