Friday, July 27, 2012

വന്‍കിട ഹോട്ടലുകളെ തൊടാത്ത റെയ്ഡ് പ്രഹസനമായി


ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന്, സംസ്ഥാനത്ത് ആരംഭിച്ച ഹോട്ടല്‍ റെയ്ഡുകള്‍ പ്രഹസനമായി മാറി. വന്‍കിട ഹോട്ടലുകാരെ തൊടാതെ തട്ടുകടകളും ചെറുകിട ഹോട്ടലുകളും അടപ്പിച്ച് റെയ്ഡുകള്‍ ചാനല്‍ഷോ ആയെന്നും ആക്ഷേപം ഉയരുന്നു. തലസ്ഥാനത്ത് വഴുതക്കാട്ടെ സല്‍വ കഫെയില്‍നിന്ന് ഷവര്‍മ കഴിച്ച് മാവേലിക്കര വീയപുരം മേല്‍പ്പാടം ആറ്റുമാലില്‍ സച്ചിന്‍ മാത്യു റോയി മരിക്കുകയും നടന്‍ തിലകന്റെ മകന്‍ ഷോബി തിലകനും കുടുംബവും ഗുരുതരാവസ്ഥയിലാകുകയും ചെയ്തതോടെയാണ് പരക്കെ റെയ്ഡ് ആരംഭിച്ചത്. എന്നാല്‍, ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട റെയ്ഡുകളുടെ തീവ്രത ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യേഗസ്ഥര്‍ വന്‍കിട നക്ഷത്ര ഹോട്ടലുകള്‍ കണ്ടില്ലെന്ന് നടിച്ചൂ. വന്‍കിട ഹോട്ടലുകളില്‍ പേരിനുമാത്രം നടത്തിയ റെയ്ഡാകട്ടെ, മാധ്യമങ്ങളെയൊന്നും അറിയിക്കാതെയുമായിരുന്നു. പിഴയെടുക്കല്‍ മാത്രമായിരുന്നു ഇവര്‍ക്കുള്ള ശിക്ഷ. അതാകട്ടെ അവരുടെ ഒരുദിവസത്തെ വരുമാനത്തിന്റെ ചെറിയ ശതമാനം വരുന്ന തുകയും.

അതേസമയം, തട്ടുകടകളിലും ചെറുകിട ഹോട്ടലുകളിലും ആക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു റെയ്ഡ്. വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയ ഉദ്യോഗസ്ഥര്‍ ചാനലുകളുടെ അകമ്പടിയോടെ കടകളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ജീവിതമാര്‍ഗം തടയരുതെന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന കട ഉടമകളുടെ വിലാപം ചാനലുകള്‍ ആഘോഷമാക്കി മാറ്റി. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി പിഴചുമത്തിയ ഹോട്ടുകള്‍ക്ക് പിന്നാലെ എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയ സംഭവങ്ങളുമുണ്ടായി. ഹോട്ടലുകളുടെ അടുക്കളയില്‍ മാത്രം പരിശോധനകള്‍ ഒതുങ്ങുകയും ചെയ്യുന്നു. ചത്തുചീഞ്ഞ കോഴികളും ആടും മാടും എല്ലാം ചെക്പോസ്റ്റുകള്‍ വഴി എത്തുന്നത് തടയാന്‍ ഇപ്പോഴും നടപടിയില്ല. ഗുരുതരമായ രോഗം ബാധിച്ച മൃഗങ്ങളും ഇതില്‍പ്പെടുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ചെക്പോസ്റ്റുകളില്‍ നടപ്പാക്കിയിരുന്ന പരിഷ്കാരങ്ങള്‍ അട്ടിമറിച്ചതും തിരിച്ചടിയായി.

deshabhimani 260712

1 comment:

  1. ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന്, സംസ്ഥാനത്ത് ആരംഭിച്ച ഹോട്ടല്‍ റെയ്ഡുകള്‍ പ്രഹസനമായി മാറി. വന്‍കിട ഹോട്ടലുകാരെ തൊടാതെ തട്ടുകടകളും ചെറുകിട ഹോട്ടലുകളും അടപ്പിച്ച് റെയ്ഡുകള്‍ ചാനല്‍ഷോ ആയെന്നും ആക്ഷേപം ഉയരുന്നു.

    ReplyDelete