Wednesday, September 19, 2012

നാണയ ദുരുപയോഗം: അധികൃതര്‍ക്ക് മൗനം


ഒരുരൂപ-അഞ്ചുരൂപ നാണയങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗവും പൊലീസും സമ്പൂര്‍ണ പരാജയം. കോടിക്കണക്കിന് നാണയങ്ങളാണ് വര്‍ഷംതോറും ഇറക്കുന്നത്. ഇതില്‍ ഒരുഭാഗം ഒഴുകുന്നത് രഹസ്യ കേന്ദ്രങ്ങളിലേക്കും. ബ്ലേഡും വാഷറും നിര്‍മിക്കാന്‍ നാണയങ്ങള്‍ ഉപയോഗിക്കുന്നതായി വാര്‍ത്ത വന്നിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല.

റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം ഒരുരൂപയുടെ 3400 കോടി നാണയം പ്രചാരത്തിലുണ്ട്. രണ്ടുരൂപയുടെ 3600 കോടിയും അഞ്ചുരൂപയുടെ 5000 കോടിയും 10 രൂപയുടെ 600 കോടിയും നാണയങ്ങള്‍ നിലവിലുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 1400 കോടി നാണയങ്ങളാണ് സര്‍ക്കാര്‍ ഇറക്കിയത്. ഒരുരൂപയുടെ 100 കോടിയും രണ്ടുരൂപയുടെയും അഞ്ചുരൂപയുടെയും 500 കോടി വീതവും 10 രൂപയുടെ 300 കോടി നാണയവും കഴിഞ്ഞവര്‍ഷം ഇറക്കി. എന്നിട്ടും ക്ഷാമം നേരിടുന്നത് അധികൃതര്‍ അറിയുന്നില്ല. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലോബിയാണ് കേരളത്തില്‍നിന്നുള്ള നാണയങ്ങള്‍ കടത്തുന്നത്.

കൊച്ചിയില്‍ റിസര്‍വ് ബാങ്കിന്റെ കറന്‍സി ചെസ്റ്റില്‍ നാണയം വാങ്ങാന്‍ ദിവസവും വന്‍ തിരക്കാണ്. നാണയവിതരണം രാവിലെ പത്തിനേ ആരംഭിക്കൂവെങ്കിലും എട്ടരമുതല്‍ നീണ്ടനിര രൂപപ്പെടും. ദിവസവും നാണയം വാങ്ങാന്‍ എത്തുന്നതില്‍ ഭൂരിപക്ഷവും ഒരേ ആളുകള്‍തന്നെയാണ്. ഏറെയും അയല്‍സംസ്ഥാനക്കാര്‍. ഒരാള്‍ക്ക് പരമാവധി 650 നാണയങ്ങള്‍ നല്‍കും.ആകെ മൂന്നുലക്ഷത്തിലേറെ നാണയങ്ങള്‍ ദിവസവും വിതരണംചെയ്യും. ഇതിനുപുറമെ വെന്‍ഡിങ് മെഷീനില്‍നിന്ന് ഒരാള്‍ക്ക് 100 രൂപയ്ക്കുള്ള നാണയവും ലഭിക്കും. മറ്റു ബാങ്കുകളുടെ 44 കറന്‍സി ചെസ്റ്റും ജില്ലയിലുണ്ട്. ഇവിടെ നടത്തുന്ന നാണയമേളകളിലും നാണയം സ്വീകരിക്കാന്‍ ഏറെപ്പേര്‍ എത്തും. ദുരുപയോഗം കണ്ടെത്തേണ്ട ബാധ്യത ഇന്റലിജന്‍സിനും പൊലീസിനുമാണെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. പരാതി ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തതെന്ന് മധ്യമേഖല ഐജി കെ പത്മകുമാര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നിസ്സംഗതയാണ് തട്ടിപ്പുകാര്‍ക്ക് തുണയാകുന്നത്. അഞ്ചുരൂപയുടെ ഒരു നാണയം ഉരുക്കി ആറ് ബ്ലേഡുവരെ ഉണ്ടാക്കുന്നുണ്ട്. ബ്ലേഡ് ഒന്നിന് രണ്ടു രൂപപ്രകാരം 12 രൂപയുടെ നേട്ടമാണ് ഒരു നാണയത്തില്‍നിന്ന് ഇവര്‍ക്കുണ്ടാകുന്നത്.

deshabhimani 190912

1 comment:

  1. ഒരുരൂപ-അഞ്ചുരൂപ നാണയങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗവും പൊലീസും സമ്പൂര്‍ണ പരാജയം. കോടിക്കണക്കിന് നാണയങ്ങളാണ് വര്‍ഷംതോറും ഇറക്കുന്നത്. ഇതില്‍ ഒരുഭാഗം ഒഴുകുന്നത് രഹസ്യ കേന്ദ്രങ്ങളിലേക്കും. ബ്ലേഡും വാഷറും നിര്‍മിക്കാന്‍ നാണയങ്ങള്‍ ഉപയോഗിക്കുന്നതായി വാര്‍ത്ത വന്നിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല.

    ReplyDelete