Friday, July 27, 2012

മദ്യനയം കോണ്‍ഗ്രസ് പണപ്പെട്ടി നിറക്കാന്‍


എക്‌സൈസ് വകുപ്പിന്റെ ഭരണം കയ്യാളുന്ന കോണ്‍ഗ്രസിന്റെ പണപ്പെട്ടി നിറയ്ക്കാന്‍വേണ്ടി മദ്യനയം തിരുത്തി. ബാറുകളുടെ കൈമാറ്റം, സ്ഥലംമാറ്റം എന്നീ വ്യവസ്ഥകള്‍ പുതുക്കിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തുടനീളം പണിനടന്നുവരുന്ന നാല്‍പതോളം ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കുവേണ്ടിയാണെന്ന ആരോപണം ഉന്നയിക്കുന്നത് എക്‌സൈസ് വകുപ്പിലെ തന്നെ  ഉന്നതര്‍.

ബാറുകളുടെ കൈമാറ്റ-സ്ഥലം മാറ്റവ്യവസ്ഥകള്‍, പണിതീരാറായ നക്ഷത്ര ഹോട്ടലുകള്‍ക്കു ബാറിനുള്ള അനുമതി എന്നിവ വഴി മുന്നൂറുകോടി രൂപയുടെ കോഴപ്പണമാണ് എക്‌സൈസ് വകുപ്പിലൂടെ കോണ്‍ഗ്രസിന്റെ പണപ്പെട്ടിയിലേയ്ക്ക് ഒഴുകാന്‍ പോകുന്നതെന്നും ഈ വൃത്തങ്ങള്‍ തറപ്പിച്ചു പറയുന്നു. മൂന്നാറില്‍ അഞ്ചുകോടിയുടെ വായ്പാ തട്ടിപ്പു നടത്തിയവരുടെ ഭാര്യമാരുടെ പേരിലുള്ള തലസ്ഥാനത്തെ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലഭിക്കാന്‍വേണ്ടി എക്‌സൈസ് വകുപ്പിലെ ഒരു അത്യുന്നതന് ഒരു കോടിരൂപ അഡ്വാന്‍സായി നല്‍കിക്കഴിഞ്ഞുവെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നു.

ഇത് തിരുത്തിയ മദ്യനയത്തിന്റെ മറവില്‍ നടക്കാന്‍പോകുന്ന അഴിമതി സുനാമിയുടെ പിന്നാമ്പുറക്കഥകളിലെ ഒരുമഞ്ഞുമലയുടെ ഭാഗം മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റ്റാര്‍പദവി ഇല്ലാത്ത ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ അതേ താലൂക്കിലെ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാറ്റി നല്‍കിയോ വില്‍ക്കുകയോ ചെയ്യാമെന്ന വ്യവസ്ഥയില്‍ ഒളിച്ചിരിക്കുന്നത് കോഴപ്പണം കൊയ്യാനുള്ള തന്ത്രങ്ങളാണത്രേ.

സ്പിരിറ്റ് കള്ളക്കടത്ത്, മദ്യത്തില്‍ മായം കലര്‍ത്തല്‍, അബ്കാരി നിയമ ലംഘനം, ക്ഷേമനിധി കുടിശ്ശിക തുടങ്ങിയ കുറ്റങ്ങളില്‍ പ്രതികളായ വമ്പന്മാരാണ് ഇപ്പോള്‍ പണിനടന്നുവരുന്ന ചതുര്‍നക്ഷത്ര, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഉടമകള്‍, ഇവരുടെയോ ഇവരുടെ ഭാര്യമാരുടെയോ പേരുകളില്‍ ബാര്‍ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല.
എന്നാല്‍ സ്റ്റാര്‍ സൗകര്യങ്ങള്‍ ഇല്ലാത്ത ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അതാതു താലൂക്കിലെ ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലേയ്ക്കു മാറ്റുകയോ വില്‍ക്കുകയോ ചെയ്യാമെന്ന തിരുത്തിയെഴുതിയ മദ്യനയത്തിലെ വ്യവസ്ഥ അബ്കാരി കുറ്റവാളികള്‍ പണിയുന്ന ഫോര്‍സ്റ്റാര്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലേയ്ക്ക് ഇത്തരം ബാറുകള്‍ പറിച്ചുനട്ട് ഭീമമായ കോഴവാങ്ങാനുള്ള സമര്‍ഥമായ തന്ത്രമാണെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറയുന്നു. ബാറുകള്‍ ഇപ്രകാരം കച്ചവടമാക്കുന്നവരില്‍ നിന്നും ബാറുകള്‍ നിയമവിധേയമായി വാങ്ങാന്‍ കഴിയാത്ത അബ്കാരി കുറ്റവാളികളായ നക്ഷത്രഹോട്ടല്‍ ഉടമകളില്‍ നിന്നും ഒരേസമയം കോഴവാങ്ങാനുള്ള ദ്വിമുഖതന്ത്രവും ഈ വ്യവസ്ഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. വിദേശ മദ്യഷാപ്പ് മുതലാളിമാര്‍ക്കും സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പ്പറേഷനും വേണ്ടി സംസ്ഥാനത്തെ കള്ളുവ്യവസായത്തെ കശാപ്പുചെയ്ത് ആയിരക്കണക്കിനു തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിക്കിട്ട് കള്ളുവ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളും മദ്യനയത്തിന്റെ വരികള്‍ക്കിടയിലൂടെ വായിക്കാം. സംസ്ഥാനത്തെ മുഴുവന്‍ കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഒരുവ്യവസ്ഥയും നയപ്രഖ്യാപനത്തിലില്ല. കള്ളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനുമുള്ള ഒരൊറ്റ നിര്‍ദ്ദേശമോ പദ്ധതിയോ സര്‍ക്കാരിനില്ല.

മദ്യശാലകളെ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുമെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നിയമസഭയിലും പുറത്തും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുമെന്നു പറഞ്ഞ അധികാരങ്ങളും പുതിയ നയത്തിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുത്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന 416 വിദേശമദ്യഷാപ്പുകള്‍ സംസ്ഥാനത്തുണ്ട്. പ്രാദേശികമായി ഈ മദ്യശാലകള്‍ക്കെതിരേ പ്രതിഷേധവുമുണ്ട്. ഇവയൊന്നും തൊടാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുന്നതല്ല. മാത്രമല്ല പുതുതായി അനുവദിക്കുന്ന ബാറുകളുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുമെന്നു പറഞ്ഞ അധികാരവും സര്‍ക്കാര്‍ തട്ടിയെടുത്തു.

ചുരുക്കത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി മദ്യമാഫിയകള്‍ക്കു പുതിയ മേച്ചില്‍ പുറങ്ങള്‍ തുറന്നുകൊടുക്കുന്നതാണ് ഇപ്പോഴത്തെ മദ്യനയമെന്ന ആരോപണവും വ്യാപകമാകുന്നു. 'ദീപസ്തംഭം മാഹാശ്ചര്യം...' എന്ന വഴിക്കുതന്നെയാണ് കോണ്‍ഗ്രസിന്റെ മദ്യനയം മുന്നേറുന്നത്.

കെ രംഗനാഥ് janayugom 270712

No comments:

Post a Comment