Sunday, July 29, 2012

കാര്‍ഷിക സബ്സിഡിയും ഇല്ലാതാകും


വൈദ്യുതിനിരക്കിലെ വന്‍ വര്‍ധന കാര്‍ഷിക മേഖലയേയും കടുത്ത പ്രതിസന്ധിയിലാക്കും. സൗജന്യ വൈദ്യുതിയും ഇല്ലാതാകും. പ്രധാനമായി നെല്‍ക്കൃഷിയെയാണ് ഇത് പ്രതിസന്ധിയിലാക്കുക. സബ്സിഡി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ കൃഷിക്ക് നിലവില്‍ ലഭിക്കുന്ന വൈദ്യുതി ഇളവും അവസാനിപ്പിക്കുമെന്നതിന്റെ സൂചനയാണ്. യുഡിഎഫ് അധികാരമേറ്റതുമുതല്‍ വൈദ്യുതി ഇളവു കുറയ്ക്കാന്‍ നീക്കം തുടങ്ങിയിരുന്നു. കൃഷിഭവന്‍വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന സൗജന്യ വൈദ്യുതി പലയിടത്തും ഇല്ലാതാക്കി. കൃഷിക്കാര്‍ക്കുള്ള സൗജന്യ വൈദ്യുതി വിച്ഛേദിക്കാനും തുടങ്ങി. കര്‍ഷകരുടെയും കര്‍ഷകസംഘത്തിന്റെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇത് തടഞ്ഞത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കൃഷിഭവന്റെ വൈദ്യുതി കുടിശ്ശിക 21.5 കോടി രൂപയാണ്. കുടിശ്ശിക തീര്‍ക്കാതെ കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി നല്‍കാനാവില്ലെന്ന നിലപാടാണ് ബോര്‍ഡിന്റേത്. പ്രതിവര്‍ഷം 100 കോടിയിലേറെ രൂപയാണ് കാര്‍ഷികമേഖലയിലെ വൈദ്യുതി ഇളവിന് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഇത് തുടരാനാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചതോടെ സൗജന്യം ഇല്ലാതാകുമെന്ന് ഉറപ്പായി. 70 ശതമാനത്തിലേറെ കര്‍ഷകരും വൈദ്യുതി സൗജന്യമുള്ളതുകൊണ്ടുമാത്രം കൃഷി തുടരുന്നവരാണ്. രണ്ടര ഏക്കറില്‍ താഴെ ഭൂമിയുള്ള നാമമാത്ര കര്‍ഷകര്‍ 40 ശതമാനവും രണ്ടര മുതല്‍ അഞ്ചേക്കര്‍ വരെയുള്ള ചെറുകിട കര്‍ഷകര്‍ 30 ശതമാനവും വരും.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂപരിധി നോക്കാതെ എല്ലാ നെല്‍കര്‍ഷകര്‍ക്കും കൃഷിക്ക് വൈദ്യുതി സൗജന്യമാക്കിയിരുന്നു. അഞ്ചേക്കര്‍വരെയുള്ള കരകൃഷിക്കാര്‍ക്കും വൈദ്യുതി സൗജന്യമാണ്. സംസ്ഥാനത്ത് 35 ലക്ഷം നാളികേര കര്‍ഷകരും പത്തു ലക്ഷത്തോളം നെല്‍കര്‍ഷകരുമുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, ജാതി, പച്ചക്കറി തുടങ്ങിയ കൃഷിക്കെല്ലാം നവംബര്‍മുതല്‍ ജലസേചനം തുടങ്ങണം. ഇതെല്ലാം അട്ടിമറിക്കുന്നതാകും സര്‍ക്കാര്‍ നീക്കം. നിലവില്‍ അഞ്ചേക്കറില്‍ കൂടുതലുള്ള കര്‍ഷകര്‍ക്ക് ഇളവുകളില്ല. വൈദ്യുതിനിരക്കിലെ 30 ശതമാനത്തോളം വര്‍ധന ഈ വിഭാഗത്തിന് കനത്ത ആഘാതമാകും. കാര്‍ഷിക മേഖലയെ തകര്‍ക്കുംവിധം വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ച യുഡിഎഫ് നിലപാട് തിരുത്തണമെന്നാവശ്യപ്പട്ട് ആഗസ്ത് ഒന്നിന് കര്‍ഷകസംഘം വൈദ്യുതി ഓഫീസുകള്‍ക്കുമുന്നില്‍ സമരം നടത്തും.
(വി എം രാധാകൃഷ്ണന്‍)

വൈദ്യുതി നിരക്ക് യഥാര്‍ഥ ചെലവിനേക്കാള്‍ കൂടുതല്‍: സിഐഐ

കൊച്ചി: വൈദ്യുതിനിരക്ക് 30 ശതമാനത്തിലേറെ ഉയര്‍ത്താനുള്ള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ ശുപാര്‍ശ സംസ്ഥാനത്തെ വ്യവസായങ്ങളെ ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടാസ്ക്ഫോഴ്സ് ഓണ്‍ പവര്‍ ചെയര്‍മാന്‍ ഉമാംഗ് പട്ടോഡിയ പറഞ്ഞു.

സംസ്ഥാനത്തെ നിര്‍മാണമേഖലയെ നിരക്കുവര്‍ധന ഗുരുതരമായി ബാധിക്കും. മിനറല്‍, പേപ്പര്‍, ടെക്സ്റ്റൈല്‍ തുടങ്ങിയ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും എംഎസ്എംഇ വ്യവസായമേഖലയ്ക്കും നിരക്കുവര്‍ധന ദോഷകരമാണ്. കെഎസ്ഇബിക്കുള്ള ചെലവിലും വളരെ കൂടുതലാണ് യൂണിറ്റിന് ഇപ്പോള്‍ ഈടാക്കുന്നത്. ഇത് കേന്ദ്ര റെഗുലേറ്ററി അതോറിറ്റി നല്‍കിയ സബ്സിഡി നിര്‍ദേശങ്ങള്‍ക്കെതിരാണ്. വൈദ്യുതിനിരക്കിലെ ഉയര്‍ന്ന വര്‍ധന പുനര്‍ നിര്‍ണയം നടത്തണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

വൈദ്യുതിചാര്‍ജ് വര്‍ധന വാണിജ്യ-വ്യവസായ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. ഇത് സംസ്ഥാനത്ത് പുതിയ നിക്ഷേപസാധ്യതകള്‍ ഇല്ലാതാക്കും. കൂടാതെ ഉല്‍പ്പാദനച്ചെലവ് കൂടുന്നത് വ്യവസായമേഖലയുടെ വളര്‍ച്ചയെ ബാധിക്കും. വൈദ്യുതിമേഖലയിലെ ഉല്‍പ്പാദന-പ്രസരണ രംഗത്തും മാറ്റങ്ങള്‍ വരുത്തി വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചേംബര്‍ പ്രസിഡന്റ് പി എല്‍ പ്രകാശ് ജെയിംസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 290712

No comments:

Post a Comment