Wednesday, July 25, 2012

സംഘടന-രാഷ്ട്രീയ കെട്ടുറപ്പോടെ മുന്നോട്ടുപോകും


രാഷ്ട്രീയവും സംഘടനാപരവുമായ കെട്ടുറപ്പോടെ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തിനും നടപടികള്‍ക്കും എതിരായ പ്രക്ഷോഭം ശക്തമാക്കും. രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മിറ്റി യോഗതീരുമാനം റിപ്പോര്‍ട്ട് ചെയ്തു. പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങള്‍ ലംഘിച്ചതിന് വി എസ് അച്യുതാനന്ദന് എതിരായി സ്വീകരിച്ച അച്ചടക്കനടപടിയും കേരളകാര്യങ്ങളെപ്പറ്റി കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയവും കാരാട്ട് വിശദീകരിച്ചു. ഇതിന്മേല്‍ ചര്‍ച്ച നടന്നു. യോഗത്തില്‍ എം എ ബേബിയാണ് അധ്യക്ഷന്‍. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു. ചര്‍ച്ച ബുധനാഴ്ചയും തുടരും.

ഐഎന്‍എ, ഝാന്‍സി റാണി റെജിമെന്റ് എന്നിവയിലൂടെ സ്വാതന്ത്ര്യസമരപ്പോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മിക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. പാര്‍ടി ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മിറ്റി അംഗമായും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മി, അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും രക്ഷാധികാരിയുമാണ്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ നിര്യാണത്തില്‍ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും ഗ്രന്ഥകര്‍ത്താവുമായിരുന്ന നെയ്യാറ്റിന്‍കര ആര്‍ നാഗപ്പന്‍നായര്‍, സിപിഐ എം കടയ്ക്കാവൂര്‍ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി എം സൈനുലാബ്ദീന്‍, ഗോവ വിമോചനപ്പോരാളിയും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായ വടകര ചോമ്പാലിലെ ഗോവ മമ്മു, പുന്നപ്ര- വയലാര്‍ സമരസേനാനി വി കെ സുകുമാരന്‍, പ്രമുഖ തുളു ഭാഷാ പണ്ഡിതനും കേരള തുളു അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന വെങ്കിടരാജ പുണിഞ്ചിത്തായ, ചലച്ചിത്രതാരം രാജേഷ് ഖന്ന, ഗുസ്തിതാരവും മുന്‍ രാജ്യസഭാംഗവും നടനുമായിരുന്ന ദാരാസിങ്, നടനും ഗായകനുമായിരുന്ന സൈഗാള്‍ ജോസഫ്, 40 വര്‍ഷത്തോളം പാര്‍ടി ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്ന ശിവന്‍ എന്നിവരുടെ നിര്യാണത്തിലും സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

deshabhimani 250712

No comments:

Post a Comment