Sunday, September 16, 2012
വീതംവയ്പിന്റെ പേരില്‍ യുഡിഎഫില്‍ അങ്കം തുടങ്ങി
എമര്‍ജിങ് കേരളയുടെ സമാപനവേദിയില്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വന്‍കിട നിക്ഷേപമെത്തി എന്നുപറഞ്ഞ് നിമിഷങ്ങള്‍ക്കകം സ്വയം തിരുത്തി ധനമന്ത്രി കെ എം മാണി. മുഖ്യമന്ത്രിയെ ശാസനയുടെ രൂപത്തില്‍ പരസ്യമായി തിരുത്തിയും അവഗണിച്ചും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി. തുടക്കംമുതലേ വിവാദത്തിലായ എമര്‍ജിങ് കേരള മാമാങ്കത്തിന്റെ അവസാന അങ്കം യുഡിഎഫില്‍ ഉടലെടുത്തുകഴിഞ്ഞ കൂട്ടക്കുഴപ്പം പുറത്തുചാടിയ വേദികൂടിയായി.
എമര്‍ജിങ് കേരളയുടെ മറവില്‍ നടന്ന പിന്നാമ്പുറ കച്ചവടങ്ങളുടെയെല്ലാം ആദായം സ്വന്തം കീശയിലാക്കാന്‍ ഉമ്മന്‍ചാണ്ടിയും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും മത്സരിക്കുന്ന കാഴ്ചയാണ് സമാപനദിവസം കണ്ടത്. സമാപനവേദിയില്‍ രാത്രി ഏഴിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതേചൊല്ലി വാഗ്വാദവും നടന്നു. നിക്ഷേപതാല്‍പ്പര്യത്തോടെ വന്ന പദ്ധതികള്‍ വെളിപ്പെടുത്തണമെന്നായിരുന്നു യുഡിഎഫില്‍ നേരത്തെയുണ്ടായ ധാരണ. എന്നാല്‍, അവസാനിമിഷം കുഞ്ഞാലിക്കുട്ടി മലക്കംമറിഞ്ഞു. ഭൂമിദാനം ഉള്‍പ്പെടെ സൗജന്യങ്ങള്‍ വാഗ്ദാനംചെയ്ത വിവാദ പദ്ധതികള്‍ വ്യവസായവകുപ്പിന്റെ മാത്രം അറിവോടെ രഹസ്യധാരണയിലെത്തിയതാണ് കാരണം. വാഗമണിലെ മസാജ് പാര്‍ലര്‍, നിശാടനകേന്ദ്രം എന്നിവ ഒരു പ്രമുഖ ദല്ലാളുടെ ഇടനിലയില്‍ ചിലര്‍ക്ക് തീറെഴുതിയതായാണ് സൂചന. കൊച്ചിയിലെയും മലപ്പുറത്തെയും ചില സ്വകാര്യസംരംഭങ്ങള്‍ക്കും ഇത്തരത്തില്‍ കച്ചവടം ഉറപ്പിച്ചു. പരിപാടിയില്‍ ധാരണപത്രം ഒപ്പിടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ കാര്‍മികത്വത്തില്‍ അതും നടന്നു. എമര്‍ജിങ് കേരളയുടെ സംഘാടനം വ്യവസായവകുപ്പിന്റെ നേതൃത്വത്തിലായിരുന്നതിനാല്‍ എല്ലാകാര്യത്തിലും കുഞ്ഞാലിക്കുട്ടിക്കായിരുന്നു മേല്‍ക്കൈ. ഈ ഇടപാടുകളുടെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയും മാണിയും സമാപനദിവസം ശ്രമിച്ചത്.
14ന് ഉച്ചയ്ക്കു നടന്ന പ്ലീനറി സമ്മേളനത്തിനുശേഷം എമര്‍ജിങ് കേരളയിലൂടെ 2.80 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ വന്നതായി കെ എം മാണി മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചു. ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയിയുമായി സംസാരിച്ചതനുസരിച്ചാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വൈകിട്ട് നാലിനു നടന്ന സമാപന സമ്മേളനത്തില്‍ അധ്യക്ഷനായ ഉമ്മന്‍ചാണ്ടി 45 പദ്ധതികളിലൂടെ 40,000 കോടിയുടെ ഉറപ്പുള്ള നിക്ഷേപവാഗ്ദാനം കിട്ടിയതായാണ് വെളിപ്പെടുത്തിയത്. വാഗ്ദാനം ലഭിച്ച നിക്ഷേപപദ്ധതികളുടെ ലിസ്റ്റ് പിന്നീട് പിആര്‍ഡി പുറത്തിറക്കി. ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും മാത്രം അറിവോടെയാണ് ഈ ലിസ്റ്റ് ഇറങ്ങിയതെന്ന് ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ തെളിഞ്ഞു. തൊട്ടുമുമ്പുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ വാഗ്വാദങ്ങള്‍ക്കൊടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദത്തില്‍ പദ്ധതികള്‍ വെളിപ്പെടുത്തേണ്ടെന്നും മൊത്തം എത്ര നിക്ഷേപം എന്നു പറയേണ്ടെന്നും ധാരണയായിരുന്നു.
എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയ മുഖ്യമന്ത്രിയെ കുഞ്ഞാലിക്കുട്ടി പലവട്ടം വിലക്കി. നിക്ഷേപകരുടെ ലിസ്റ്റിനെക്കുറിച്ചു വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ലിസ്റ്റ് അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി ശബ്ദമുയര്‍ത്തി. പരസ്യ ഏജന്‍സി തയ്യാറാക്കിയ ലിസ്റ്റാണെന്നും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും പറഞ്ഞു. ഇതോടെയാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രിയും മാണിയും വേദി വിട്ടത്.
deshabhimani 160912
Subscribe to:
Post Comments (Atom)
എമര്‍ജിങ് കേരളയുടെ സമാപനവേദിയില്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വന്‍കിട നിക്ഷേപമെത്തി എന്നുപറഞ്ഞ് നിമിഷങ്ങള്‍ക്കകം സ്വയം തിരുത്തി ധനമന്ത്രി കെ എം മാണി. മുഖ്യമന്ത്രിയെ ശാസനയുടെ രൂപത്തില്‍ പരസ്യമായി തിരുത്തിയും അവഗണിച്ചും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി. തുടക്കംമുതലേ വിവാദത്തിലായ എമര്‍ജിങ് കേരള മാമാങ്കത്തിന്റെ അവസാന അങ്കം യുഡിഎഫില്‍ ഉടലെടുത്തുകഴിഞ്ഞ കൂട്ടക്കുഴപ്പം പുറത്തുചാടിയ വേദികൂടിയായി.
ReplyDelete