Tuesday, July 31, 2012

ആര്‍എസ്എസ്-ബിജെപി അക്രമത്തില്‍ പ്രതിഷേധിക്കുക: സിപിഐ എം


പാലക്കാട് ജില്ലയില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും അക്രമികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ സിപിഐ എമ്മാണെന്ന് വലതുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതിന്റെ മറവിലാണ് ബിജെപി-ആര്‍എസ്്എസ് നേതൃത്വത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത്. ഏറ്റവും ഒടുവില്‍ കടുക്കാംകുന്നത്ത് സിപിഐ എം മലമ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സുരേന്ദ്രന്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സഞ്ജു, പ്രകാശന്‍ എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകോപനമൊന്നും ഇല്ലാതെയാണ് ബിജെപി സംഘംആക്രമിച്ചത്. ഡിവൈഎഫ്ഐയുടെ കൊടിയും പ്രാചാരണ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. കടുക്കാംകുന്നത്ത് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോഴത്തെ അക്രമത്തിനും നേതൃത്വം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വന്ന സിപിഐ എം പ്രവര്‍ത്തകനെ സിവില്‍ സ്റ്റേഷനകത്ത് ആര്‍എസ്എസ്-ബിജെപി സംഘം കുത്തി പരിക്കേല്‍പ്പിച്ചു. പുതുപ്പരിയാരം ലോക്കല്‍കമ്മിറ്റിയംഗമായ ഷിമല്‍കുമാറിനെയാണ് സംഘം ആക്രമിച്ചത്. വടക്കഞ്ചേരി മുടപ്പല്ലൂരില്‍ സ്കൂള്‍ബസ്് തടഞ്ഞു നിര്‍ത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സുരേഷ്ബാബുവിനെ വധിക്കാന്‍ ശ്രമിച്ചതും ഈയിടെയാണ്. കേസില്‍ ആര്‍എസ്എസ് നേതാക്കളുള്‍പ്പെടെ അറസ്റ്റിലായി. ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനീഷിനെ മൃഗീയമായി കൊലപ്പെടുത്തിയതും ആര്‍എസ്എസ് സംഘമാണ്. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ സിപിഐ എം പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്ന വ്യാമോഹത്തിലാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം. തികഞ്ഞ ആത്മസംയമനം പാലിച്ചാണ് ജില്ലയില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്നത്. ഇത് ദൗര്‍ബല്യമായി കാണരുത്. ആക്രമണം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരും. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസ് നിഷ്ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുരേന്ദ്രന്‍, സഞ്ജു, പ്രകാശന്‍ എന്നിവരെ ആശുപത്രിയിലെത്തി സി കെ രാജേന്ദ്രന്‍ സന്ദര്‍ശിച്ചു.

സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത് ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

മലമ്പുഴ: പാലക്കാട് മലമ്പുഴ കടുക്കാംകുന്നത്ത് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ ആര്‍എസ്എസുകാര്‍. 2007 ഒക്ടോബറില്‍ കടുക്കാംകുന്നത്ത് സിപിഐ എം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണനെയും രവീന്ദ്രനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉടേഷെന്ന സുരേഷ്, കുട്ടായി രാജേഷ്, മുരുകന്‍, ശശി എന്നിവരാണ് ഈ ആക്രമണത്തിനും ചുക്കാന്‍ പിടിച്ചത്. ഇതിനു പുറമെ കൃഷ്ണദാസ്, സുധാകരന്‍, ശിവദാസ് (സ്വാമിയാര്‍) എന്നിവരും ഒപ്പമുണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരും വാടക കൊലയാളികളുമാണ് ഇവര്‍.

സിപിഐ എം മലമ്പുഴ ലോക്കല്‍ കമ്മിറ്റിയംഗം സുരേന്ദ്രന്‍, ബ്രാഞ്ച് അംഗങ്ങളായ പ്രകാശന്‍, സഞ്ജു എന്നിവരെയാണ് കഴിഞ്ഞ ദിവസം ബിജെപി-ആര്‍എസ്എസ് സംഘം ആക്രമിച്ചത്. വടിവാളും ഇരുമ്പ് ദണ്ഡുമായാണ് സംഘം സിപിഐ എം പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഒന്നരവര്‍ഷം മുമ്പ് സുരേന്ദ്രനെ ഇതേ അക്രമി സംഘം വീട്ടില്‍ ക്കയറി ആക്രമിച്ചിരുന്നു. അന്ന് ഇവര്‍ക്കെതിരെ കേസെടുത്തതാണ്. ഡിവൈഎഫ്ഐ മലമ്പുഴ വില്ലേജ് ജോയന്റ് സെക്രട്ടറി ജയേഷിനെ ആക്രമിച്ച കേസിലും ഇതേ ആര്‍എസ്എസ് സംഘം പ്രതികളാണ്. ആര്‍എസ്എസിന്റെ വാടക കൊലയാളികള്‍ നാട്ടിലാകെ തുടര്‍ച്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

deshabhimani 310712

1 comment:

  1. പാലക്കാട് ജില്ലയില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും അക്രമികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

    ReplyDelete