Thursday, July 26, 2012

ഷോക്ക് വന്നു: വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവ്


വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന റെഗുലേറ്ററി കമീഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ്-1.50 രൂപ, 41-80 യൂണിറ്റ്-1.90 രൂപ, 81-120 യൂണിറ്റ്- 2.20 രൂപ, 121-150 യൂണിറ്റ്- 2.40 രൂപ, 151-200യൂണിറ്റ്-3.10 രൂപ, 201-300 യൂണിറ്റ്- 3.50 രൂപ, 301-500 യൂണിറ്റ്- 4.60 രൂപ, 500 യൂണിറ്റിന് മുകളില്‍ 6.50 രൂപ. സിങ്കിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.

ചാര്‍ജ് വര്‍ധനയ്ക്ക് പിന്നില്‍ രഹസ്യ അജണ്ട: പിണറായി

കോഴിക്കോട്: വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണ്. പുതിയ തീരുമാനം വികസന രംഗത്ത് കനത്ത പുറകോട്ടടിയ്ക്ക് കാരണമാകും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. നാടിന്റെ പുരോഗതിയെ തകര്‍ക്കുന്ന തീരുമാനത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്നും പിണറായി പറഞ്ഞു. 1640 കോടിയുടെ അധിക വരുമാനമുണ്ടാക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

വേണ്ടിവന്നാല്‍ സര്‍ചാര്‍ജ് ഈടാക്കുമെന്നും പറയുന്നുണ്ട്. നിയമസഭയില്‍ കനത്ത പ്രതിഷേധം ഉയരുമെന്ന് ഉറപ്പുള്ളതിനാലാണ് സഭ പിരിയുന്നത് വരെ ചാര്‍ജ് വര്‍ധിപ്പിച്ച തീരുമാനം പുറുത്ത് വിടാതിരുന്നത്. സംസ്ഥാന പുരോഗതിയ്ക്ക് തുരങ്കം വെയ്ക്കുന്ന തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന റെഗുലേറ്ററി കമീഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

    ReplyDelete