Monday, July 30, 2012

ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് കേന്ദ്രത്തിലേക്കെന്ന് പ്രതിയുടെ മൊഴി


കൊയിലാണ്ടിയില്‍ സ്ഫോടനമുണ്ടായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും ബോംബുകള്‍ നിര്‍മിച്ച് നല്‍കിയത് തലശേരി, ധര്‍മടം ഭാഗങ്ങളിലെ ആര്‍എസ്എസ് കേന്ദ്രങ്ങളിലേക്ക്. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ജയദത്ത് വിഹാറില്‍ ജ്യോഷിറാമിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. തലശേരിയിലെ ദിനേശന്റെ നിര്‍ദേശമനുസരിച്ചാണ് കൊയിലാണ്ടി മാരാംമുറ്റം തെരുവിലെ വീട്ടില്‍ ബോംബ് നിര്‍മാണം നടത്തുന്നതത്രെ. ആര്‍എസ്എസിന്റെ ക്രിമിനല്‍ സംഘവുമായി ദിനേശന് ബന്ധമുള്ളതായറിയുന്നു. സ്ഫോടനശേഷി വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ക്ലോറൈറ്റ് മിക്സ്ചര്‍ എന്ന നിരോധിച്ച രാസവസ്തു ഉപയോഗിക്കുന്നത്. സ്ഫോടനം ഉണ്ടായ ഉടനെ വീട്ടില്‍ സൂക്ഷിച്ചുവെച്ച ഒരു കിലോ ക്ലോറൈറ്റ് മിശ്രിതം നശിപ്പിച്ചതായി ചോദ്യംചെയ്യലില്‍ ജ്യോഷിറാം സമ്മതിച്ചു. വീട്ടില്‍നിന്നും അമ്പതോളം സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു.
നിരോധിച്ച സ്ഫോടക വസ്തു എവിടെനിന്ന് കിട്ടി, എവിടെയൊക്കെ ബോംബുകള്‍ നിര്‍മിച്ച് നല്‍കി എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം മാത്രമേ സാധിക്കൂവെന്ന് എസ്ഐ സുനില്‍ പറഞ്ഞു.

കൊയിലാണ്ടിയില്‍ അടുത്ത കാലത്തായി നടന്നിട്ടുള്ള ബോംബ് സ്ഫോടനങ്ങളിലെല്ലാം ആര്‍എസ്എസിന് ജ്യോഷിറാമിന്റെ സഹായം ലഭിച്ചതായാണ് വിവരം. സിപിഐ എം മുന്‍ ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ വീടിന് നേരെ ഒമ്പത് തവണ ബോംബെറിഞ്ഞിട്ടുണ്ട്. തലശേരിയിലെ ധര്‍മടത്തുനിന്ന് നാല് വര്‍ഷം മുമ്പാണ് ജ്യോഷിറാമിന്റെ കുടുംബം കൊയിലാണ്ടിയിലെത്തിയത്. അടുക്കളയില്‍ സ്ഫോടനം ഉണ്ടായ ഉടനെ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്. ഗ്യാസ് സിലിന്‍ഡര്‍, കുക്കര്‍, പടക്കം എന്നിവ പൊട്ടിയതാണെന്ന് വരുത്താനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചത്. ആളുകള്‍ എത്തിയതോടെ ഈ വാദങ്ങളെല്ലാം പൊളിഞ്ഞു.

deshabhimani 300712

No comments:

Post a Comment