Monday, July 30, 2012

ഇനി മൊബൈല്‍ഫോണിലൂടെ പണം അയക്കാം


മൊബൈല്‍ഫോണിലൂടെ പണം അയയ്ക്കാനും കൈപ്പറ്റാനുമുള്ള "മൊബൈല്‍ റെമിറ്റന്‍സ് സ്കീം" തപാല്‍ വകുപ്പ് തുടങ്ങുന്നു. ബിഎസ്എന്‍എല്ലിന്റെ സംവിധാനം ഉപയോഗിച്ചുള്ള പദ്ധതി ആഗസ്ത് അവസാനമോ സെപ്തംബര്‍ ആദ്യവാരമോ നിലവില്‍ വരുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി പറഞ്ഞു. പ്രസ്ക്ലബിന്റെ "മീറ്റ് ദ പ്രസി"ല്‍ സംസാരിക്കുകയായിരുന്നു അവര്‍.

പണം നല്‍കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സമീപ പോസ്റ്റ്ഓഫീസിലെത്തി തുകയും സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പരും കിട്ടേണ്ടയാളുടെ മൊബൈല്‍ നമ്പരും എത്തേണ്ട സ്ഥലവും നല്‍കണം. പണം അടച്ചു കഴിഞ്ഞാലുടന്‍ ലഭിക്കേണ്ടയാളുടെ മൊബൈല്‍ഫോണില്‍ സന്ദേശം എത്തും. അതോടൊപ്പം പണം ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസിലും അറിയിപ്പ് എത്തും. അവിടെയെത്തി പണം കൈപ്പറ്റാം. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് ഈ പദ്ധതി പ്രയോജനകരമാണ്. കേരളം, ബീഹാര്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ആദ്യപടിയായി ഈ സേവനം ലഭ്യമാക്കുന്നത്. കേരളത്തില്‍ ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ 30 പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക.

കേരളത്തില്‍ തപാല്‍ ഓഫീസുകളിലെ കംപ്യൂട്ടര്‍വല്‍ക്കരണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമാവും. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വകുപ്പ് ഇ-സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിലവില്‍ ഇ-ഗവേണന്‍സിന്റെ ഭാഗമായി കെട്ടിടനികുതി സ്വീകരിച്ചു തുടങ്ങി. ജല അതോറിറ്റി ബില്ലുകള്‍ സ്വീകരിക്കുന്നത് തിരുവനന്തപുരത്ത് പരീക്ഷണാര്‍ഥം ആരംഭിച്ചു. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തപാല്‍വകുപ്പിന്റെ കോര്‍ബാങ്കിങ് സൗകര്യം രണ്ടാംഘട്ടമായി കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 56 പോസ്റ്റ്് ഓഫീസുകളില്‍ എടിഎം സൗകര്യം ലഭ്യമാക്കും. എല്ലാ മുഖ്യ തപാല്‍ ഓഫീസുകളിലും ഇതുണ്ടാവും. കേരളത്തില്‍ തുടക്കത്തില്‍ 160 തപാല്‍ ഓഫീസുകളെ ബന്ധപ്പെടുത്തിയാവും കോര്‍ബാങ്കിങ് നടപ്പാക്കുക. ഭാവിയില്‍ ഗ്രാമപ്രദേശങ്ങളിലെ പോസ്റ്റ്ഓഫീസുകളെയും ഇതുമായി ബന്ധിപ്പിക്കും-ശോഭ കോശി വ്യക്തമാക്കി.

deshabhimani 300712

No comments:

Post a Comment