Sunday, July 29, 2012

കുടിയേറ്റ രാഷ്ട്രീയക്കാരെക്കൊണ്ട് വലഞ്ഞെന്ന് യൂത്ത്കോണ്‍ഗ്രസ് പ്രമേയം


യുവനേതാക്കളെ കടുംവെട്ടിന് നിര്‍ത്തിയ റബ്ബര്‍ മരങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം. കോണ്‍ഗ്രസില്‍ തള്ളിക്കയറുന്ന കുടിയേറ്റരാഷ്ട്രീയക്കാരുടെ ഭീഷണി യൂത്ത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയെന്നു പ്രമേയം വിലപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് കെപിസിസി നേതൃത്വത്തിനെതിരായ രൂക്ഷവിമര്‍ശനം.

പാര്‍ടിയെ തെറി വിളിച്ച് നടന്നവര്‍ക്ക് കയറിയിരിക്കാന്‍ ഇടം കൊടുക്കുന്നതിനു പകരം അവരെ കുടുംബനാഥന്മാരായി വാഴിക്കരുത്. കുടിയേറ്റ രാഷ്ട്രീയക്കാര്‍ പാര്‍ടിയില്‍ വന്ന് സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. കെപിസിസി നേതൃനിരയിലുള്ളവര്‍ റെക്കോഡ് ഭേദിക്കാനുള്ള ശ്രമത്തിലാണ്. സ്ഥാനമാനങ്ങളിലിരുന്ന് രജതജൂബിലി ആഘോഷിക്കുന്നത് പാര്‍ടിക്ക് അഭിമാനമല്ല, അപമാനമാണ്. സംഘടനാ ചുമതലകള്‍ വഹിച്ച് സെഞ്ചൂറിയന്‍മാരാകാനാണ് പലരും ശ്രമിക്കുന്നത്. കെപിസിസി സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ അടിയന്തരമായി തയാറാകണം. സംഘടന സമ്പൂര്‍ണ്ണമായി ശുദ്ധീകരിച്ച് അര്‍ഹരായവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കണം. ഗ്രൂപ്പ് തിരിഞ്ഞുള്ള വീതം വെക്കലായി തെരഞ്ഞെടുപ്പ് മാറരുത്. പത്ത് വര്‍ഷമായി തുടര്‍ച്ചയായി പദവികള്‍ കൈയ്യാളുന്ന മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍ സ്ഥാനമൊഴിയണമെന്ന കെപിസിസി തീരുമാനം അടിയന്തരമായി നടപ്പാക്കണം. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി മുന്‍കൈ എടുക്കണം. അഞ്ചക്ക സംഖ്യ പെന്‍ഷനായി വാങ്ങുന്ന എംപിമാര്‍ക്കും മറ്റും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് നീതിയല്ല. സ്ഥാനമാനങ്ങള്‍ ദിവ്യഗര്‍ഭം കണക്കെ ഉദരത്തില്‍ ചുമന്ന് നടക്കുന്ന പ്രവണത നേതാക്കള്‍ അവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

ചര്‍ച്ചയില്‍ കെപിസിസി നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.

deshabhimani 290712

1 comment:

  1. യുവനേതാക്കളെ കടുംവെട്ടിന് നിര്‍ത്തിയ റബ്ബര്‍ മരങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം. കോണ്‍ഗ്രസില്‍ തള്ളിക്കയറുന്ന കുടിയേറ്റരാഷ്ട്രീയക്കാരുടെ ഭീഷണി യൂത്ത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയെന്നു പ്രമേയം വിലപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് കെപിസിസി നേതൃത്വത്തിനെതിരായ രൂക്ഷവിമര്‍ശനം.

    ReplyDelete