Sunday, July 29, 2012

മന്ത്രിമാര്‍ക്ക് കള്ളടാക്സി


ടൂറിസം വകുപ്പിന് രണ്ടു കാറുള്ള കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മന്ത്രിമാര്‍ക്ക് ഊരുചുറ്റാന്‍ കള്ളടാക്സി. സര്‍ക്കാര്‍ വാഹനങ്ങളും ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്ന രണ്ടു ഡ്രൈവര്‍മാരും ഉണ്ടായിട്ടും ഭരണക്കാരുടെ കള്ള ടാക്സികള്‍ക്ക് ഓട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ ഗസ്റ്റ്ഹൗസ് അധികൃതര്‍ നിര്‍ബന്ധിതരാകുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളുടെ വാഹനങ്ങളാണ് മന്ത്രിമാരെയുംകൊണ്ട് ഓടുന്നത്. അനധികൃത ടാക്സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്‍കുന്ന മന്ത്രിമാരാണ് കള്ള ടാക്സിയില്‍ സഞ്ചരിക്കുന്നത്.

ശനിയാഴ്ച ജില്ലയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജലസേചനമന്ത്രി പി ജെ ജോസഫ് എന്നിവര്‍ക്കായി രണ്ട് ഇന്നോവ കാറുകളാണ് വാടകയ്ക്കെടുത്തത്. ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ ലഭ്യമല്ലെങ്കില്‍ ടാക്സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കെടുക്കണമെന്നാണ് ചട്ടം. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഒരു ടവേരയും ഒരു ലാന്‍സറും ഉണ്ട്. ഇവ രണ്ടും ഷെഡില്‍ കയറ്റിിട്ടാണ് ഇന്നോവ കാര്‍ വിളിച്ചത്. ഇവയ്ക്ക് ടാക്സി പെര്‍മിറ്റ് ഇല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവന്റെ ഭാര്യ ഷമ്നയുടെ പേരിലുള്ളതാണ് ഗസ്റ്റ് ഹൗസില്‍ സ്ഥിരമായി വിളിക്കുന്ന കള്ള ടാക്സികളില്‍ ഒന്ന്. കെഎല്‍ 13 ഡബ്ല്യു 5868 നമ്പര്‍ ഇന്നോവയുടെ ഡ്രൈവര്‍ സജീവന്‍തന്നെയാണ്. കെ സുധാകരന്റെ ശുപാര്‍ശപ്രകാരമാണിത് ഓടുന്നത്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വാഴയില്‍ ഭരതന്റെ മകന്‍ പി പ്രജിത്തിന്റെ ഉടമസ്ഥതയിലുള്ളതും അഴീക്കോട് സ്വദേശി ചൈതേഷ് ഡ്രൈവറുമായ കെഎല്‍ 13 ടി 7994 ഇന്നോവ, കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന്റെ ഒരു സ്റ്റാഫ് അംഗത്തിന്റെ ശുപാര്‍ശയിലാണ് ഓടുന്നത്. മന്ത്രിമാരുടെ ഓഫീസില്‍നിന്ന് ഇന്നോവ വേണമെന്ന് ആവശ്യപ്പെടുന്നതിനാലാണ് പുറമെനിന്ന് വിളിക്കുന്നതെന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ടാക്സി പെര്‍മിറ്റിന് ഫീസ് അടയ്ക്കാതെ കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കളുടെയും കള്ള ടാക്സികള്‍ക്ക് സ്റ്റേറ്റ് ബോര്‍ഡ് വച്ച് ഓടിക്കാന്‍ മന്ത്രിമാരടക്കം കൂട്ടുനില്‍ക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കളിക്ക് കൂട്ടുനില്‍ക്കുന്നു.

എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ സ്ഥിരമായി ഉപയോഗിച്ചത് ഗസ്റ്റ് ഹൗസില്‍ ഉള്ള വാഹനങ്ങളാണ്. ഇതില്‍ ടവേര ഇപ്പോഴും മന്ത്രി കെ സി ജോസഫ് ഉപയോഗിക്കാറുണ്ട്. ഇതിലാണ് ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂരിലെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഗസ്റ്റ് ഹൗസിലേക്ക് പോയത്. നല്ല പ്രവര്‍ത്തനക്ഷമതയുള്ള ഈ വാഹനം ഷെഡ്ഡിലിട്ടാണ് പകല്‍ യാത്രക്ക് തിരുവഞ്ചൂര്‍ ഇന്നോവ വിളിച്ചത്. ചക്കരക്കല്ലില്‍ മാത്രം പരിപാടിയുള്ള പി ജെ ജോസഫിന് ലാന്‍സര്‍ ധാരാളമാണ്. ഇന്നോവതന്നെ വേണമെന്ന് ജോസഫിനും നിര്‍ബന്ധം. പൊതുപണം ദുര്‍വ്യയം ചെയ്യുന്നതിനൊപ്പം പട്ടിണിക്കാരായ ടാക്സി ഡ്രൈവര്‍മാരുടെ നെഞ്ചത്തടിക്കുന്ന കള്ള ടാക്സികളെ പ്രോത്സാഹിപ്പിക്കുകകൂടിയാണ് സര്‍ക്കാര്‍.
(മനോഹരന്‍ മോറായി)

deshabhimani 290712

1 comment:

  1. ടൂറിസം വകുപ്പിന് രണ്ടു കാറുള്ള കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മന്ത്രിമാര്‍ക്ക് ഊരുചുറ്റാന്‍ കള്ളടാക്സി. സര്‍ക്കാര്‍ വാഹനങ്ങളും ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്ന രണ്ടു ഡ്രൈവര്‍മാരും ഉണ്ടായിട്ടും ഭരണക്കാരുടെ കള്ള ടാക്സികള്‍ക്ക് ഓട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ ഗസ്റ്റ്ഹൗസ് അധികൃതര്‍ നിര്‍ബന്ധിതരാകുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളുടെ വാഹനങ്ങളാണ് മന്ത്രിമാരെയുംകൊണ്ട് ഓടുന്നത്. അനധികൃത ടാക്സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്‍കുന്ന മന്ത്രിമാരാണ് കള്ള ടാക്സിയില്‍ സഞ്ചരിക്കുന്നത്.

    ReplyDelete