Tuesday, September 18, 2012

വിദ്യാലയങ്ങളില്‍ വ്യാപക പണപ്പിരിവ്


കാസര്‍കോട്: വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ വ്യാപക പണപ്പിരിവ്. കലോത്സവം, സാമൂഹ്യ സുരക്ഷാമിഷന്‍, ന്യൂമാത്സ് എന്നിവക്കായി പണപ്പിരിവ് നടത്തി വിദ്യാര്‍ഥികളെ പിഴിയുകയാണ് സര്‍ക്കാര്‍. ഗണിതശാസ്ത്ര വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ആറാംക്ലാസിലാണ് ന്യൂമാത്സ് പദ്ധതി നടപ്പാക്കുന്നത്. ക്ലാസുകളില്‍നിന്ന് അഞ്ചുവീതം കുട്ടികളെ തെരഞ്ഞെടുത്ത് രജിസ്ട്രേഷന്‍ ഇനത്തില്‍ നൂറുരൂപ വീതം പദ്ധതിക്കായി പിരിക്കും. പിന്നീട് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 74 കുട്ടികള്‍ക്കായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗണിതശാസ്ത്ര ക്യാമ്പ്, ക്വിസ്, ഉയര്‍ന്ന ക്ലാസുകളില്‍ ഗണിതശാസ്ത്ര പരിശീലനം എന്നിവ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതിക്കായി സ്കൂളില്‍നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് കുട്ടികളില്‍ രണ്ടുപേര്‍ എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവരാകണം. ഇവരില്‍നിന്നും മറ്റുള്ളവരില്‍ നിന്നെന്ന പോലെ നൂറുരൂപയാണ് ഈടാക്കുന്നത്. ഫീസിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ പ്രത്യേക പരിഗണ നല്‍കാത്തതും പോരായ്മയാണ്. പണം പിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് അധ്യാപകരും പറയുന്നു. പിരിവിലൂടെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപ ലഭിക്കും. വിദ്യാര്‍ഥികളില്‍നിന്ന് പണം കണ്ടെത്തിയല്ല പദ്ധതി നടത്തേണ്ടത്. പദ്ധതിയുടെ സാമ്പത്തികം സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് അധ്യാപകര്‍ പറയുന്നു.

സാമൂഹ്യ സുരക്ഷാമിഷന്‍ എന്ന പേരില്‍ അധ്യാപകരില്‍നിന്ന് 100, 50 രൂപ വീതവും കുട്ടികളില്‍നിന്ന് പത്തുരൂപയും ഈടാക്കാനാണ് മറ്റൊരു നിര്‍ദേശം. കൂപ്പണ്‍ വഴിയാണ് പിരിവ്. മറ്റുജില്ലകളില്‍ ഇത് ആരംഭിച്ചു. എന്നാല്‍ ജില്ലയില്‍ അധ്യാപകര്‍ പിരിവ് ബഹിഷ്കരിച്ചിരിക്കുകയാണ്. സംസ്ഥാന കലോത്സവത്തിനായി ഒരോ വിദ്യാര്‍ഥിയില്‍ നിന്നും അഞ്ചുരൂപ വീതം ഈടാക്കി ഡിപിഐയില്‍ അടക്കാനും നിര്‍ദേശമുണ്ട്. ഇതിനുപുറമെ സ്കൂള്‍, സബ്ജില്ല, ജില്ലാ കലോത്സവങ്ങള്‍ക്കായും വിദ്യാര്‍ഥികളില്‍നിന്ന് പിരിവുണ്ടാകും. കഴിഞ്ഞവര്‍ഷം എല്‍പിയില്‍നിന്ന് 15, യുപിയില്‍ 20, ഹൈസ്കൂളില്‍ 25, ഹയര്‍സെക്കന്‍ഡറിയില്‍ 30 എന്നിങ്ങനെയാണ് പിരിച്ചത്. ഇത്തവണ ഇത് വര്‍ധിക്കാന്‍ സാധ്യതയേറെയാണ്. കലോത്സവങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും. സ്റ്റാമ്പ് വില്‍പനയിലൂടെയും കഴുത്തറുപ്പന്‍ പിരിവാണ് നടക്കുന്നത്. ശിശുദിന സ്റ്റാമ്പിന്റെ വില അഞ്ചില്‍നിന്ന് പത്തായി ഉയര്‍ത്തിയത് രക്ഷിതാക്കളുടെ പ്രയാസം വര്‍ധിപ്പിച്ചു. അധ്യാപക ദിനത്തിന്റെ സ്റ്റാമ്പ് വിതരണവും സ്കൂളില്‍ ഉടന്‍ ആരംഭിക്കും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പുയര്‍ന്നിട്ടും പിരിവുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

deshabhimani 180912

No comments:

Post a Comment