Wednesday, September 19, 2012

സ്പെക്ട്രം ജെപിസി കലങ്ങുന്നു


സ്പെക്ട്രം കുംഭകോണം അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനമന്ത്രി പി ചിദംബരം എന്നിവരെ വിളിച്ചുവരുത്തണമെന്ന ആവശ്യം സമിതി അധ്യക്ഷന്‍ പി സി ചാക്കോ തള്ളി. തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സമിതി യോഗം ബഹിഷ്കരിച്ചു. സമിതി അധ്യക്ഷനെന്ന നിലയില്‍ നിഷ്പക്ഷനായി പെരുമാറേണ്ട ചാക്കോ ഏകാധിപതിയെപ്പോലെ പെരുമാറുന്നതായി ബിജെപി ആരോപിച്ചു. 20ലെ ഭാരത് ബന്ദിന് ശേഷം സമിതിയില്‍ തുടരണോയെന്ന് തീരുമാനമെടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ അറിയിച്ചു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിളിക്കുന്ന കാര്യം സമിതിയില്‍ ഉന്നയിക്കാന്‍പോലും ചാക്കോ അനുവദിച്ചില്ലെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. ഇക്കാര്യം ഉന്നയിച്ച രവിശങ്കര്‍ പ്രസാദിനോട് ക്രുദ്ധനായാണ് പ്രതികരിച്ചത്. പുറമെനിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ജെപിസി അധ്യക്ഷന്റെ പ്രവര്‍ത്തനം. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനാണ് ചാക്കോയുടെ ശ്രമം. അപ്രസക്തരായ സാക്ഷികളെ വിളിച്ചുവരുത്തി തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. തങ്ങളുടെ വിയോജനം ജനങ്ങളുടെ മുമ്പാകെ എത്തിക്കും. തികച്ചും പക്ഷപാതപരമായ ഇത്തരമൊരു സമിതിയില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ല-സിന്‍ഹ പറഞ്ഞു.

എന്നാല്‍, താന്‍ ഏകാധിപതിയെപ്പോലെ പെരുമാറിയില്ലെന്ന് യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ ചാക്കോ പറഞ്ഞു. ഒരു കാരണവുമില്ലാതെയാണ് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയത്. നടപടിക്രമങ്ങളുമായി ബന്ധമില്ലാത്ത വിഷയമാണ് അവര്‍ ഉയര്‍ത്തിയത്. ബിജെപി സഖ്യകക്ഷികള്‍പോലും ഈ വിഷയത്തില്‍ അവരുടെ കൂടെയില്ല-ചാക്കോ പറഞ്ഞു. സ്പെക്ട്രം ഇടപാടിന്റെ കാലത്ത് കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആര്‍ സുബ്ബറാവു ചൊവ്വാഴ്ച സമിതി മുമ്പാകെ ഹാജരായി. സ്പെക്ട്രം വിതരണ വിഷയത്തില്‍ സാമ്പത്തികകാര്യ വകുപ്പിന് ലേലം ആവശ്യപ്പെടാമായിരുന്നെന്ന് ധനമന്ത്രാലയം 2011 മാര്‍ച്ച് 25ന് പുറത്തിറക്കിയ കുറിപ്പിന്റെ കാര്യത്തില്‍ തനിക്കും ഇപ്പോഴത്തെ ധനമന്ത്രി പി ചിദംബരത്തിനും ഒരേ അഭിപ്രായമാണെന്ന് സുബ്ബറാവു പറഞ്ഞു. അന്നത്തെ ധനസെക്രട്ടറി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ചിദംബരത്തെ ഇനിയും സമിതിയിലേക്ക് വിളിക്കേണ്ട ആവശ്യമില്ലെന്ന് ചാക്കോ യോഗത്തില്‍ അറിയിച്ചു.
(എം പ്രശാന്ത്)

deshabhimani 190912

No comments:

Post a Comment