Monday, September 17, 2012

സ്വദേശി കുത്തകയുടെ നീരാളിപ്പിടിത്തത്തില്‍ സ്വന്തം "വര്‍ക്കീസ്" ഓര്‍മയായി


ചില്ലറവ്യാപാരമേഖലയില്‍ വിദേശമൂലധന നിക്ഷേപത്തിന് വഴിയൊരുങ്ങുമ്പോള്‍ സ്വദേശി കുത്തകയുടെ നീരാളിപ്പിടുത്തതില്‍ അകാലമൃത്യു വരിച്ച കേരളത്തിന്റെ സ്വന്തം "വര്‍ക്കീസ്‘ വിസ്മൃതിയില്‍. കേരളമാകെ പടര്‍ന്നുപന്തലിച്ച വര്‍ക്കീസ് ബേക്കറി ആന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റിന് ചില്ലറവ്യാപാരമേഖലയിലെ സ്വദേശി ഭീമന്മാരായ റിലയന്‍സിന്റെയും ബിര്‍ളയുടെയും കടന്നുവരവോടെയാണ് രംഗം വിടേണ്ടിവന്നത്. വിദേശികള്‍ കൂടി ഈ മേഖലയില്‍ എത്തുന്നതോടെ കേരളത്തിനുണ്ടാകുന്ന ദുരന്തം പ്രവചനാതീതമാണ്.

1926ല്‍ പ്രവര്‍ത്തനം തുടങ്ങിയ വര്‍ക്കീസിന് രണ്ടുവര്‍ഷം മുമ്പ് സംസ്ഥാനത്താകെ അറുപതോളം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നു. എട്ട് പതിറ്റാണ്ടത്തെ പ്രവര്‍ത്തനത്തിലൂടെ ജനവിശ്വാസം നേടിയ ബ്രാന്‍ഡായി വര്‍ക്കീസ് വളര്‍ന്നിരുന്നു. ചില്ലറ വ്യാപാരമേഖലയില്‍ പുതിയ രീതികള്‍ക്കു തുടക്കമിട്ട് വി മാര്‍ട്ട്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയും തുറന്നു. കുടുംബങ്ങള്‍ക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ എത്തിച്ച വര്‍ക്കീസിന്റെ പ്രതിവര്‍ഷ വിറ്റുവരവ് 180-200 കോടിയോളമായിരുന്നു. കച്ചവടത്തിലെ മികവും പ്രൊഫഷണലിസവും വ്യത്യസ്തമായ ഷോപ്പിങ് അനുഭവവും പകര്‍ന്ന് മേന്മയുടെ പര്യായമായിമാറിയ വര്‍ക്കീസ് രണ്ടുവര്‍ഷം മുമ്പാണ് സ്വദേശി കുത്തകയുടെ ചതിപ്രയോഗത്തില്‍ അടിതെറ്റിയത്. ചെറുനഗരങ്ങളില്‍ ഉള്‍പ്പെടെ വ്യാപിച്ച വ്യാപാരശൃംഖല അപ്പാടെ അടച്ചുപൂട്ടി. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ നാമമാത്ര സാന്നിധ്യം മാത്രം. അതും പഴയ പ്രതാപമൊന്നുമില്ലാതെ.

വര്‍ക്കീസിന്റെ പതനത്തോടെയാണ് ഈ രംഗത്തെ ദേശീയ കുത്തകകളായ റിലയന്‍സും ബിര്‍ളയും സംസ്ഥാനത്തെ ചില്ലറവില്‍പ്പന മേഖലയില്‍ പിടിമുറുക്കിയത്. റിലയന്‍സുമായുള്ള വ്യാപാര ഇടപാടിലാണ് വര്‍ക്കീസിന് അടിതെറ്റിയത്. വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം സംസ്ഥാനത്തെ ചില്ലറവില്‍പ്പനമേഖലയില്‍ കണ്ണുണ്ടായിരുന്ന റിലയന്‍സ് അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിച്ച അറുപതോളം വില്‍പ്പനശാലകള്‍ ഉള്‍പ്പെടെ 200 എണ്ണം വരെ ഏറ്റെടുക്കാന്‍ മോഹവിലയും റിലയന്‍സ് വാഗ്ദാനം ചെയ്തു. റിലയന്‍സിനുപുറമെ ബിര്‍ളയും ഗള്‍ഫിലെ ഒരു പ്രമുഖ വ്യവസായിയുംകൂടി ഈ ആവശ്യമുന്നയിച്ചു. വില്‍പ്പനശൃംഖല ഒറ്റയടിക്ക് വിപുലമാക്കാനായി പിന്നെ വര്‍ക്കീസിന്റെ ശ്രമം. കോടികള്‍ മുതലിറക്കി ചെറു നഗരങ്ങളില്‍ ഉള്‍പ്പെടെ വില്‍പ്പനശാലകള്‍ ഒരുക്കിയെങ്കിലും റിലയന്‍സ് തന്ത്രപരമായി പിന്മാറി. അതോടെ വര്‍ക്കീസ് വമ്പന്‍ സാമ്പത്തികകുരുക്കിലായി. പ്രവര്‍ത്തനമൂലധനം പോലും പലയിടത്തായി നിക്ഷേപിച്ചുകഴിഞ്ഞ വര്‍ക്കീസിന് അടച്ചുപൂട്ടലല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. ജനപ്രിയമായ ഒരു തനത് ബ്രാന്‍ഡ് അതോടെ അസ്തമിച്ചു.

ഉപഭോക്താക്കള്‍ സ്വീകരിച്ചു കഴിഞ്ഞ പ്രമുഖ ബ്രാന്‍ഡിനെ ഏറ്റെടുത്ത് ചില്ലറവില്‍പ്പന പിടിക്കാനായിരുന്നു വമ്പന്മാരുടെ ആദ്യ നീക്കം. എന്നാല്‍ വര്‍ക്കീസ് സാമ്പത്തികമായി തകര്‍ന്നുകഴിഞ്ഞതോടെ സ്വന്തം വില്‍പ്പന ശൃംഖലയുമായി അവര്‍ മുന്നോട്ടുപോയി. തിരിച്ചടി മറികടന്ന് വര്‍ക്കീസ് തിരിച്ചുവരുമെന്ന പ്രചാരണമുണ്ടായെങ്കിലും അതിനു കഴിയാത്തവിധം മറ്റുള്ളവര്‍ അപ്പോഴേക്കും രംഗം പിടിച്ചടക്കിയിരുന്നു. വര്‍ക്കീസിന്റെ പതനത്തോടെ റിലയന്‍സ് ഫ്രഷ,് ബിര്‍ള മോര്‍ തുടങ്ങിയവയുടെ സംസ്ഥാനത്തേക്കുള്ള പ്രവേശം എളുപ്പമായി. നിലവില്‍ റിലയന്‍സിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ചെറുനഗരങ്ങളില്‍ ഉള്‍പ്പെടെ 36 ചില്ലറ വില്‍പ്പനകേന്ദ്രങ്ങളുണ്ട്. മോര്‍, നീല്‍ഗിരീസ് എന്നിവയ്ക്ക് മുപ്പതോളം വില്‍പ്പനശാലകള്‍ വീതവും. ഇവയുടെ കടന്നുവരവ് തുടക്കത്തില്‍ വലിയ പ്രതിഷേധമുണ്ടാക്കിയെങ്കിലും ചെറുകിട ചില്ലറവ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിച്ച് സംസ്ഥാനത്താകെ ശൃംഖല വ്യാപിപ്പിക്കല്‍ തുടരുകയാണ്.

deshabhimani 170912

No comments:

Post a Comment