Saturday, September 15, 2012

സിബിഎസ്ഇ സ്കൂളില്‍ ഹൈക്കോടതി അടിസ്ഥാനശമ്പളം നിശ്ചയിച്ചു


സിബിഎസ്ഇ സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാനശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതില്‍ തിരിമറി നടത്തുന്ന സ്കൂള്‍ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്നും സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, സി കെ അബ്ദുള്‍റഹീം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രൈമറി അധ്യാപകര്‍ക്ക് പതിനായിരവും സെക്കന്‍ഡറി അധ്യാപകര്‍ക്ക് പതിനയ്യായിരവും സീനിയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഇരുപതിനായിരവും അടിസ്ഥാന ശമ്പളമായി കോടതി നിശ്ചയിച്ചു. അനധ്യാപകര്‍ക്ക് ആറായിരവും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് നാലായിരത്തി അഞ്ഞൂറുമാണ് കോടതി നിശ്ചയിച്ച അടിസ്ഥാനശമ്പളം. പ്രധാനാധ്യാപകന് പ്രത്യേക അലവന്‍സും നല്‍കണം. മൂന്ന് ഏക്കര്‍ സ്ഥലവും 300 വിദ്യാര്‍ഥികളുമുള്ള സ്കൂളുകള്‍ക്കു മാത്രമേ എന്‍ഒസി നല്‍കൂ എന്നതടക്കമുള്ള സര്‍ക്കാര്‍ വ്യവസ്ഥകളും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിബിഎസ്ഇ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

അധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍സ്കൂള്‍ അധ്യാപകരുടേതിനു തുല്യമായിരിക്കണമെന്ന സിബിഎസ്ഇ ബൈലോ നിലനില്‍ക്കേ കുറഞ്ഞ ശമ്പളം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. അടിസ്ഥാനശമ്പളം നിശ്ചയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കണം. അതുവരെ കോടതി നിശ്ചയിച്ച തുക നല്‍കണം. സംസ്ഥാനത്ത് ഗവ. സ്കൂള്‍ അധ്യാപകരുടെ കുറഞ്ഞ ശമ്പളം പതിനായ്യായിരവും ക്ലാസ് ഫോര്‍ ജീവനക്കാരുടേത് പതിനായിരവും ആയിരിക്കേ ഇതില്‍ കുറഞ്ഞ ശമ്പളം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായ പിന്‍ബലമില്ലെന്ന് കോടതി പറഞ്ഞു.

അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാനശമ്പളം ലഭിക്കുന്നുണ്ടോയെന്ന് അധികൃതരും സിബിഎസ്ഇയും ഉറപ്പുവരുത്തണം. തിരിമറി നടക്കുന്നില്ലെന്നും അധികൃതര്‍ ഉറപ്പുവരുത്തണം. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കണം. അക്കൗണ്ടുകള്‍ പ്രിന്‍സിപ്പല്‍മാര്‍ മുഖേന പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുത്. അധ്യാപകരുടെ ചെക്ക്ബുക്കുകള്‍ സ്കൂള്‍ അധികൃതര്‍ സൂക്ഷിക്കരുത്. യഥാര്‍ഥ തുകയില്‍ കുറച്ച് ശമ്പളം നല്‍കുകയോ, ശമ്പളം ഭാഗികമായി നല്‍കുകയോ, തിരിമറി നടത്തുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ മാനേജ്മെന്റിനും പ്രധാനാധ്യാപകനുമെതിരെ ക്രിമിനല്‍ കേസെടുക്കണം. സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാരും എന്‍ഒസിക്കുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ ചോദ്യംചെയ്ത് 50 സ്കൂള്‍ മാനേജ്മെന്റുകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

deshabhimani 150912

No comments:

Post a Comment