Tuesday, December 11, 2012

500 ടണ്‍ ഗോതമ്പ് രണ്ടാഴ്ചയായി വാഗണില്‍


ചാലക്കുടി എഫ്സിഐ സബ്ഡിപ്പോയില്‍ ഇറക്കാന്‍ പഞ്ചാബില്‍നിന്ന് കൊണ്ടുവന്ന 500 ടണ്‍ ഗോതമ്പ് 12 ദിവസമായി ഗുഡ്സ് വാഗണുകളില്‍ നിന്നിറക്കിയില്ല. ഗോതമ്പിറക്കി ചരക്കുവണ്ടി ഒഴിവാക്കാത്തതിനാല്‍ റെയില്‍വേക്ക് നഷ്ടപരിഹാരമായി തിങ്കളാഴ്ച വരെ 33.40 ലക്ഷം രൂപ അടയ്ക്കണം. കഴിഞ്ഞദിവസം മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ റേഷനരി കത്തിച്ച് കുഴിച്ചുമൂടിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ വീണ്ടും വെളിവാക്കുന്ന ഈ സംഭവം.

മുളങ്കുന്നത്തുകാവ്, ചാലക്കുടി ഗോഡൗണുകളില്‍ ഇറക്കാനായി 58 വാഗണ്‍ ഗോതമ്പ് നവംബര്‍ 29നാണ് എത്തിയത്. ഓരോ വാഗണിലും 63 ടണ്‍ വീതം ഗോതമ്പാണുള്ളത്. 19 വാഗണുകള്‍ മുളങ്കുന്നത്തുകാവില്‍ ഇറക്കി. ബാക്കിയുള്ള 29 വാഗണാണ് ചാലക്കുടിയിലേക്ക് പോയത്. 12 ദിവസംകൊണ്ട് 22 വാഗണ്‍ ഗോതമ്പ് ഇറക്കി. ബാക്കി അഞ്ഞൂറോളം ടണ്‍ വാഗണില്‍ കെട്ടിക്കിടക്കുകയാണ്. അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടയിലേക്ക് യഥാസമയം അയക്കാത്തതിനാല്‍ ഗോഡൗണുകള്‍ നിറഞ്ഞതോടെ പുതുതായി വരുന്നവ ഇറക്കിവയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 10,000 ടണ്ണാണ് ചാലക്കുടി ഡിപ്പോയുടെ സംഭരണശേഷി. ഇപ്പോള്‍ സ്റ്റോക്ക് 15,000 കവിഞ്ഞു. 50,000 ടണ്‍ സംഭരണശേഷിയുളള മുളങ്കുന്നത്തുകാവ് ഡിപ്പോയും നിറഞ്ഞു. ഇവിടെയാണ് ഉപയോഗശൂന്യമായെന്ന പേരില്‍ നൂറുകണക്കിന് ടണ്‍ അരി കത്തിച്ചത്. ചാലക്കുടിയടക്കമുള്ള സംസ്ഥാനത്തെ മിക്ക ഗോഡൗണുകളിലെയും അവസ്ഥ ഇതാണ്. മുമ്പ് എഫ്സിഐ ഗോഡൗണുകള്‍ മൂന്നുമാസം കൂടുമ്പോള്‍ കാലിയാകാറുണ്ട്. അതിനുസരിച്ച് പുതിയ സ്റ്റോക്കും എത്തിയിരുന്നു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 111212

1 comment:

  1. ചാലക്കുടി എഫ്സിഐ സബ്ഡിപ്പോയില്‍ ഇറക്കാന്‍ പഞ്ചാബില്‍നിന്ന് കൊണ്ടുവന്ന 500 ടണ്‍ ഗോതമ്പ് 12 ദിവസമായി ഗുഡ്സ് വാഗണുകളില്‍ നിന്നിറക്കിയില്ല. ഗോതമ്പിറക്കി ചരക്കുവണ്ടി ഒഴിവാക്കാത്തതിനാല്‍ റെയില്‍വേക്ക് നഷ്ടപരിഹാരമായി തിങ്കളാഴ്ച വരെ 33.40 ലക്ഷം രൂപ അടയ്ക്കണം. കഴിഞ്ഞദിവസം മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ റേഷനരി കത്തിച്ച് കുഴിച്ചുമൂടിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ വീണ്ടും വെളിവാക്കുന്ന ഈ സംഭവം.

    ReplyDelete