Monday, July 30, 2012

കുനിയില്‍ ഇരട്ടക്കൊല: ലീഗ് നേതാക്കളുടെ പങ്കിന് തെളിവ്


അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പി കെ ബഷീര്‍ എംഎല്‍എ, ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടി എന്നിവരുടെ പങ്കാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇരുവരുടെയും അറസ്റ്റ് തടയാന്‍ ഭരണതലത്തില്‍ സമ്മര്‍ദമുള്ളതായാണ് വിവരം. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ അഹമ്മദ്കുട്ടി മുഖ്യ പങ്കുവഹിച്ചതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 ഫെബ്രുവരി 20ന് കുനിയില്‍ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുംബത്തെ വകവരുത്താനും അതിനായി ഒന്നിക്കാനും ഇയാള്‍ ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ ഓഡിയോ സിഡി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസിയായ വ്യക്തി റെക്കോര്‍ഡ് ചെയ്ത ശബ്ദം അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ കൊലചെയ്യാന്‍ ആഹ്വാനംചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പ്രസംഗം തന്റേതുതന്നെയാണെന്ന് അഹമ്മദ്കുട്ടി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കൂടുതല്‍ വ്യക്തതക്കുവേണ്ടി ശബ്ദം തിങ്കളാഴ്ച ശാസ്ത്രീയമായി പരിശോധിക്കും. പകല്‍ 12ന് ആകാശവാണി മഞ്ചേരി എഫ്എം നിലയത്തിലാണ് പരിശോധന. തുടര്‍ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയക്കും. അഹമ്മദ്കുട്ടി അറസ്റ്റിലായാല്‍ പി കെ ബഷീര്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. കൊലപാതകം നടന്ന രാത്രിയിലും പിറ്റേദിവസവും പാറമ്മല്‍ അഹമ്മദ്കുട്ടിയും മറ്റ് പ്രധാന പ്രതികളും എംഎല്‍എ പി കെ ബഷീറിനെ നിരന്തരം ഫോണില്‍ വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. അഹമ്മദ്കുട്ടിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന നിലപാടിലാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം. അതിനുള്ള തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. എന്നാല്‍ അറസ്റ്റിന് മേലധികാരികളുടെ അനുമതികിട്ടിയിട്ടില്ല. അറസ്റ്റ് ഒഴിവാക്കാന്‍ മുസ്ലിംലീഗ് ജില്ലാ നേതൃത്വം കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.

deshabhimani 300712

No comments:

Post a Comment