Tuesday, September 18, 2012

പ്ലസ്വണിന് 16,779 സീറ്റ് ബാക്കി

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് 16,779 സീറ്റ്. ശനിയാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ പ്രവേശനത്തിനുള്ള അവസാന തീയതി 17 ആക്കിയെങ്കിലും കാര്യമായ പ്രവേശനം നടക്കാന്‍ ഇടയില്ല. മലപ്പുറത്താണ് കൂടുതല്‍ സീറ്റൊഴിവ്- 2084. തിരുവനന്തപുരം-956, കൊല്ലം-969, പത്തനംതിട്ട-918, കോട്ടയം-880, ആലപ്പുഴ-1224, ഇടുക്കി-723, എറണാകുളം-1237, തൃശൂര്‍-1130, പാലക്കാട്-1634, കോഴിക്കോട്-1130, വയനാട്-592, കണ്ണൂര്‍-1836, കാസര്‍കോട്-1466 എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റ്.

മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഏകജാലക സംവിധാനം അട്ടിമറിച്ച് നടത്തിയ പ്രവേശന നടപടിയാണ് വിനയായത്. പ്രവേശനം വൈകിയതോടെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത് പാരലല്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. അടച്ച ഫീസ് മടക്കിക്കിട്ടില്ലെന്ന് വന്നതോടെയാണ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാത്തത്. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്നം തുടങ്ങി. ആദ്യ അലോട്ട്മെന്റില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിയതിനാല്‍ സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെട്ടു. രണ്ടാമത്തെതില്‍ സിബിഎസ്ഇക്ക് തത്തുല്യ ഗ്രേഡ് നിര്‍ണയിച്ചാണ് പ്രശ്നം പരിഹരിച്ചത്. 4,77,760 വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശനത്തിന് അപേക്ഷിച്ചത്. 2,50,393 സീറ്റ് അനുവദിച്ചതില്‍ അവസാനഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ 2,49,694 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 699 സീറ്റ് ഒഴിഞ്ഞുകിടന്നു. പിന്നീടാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ സീറ്റ് വര്‍ധിപ്പിച്ചത്. ഏകജാലക പ്രവേശനം അവസാനിപ്പിച്ച ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഒഴിവുള്ള സീറ്റുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിയമനാധികാരവുംനല്‍കി. മൂന്നു ജില്ലയില്‍ 30 സര്‍ക്കാര്‍ സ്കൂളിലായി 32 അധിക ബാച്ച് അനുവദിച്ച് വീണ്ടും ഉത്തരവിറങ്ങി. ഇതിലേക്കുള്ള പ്രവേശന നടപടി പൂര്‍ത്തിയായപ്പോഴാണ് 16,779 സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.

deshabhimani

No comments:

Post a Comment