Sunday, September 16, 2012

കേരളത്തില്‍ യൂണിറ്റ് തുടങ്ങുന്നത് ഫോക്സ് വാഗണ്‍ അറിഞ്ഞില്ല !


എമര്‍ജിങ് കേരള വേദിയില്‍ കോടികളുടെ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ തട്ടിപ്പ് വെളിവാക്കി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ കമ്പനിയുടെ നിഷേധം. ഫോക്സ് വാഗന്‍ കമ്പനി കേരളത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കി എന്‍ജിന്‍ അസംബ്ലി യൂണിറ്റ് ആരംഭിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ്, തൊട്ടുപിന്നാലെ കമ്പനി അധികൃതര്‍ നിഷേധിച്ചത്. കേരളത്തില്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിട്ടില്ലെന്ന് കമ്പനി വക്താവ് അലക്സാണ്ടര്‍ ഷിബിത്ത് വ്യക്തമാക്കി.

എമര്‍ജിങ് കേരളയുടെ സമാപനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, കമ്പനിയോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് ഷിബിത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയ്ക്ക് പുറത്ത് ഇത്തരമൊരു യൂണിറ്റ് കമ്പനി ആലോചിക്കുന്നുണ്ട്. എന്നാല്‍, ഗുജറാത്തിലാണ് ഇതിന് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൊത്തം 40,000 കോടിയോളം രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി എമര്‍ജിങ് കേരള വേദിയില്‍ പ്രഖ്യാപിച്ചത്. അതില്‍ പ്രധാനമായാണ് ഫോക്സ്വാഗന്‍ കമ്പനിയുടെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. കള്ളക്കളി പൊളിഞ്ഞതോടെ, എമര്‍ജിങ് കേരളയില്‍ ഫോക്സ്വാഗന്‍ പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ ശനിയാഴ്ച വാര്‍ത്താക്കുറിപ്പ് ഇറക്കി.

കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് കൊടുമുടി, വിദേശവിഭാഗം മേധാവി പങ്കജ് ഗുപ്ത എന്നിവര്‍ 11ന് കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും 12ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയതായി കുറിപ്പില്‍ പറയുന്നു. എന്‍ജിന്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാന്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ ഭൂമിയുടെ സാധ്യത ആരാഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍, അനൗപചാരികമായി നടന്ന ഈ ചര്‍ച്ചയെയും കേവലം സാധ്യത ആരായലിനെയുമാണ് 2000 കോടിയുടെ ബൃഹദ്പദ്ധതിയായി മുഖ്യമന്ത്രിയും കൂട്ടരും അവതരിപ്പിച്ചത്.

deshabhimani 160912

1 comment:

  1. കേരളത്തില്‍ യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ച കാര്യം ഫോക്സ് വാഗണ്‍ അറിഞ്ഞിട്ടില്ലെങ്കില്‍ അത് അവരുടെ കുറ്റം. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് സ്റ്റാറ്റസ് നോക്കിയിരുന്നെങ്കില്‍ പുല്ലു പോലെ അറിയുമായിരുന്നു..നെറ്റ് സാവി അല്ലാത്ത ഇന്‍‌വെസ്റ്റേര്‍സിനെക്കൊണ്ടുള്ള ഓരോ തൊല്ലകള്‍..

    ReplyDelete