Monday, September 17, 2012

വരുന്നത് ലീഗ് സിന്‍ഡിക്കറ്റ്; പണിക്കരെ ഒഴിവാക്കാന്‍ നീക്കം


കലിക്കറ്റ് സര്‍വകലാശാലയില്‍ അനഭിമതരെ ഒഴിവാക്കി മുസ്ലിംലീഗിന് പരിപൂര്‍ണ ആധിപത്യമുള്ള സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം. നിലവിലുള്ള സിന്‍ഡിക്കേറ്റിന്റെ കാലാവധി ഈ മാസം 21ന് അവസാനിക്കാനിരിക്കെ കൂടുതല്‍ ലീഗ് അംഗങ്ങളെ കുത്തിനിറച്ച് സിന്‍ഡിക്കേറ്റ് രൂപീകരിക്കാനാണ് തീരുമാനം. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗമായ ആര്‍ എസ് പണിക്കരെ ഒഴിവാക്കാനാണ് ലീഗ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിലെ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പണിക്കര്‍ ഉടക്കിട്ടത് ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. സര്‍വകലാശാലാ ഭൂമിദാന വിവാദം കൊഴുപ്പിച്ചതില്‍ പണിക്കര്‍ക്കുള്ള പങ്ക് ലീഗിനറിയാം. പണിക്കര്‍ക്കു പകരം ടി എന്‍ പ്രതാപന്‍ എംഎല്‍എയെ കൊണ്ടുവരാനാണ് നീക്കം. പണിക്കരെ മാത്രം മാറ്റുന്നത് വിവാദമാകുമെന്നതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരെയും മാറ്റേണ്ടിവരും. അബ്രഹാം പി മാത്യുവിന്റെ പേരാണ് ഈ വിഭാഗത്തില്‍ പറഞ്ഞുകേള്‍ക്കുന്നത്. ഇതിനായി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ പിന്തുണയും ലീഗിനുണ്ട്.

സിന്‍ഡിക്കേറ്റിലെത്താന്‍ ലീഗിലും വിലപേശല്‍ നടക്കുന്നു. ഭൂമിദാനം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെട്ട നിലവിലെ സിന്‍ഡിക്കേറ്റിനെ പൂര്‍ണമായി മാറ്റണമെന്ന് ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് നടക്കാന്‍ ഇടയില്ല. നിലവില്‍ ലീഗിലെ ടി വി ഇബ്രാഹിമാണ് സിന്‍ഡിക്കേറ്റിനെ നിയന്ത്രിക്കുന്നത്. ഇബ്രാഹിം തുടര്‍ന്നുകൊണ്ടുതന്നെ അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എയെയും ഉള്‍പ്പെടുത്തിയേക്കും. കഴിഞ്ഞവര്‍ഷം സിന്‍ഡിക്കേറ്റില്‍ ഇടം കിട്ടാത്തതിനാല്‍ നേതൃത്വത്തോട് പരാതിപറഞ്ഞ ഖാദറിനെ അനുനയിപ്പിക്കാനും ഇതുവഴി സാധിക്കും. 2011 സെപ്തംബര്‍ 21നാണ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രൂപീകരിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. കാലാവധി പൂര്‍ത്തിയാക്കിയ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിലാണ് പിരിച്ചുവിട്ട് നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രൂപീകരിച്ചത്. ഒരുവര്‍ഷം പിന്നിടാറായിട്ടും തെരഞ്ഞെടുപ്പ് എങ്ങുമെത്തിയിട്ടില്ല. ജനാധിപത്യരീതിയില്‍ സെനറ്റ് തെരഞ്ഞെടുപ്പ് നടത്താതെ ഓര്‍ഡിനന്‍സിറക്കി പുതിയ സിന്‍ഡിക്കേറ്റിനെ നാമനിര്‍ദേശംചെയ്യാനാണ് നീക്കം.

deshabhimani 170912

No comments:

Post a Comment