Monday, July 30, 2012

എയ്ഡഡ് സ്‌കൂള്‍ വിവാദം യു ഡി എഫ് പ്രതിസന്ധിയില്‍


മലബാറിലെ 35 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന പ്രശ്‌നത്തില്‍ വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും രണ്ട് തട്ടിലായതോടെ യു ഡി എഫ് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഖജനാവിന് പ്രതിമാസം ഒരു കോടി രൂപയുടെ അധികബാധ്യതവരുത്തുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. അതേസമയം എയ്ഡഡ് പദവിക്കായി സമ്മര്‍ദ്ദം തുടരുമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ എന്നതുപോലെ എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ലെന്ന് മുസ്‌ലിംലീഗ് സൂചന നല്‍കിക്കഴിഞ്ഞു.

ഇതിനുമുന്‍പും എയ്ഡഡ് പദവി നല്‍കുന്നതിനെതിരെ ധനവകുപ്പ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും അത് മറികടന്നുകൊണ്ടാണ് മന്ത്രിസഭ എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് യു ഡി എഫിനുള്ളിലും ഏറെ  കോളിളക്കം സൃഷ്ടിച്ചു. കൂടാതെ ഭരണപ്രതിപക്ഷ അധ്യാപകസംഘടനകളും തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. കെ പി സി സി ഏകോപനസമിതിയും എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടതെന്ന ആരോപണം ആദ്യംമുതലേ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എയ്ഡഡ് പദിവി നല്‍കുന്നതിന്റെ ഭാഗമായുള്ള വിയോജിപ്പ് ധനവകുപ്പ്  മുഖ്യമന്ത്രിയെ അറിയിച്ചത്.

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ധനവകുപ്പ് ഇതിന്റെ ഫയല്‍ വീണ്ടും മടക്കിയതിനെക്കുറിച്ച് തനിക്ക് അറിയില്ല.

ഈ സ്‌കൂളുകള്‍ക്കായി നിലവില്‍ ചെലവഴിക്കുന്ന പണത്തിന് പുറമേ രണ്ടു കോടിയില്‍ താഴെ രൂപ മാത്രമേ എയ്ഡഡ് പദവി നല്‍കിയാല്‍ സര്‍ക്കാരിന് അധികമായി ചെലവഴിക്കേണ്ടി വരുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ പ്രതിമാസം ഒരു കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന കണ്ടെത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ  മജീദ്. പ്രൊട്ടക്ഷനില്ലാതെ വര്‍ഷങ്ങള്‍ക്കുമുമ്പേ ജോലി നഷ്ടപ്പെട്ട 1200 അധ്യാപകരെ തിരിച്ചുകൊണ്ടുവന്ന് ശമ്പളം കൊടുക്കുകയും ആയിരക്കണക്കിനു അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത സര്‍ക്കാര്‍ കേവലം 238 പേരുടെ ആനുകൂല്യം വരുമ്പോള്‍ മാത്രം സാമ്പത്തിക ബാധ്യതയുടെ പേരില്‍  ഈ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്ന് മജീദ് പറഞ്ഞു.

janayugom 300712

1 comment:

  1. മലബാറിലെ 35 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന പ്രശ്‌നത്തില്‍ വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും രണ്ട് തട്ടിലായതോടെ യു ഡി എഫ് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഖജനാവിന് പ്രതിമാസം ഒരു കോടി രൂപയുടെ അധികബാധ്യതവരുത്തുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. അതേസമയം എയ്ഡഡ് പദവിക്കായി സമ്മര്‍ദ്ദം തുടരുമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ എന്നതുപോലെ എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ലെന്ന് മുസ്‌ലിംലീഗ് സൂചന നല്‍കിക്കഴിഞ്ഞു.

    ReplyDelete