Saturday, September 15, 2012

ഡീസലിനും വിലനിയന്ത്രണം വേണ്ടെന്ന് അലുവാലിയ


ഡീസലിനും വിലനിയന്ത്രണം വേണ്ടെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ. ഡീസല്‍ വിലവര്‍ധനയെ ന്യായീകരിച്ച അദ്ദേഹം അന്താരാഷ്ട്ര വിലയുമായി ഒത്തുപോകാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ചു. 12-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ശനിയാഴ്ച ചേരുന്ന ആസൂത്രണ കമീഷന്റെ പൂര്‍ണയോഗത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഡീസല്‍വില വര്‍ധന രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും അനിവാര്യമാണ്. ആസൂത്രണ കമീഷന്‍ നിയോഗിച്ച എല്ലാ സമിതികളും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കരുതെന്ന നിര്‍ദേശമാണ് നല്‍കിയത്. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിയത്തിന് ബാരലിന് 150 ഡോളര്‍ വിലയായാലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടരുതെന്ന വാദം അപ്രായോഗികമാണ്. പെട്രോളിനും ഡീസലിനും സബ്സിഡി പാടില്ലെന്നത് ആസൂത്രണ കമീഷന്റെ വ്യക്തമായ നിലപാടാണ്. നാണയപ്പെരുപ്പം വര്‍ധിക്കാന്‍ ഡീസല്‍ വിലവര്‍ധന ഇടയാക്കില്ലേ എന്ന് ചോദിച്ചപ്പോള്‍, ഡീസല്‍ വിലവര്‍ധന മാത്രമല്ല, സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ ഫലമാണതെന്ന് മറുപടി നല്‍കി. ഈ സാമ്പത്തികവര്‍ഷം അഞ്ച് ശതമാനം വളര്‍ച്ചനിരക്ക് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരമാവധി കൈവരിക്കാവുന്ന വളര്‍ച്ചനിരക്ക് ഒന്‍പത് ശതമാനമായിരിക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ ഇളവുള്ളതാകണമെന്ന ഡി കെ ചതുര്‍വേദി കമ്മിറ്റി നിര്‍ദേശം അടുത്ത വര്‍ഷം നടപ്പാക്കും. ധനകമ്മി കുറയ്ക്കാനുള്ള നടപടികള്‍ തുടരുമെന്നും അതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കുവേണ്ടി സഹിക്കാന്‍ തയ്യാറാകണമെന്നും അലുവാലിയ അഭ്യര്‍ഥിച്ചു.
(വി ജയിന്‍)

കേരളത്തില്‍ നെല്‍കൃഷി വേണ്ടെന്ന് വീണ്ടും അലുവാലിയ

ന്യൂഡല്‍ഹി: കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും നെല്‍കൃഷി വേണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ്സിങ് അലുവാലിയ. എമര്‍ജിങ് കേരളയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ അലുവാലിയയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, പറഞ്ഞത് തിരുത്താനില്ലെന്നും ആലോചിച്ചുറപ്പിച്ചുതന്നെ പറഞ്ഞതാണെന്നുമായിരുന്നു അലുവാലിയയുടെ മറുപടി. നെല്‍കൃഷിയുടെ പേരില്‍ കേരളത്തിലെ തൊഴില്‍രഹിതര്‍ക്ക് എന്തെങ്കിലും തൊഴില്‍ ലഭിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും അലുവാലിയ പറഞ്ഞു.

deshabhimani 150912

1 comment:

  1. ഡീസലിനും വിലനിയന്ത്രണം വേണ്ടെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ. ഡീസല്‍ വിലവര്‍ധനയെ ന്യായീകരിച്ച അദ്ദേഹം അന്താരാഷ്ട്ര വിലയുമായി ഒത്തുപോകാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ചു. 12-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ശനിയാഴ്ച ചേരുന്ന ആസൂത്രണ കമീഷന്റെ പൂര്‍ണയോഗത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete