Sunday, December 9, 2012

ആനച്ചിഹ്നം മഹാശ്ചര്യം


കലിയുഗത്തില്‍ "നൃപന്മാര്‍ നാട്ടിലുള്ളവരോട് കട്ടും കവര്‍ന്നുമാര്‍ജിക്കും" മെന്നാണ് തുഞ്ചത്താചാര്യന്‍ പാടിയത്. മായാവതി കട്ടാണോ കവര്‍ന്നാണോ 111.64 കോടി സമ്പാദിച്ചത് എന്ന് സിബിഐ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. എന്തായാലും പോസ്റ്റ് ഒഫീസ് ജീവനക്കാരനായ പ്രഭുദാസിന്റെ മകളായി ഡല്‍ഹിയില്‍ ജനിച്ച സാധു പെണ്‍കുട്ടി പാരമ്പര്യമായി ആര്‍ജിച്ചതല്ല ഒരുകിലോ സ്വര്‍ണവും 20 കിലോ വെള്ളിയും 380 കാരറ്റ് വജ്രവുമടക്കമുള്ള ശതകോടി കവിയുന്ന സ്വത്ത്. ഐഎഎസ് മോഹം തലയില്‍കയറിയ സ്കൂളധ്യാപികയായ മായാവതി എന്ന മുത്തിനെ കന്‍ഷി റാമാണ് കണ്ടെത്തിയത്. എന്തിന് ഐഎഎസാകണം, സകലമാന ഐഎഎസുകാരെയും നിയന്ത്രിക്കുന്നയാളാക്കി മാറ്റിത്തരാം എന്ന് കന്‍ഷി റാം പറഞ്ഞപ്പോള്‍ ഇങ്ങനെ കയറിപ്പോരുമെന്ന് മായാവതിയും ധരിച്ചതല്ല. ആദ്യം എംപി. പിന്നെ എംഎല്‍എ. നാലുവട്ടം മുഖ്യമന്ത്രി. കന്‍ഷി റാമിന്റെ നിഴലായ മായാവതി, അതിവേഗം ഉത്തര്‍പ്രദേശിന്റെ ബഹന്‍ജിയായി. ദളിത് മുന്നേറ്റമെന്ന വമ്പന്‍ മുദ്രാവാക്യവുമായി കന്‍ഷി റാമും ബഹന്‍ജിയും യുപിയില്‍ നടത്തിയ തേരോട്ടം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുലായം സിങ്ങിന്റെയും ഉറക്കംകെടുത്തി.

ലഖ്നൗവില്‍നിന്ന് ചെങ്കോട്ടയിലേക്ക് ഇതാ വരുന്നു ആനപ്പടയെന്ന് ബഹന്‍ജി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഒന്ന് വിറച്ചു. അന്ന് തുടങ്ങിയതാണ് ഇടങ്കോലിടല്‍. മായാവതി പച്ച പിടിച്ചുവരുമ്പോള്‍ സിബിഐക്കാരന്‍ കോട്ടും സ്യൂട്ടുമായി എത്തും. സ്വസ്ഥമായി അഞ്ചാറഴിമതി നടത്താന്‍ വിടില്ല. പങ്കുകച്ചവടത്തിലല്ലാതെ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല. വിഹിതം കിട്ടാഞ്ഞാല്‍ സിബിഐയെ വിടും. സിബിഐ ശല്യം തീരണമെങ്കില്‍ വല്ല അവിശ്വാസപ്രമേയമോ വിശ്വാസവോട്ടോ വരണം. മായവതിക്ക് തല്‍ക്കാലം ആരോടും പ്രത്യേക ശത്രുതയില്ല. അത് മുലായത്തിനും അങ്ങനെതന്നെ. ഇന്ന് കോണ്‍ഗ്രസെങ്കില്‍ നാളെ ബിജെപി. ഇന്ന് ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപത്തെ എതിര്‍ത്ത് പറയും. നാളെ അനുകൂലിച്ച് വോട്ടുചെയ്യും. നാലു കോടിയില്‍പ്പരം ചില്ലറ വില്‍പ്പനക്കാരെയും അവരുടെ 20 കോടിയില്‍പ്പരം വരുന്ന കുടുംബാംഗങ്ങളെയും ഒറ്റുകൊടുക്കുന്നതില്‍ ഒട്ടും മനഃസാക്ഷിക്കുത്തുണ്ടാകില്ല, സിബിഐ അകന്നു നിന്നാല്‍മതി. വേണ്ടത് വേണ്ട സമയത്ത് കോണ്‍ഗ്രസ് കൊടുത്താല്‍മതി. മുലായത്തേക്കാള്‍ അല്‍പ്പം വൈക്ലബ്യം കാണിക്കാറുണ്ട് ബഹന്‍ജി എന്നതൊഴിച്ചാല്‍ മറ്റെല്ലാറ്റിലും തങ്ങളില്‍ത്തങ്ങളില്‍ മത്സരംതന്നെ. ഇന്നിപ്പോള്‍ യുപിഎ എന്ന വീടിന്റെ ഐശ്വര്യം മായാവതിയാണ്. പരമദുഷ്ടനും നീചനുമെന്ന് നാല്‍പ്പതുവട്ടം വിളിച്ച മുലായത്തിനോടൊപ്പം മന്‍മോഹന്‍സിങ്ങിന്റെ മഞ്ചല്‍ചുമക്കാന്‍ ബഹന്‍ജിക്ക് ഒട്ടുമേ ലജ്ജ തോന്നിയില്ല. ബംഗാളിലെ മമതാകുമാരിയോടേ അക്കാര്യത്തില്‍ മത്സരമുള്ളൂ.

രാജ്യത്തെ ഞെട്ടിക്കുന്ന കുമാരിത്രയത്തില്‍ പിന്നെയുള്ളത് തമിഴകത്തെ തലൈവിയാണ്. കൂടുവിട്ടു കൂറുമാറുന്നതിലും താജ് ഇടനാഴിയിലൂടെ കോടികള്‍ വലിക്കുന്നതിലും ആനപ്രതിമവച്ച് നാടുമുടിക്കുന്നതിലും പ്രത്യേക വിമാനത്തില്‍ പറന്നുചെന്ന് ചെരുപ്പ് വാങ്ങുന്നതിലും മറ്റു കുമാരിമാര്‍ കണ്ടുപഠിക്കണം കന്‍ഷി റാമിന്റെ പ്രിയശിഷ്യയെ. പ്രത്യേകിച്ച് രാഷ്ട്രീയവും ആദര്‍ശവുമൊന്നും കൈയിലില്ല. ദളിതര്‍, അംബേദ്കര്‍, ആനച്ചിഹ്നം എന്നൊക്കെ പറയും. അന്നത്തെ തോന്നലിനുസരിച്ച് ആദര്‍ശത്തിന്റെ നിറവും രുചിയും മാറും. അതുകൊണ്ടാണ്, കാവിക്കാരുടെ ചുമലിരിക്കാനും അവിടെയിരുന്ന് ചെവികടിക്കാനും ഒറ്റച്ചാട്ടത്തിന് മറുകണ്ടത്തിലെത്താനും കഴിയുന്നത്. അടുത്ത പടി ഡല്‍ഹി പിടിക്കാനുള്ള പരിശീലനമാണ്. ഡല്‍ഹിയില്‍ മന്‍മോഹന്‍ജിയുടെ കസേര ഒഴിയുമ്പോള്‍ തന്റെയൂഴമാണെന്നും അന്നുമുതല്‍ താന്‍ ബുദ്ധമതക്കാരിയാകുമെന്നുമാണ് പ്രഖ്യാപനവും ശപഥവും. ഇത്തോതില്‍ പോയാല്‍ അതും സംഭവിച്ചുകൂടായ്കയില്ല. അഹമ്മദിന്റെ ലീഗിനുപോലും പാര്‍ലമെന്റില്‍ വിഷം കടുക്കുന്ന കാലമാണ്. അടുത്ത തവണ ഉത്തര്‍പ്രദേശില്‍നിന്ന് മുപ്പതോ നാല്‍പ്പതോ എംപിമാരെയുംകൊണ്ട് വന്നാല്‍ ബഹന്‍ജിയാകും ചെങ്കോട്ടയില്‍ കൊടിപൊക്കുക. അങ്ങനെ വന്നാല്‍, നമ്മുടെ കോണ്‍ഗ്രസുകാര്‍ മമത ബാനര്‍ജിയുടെയടുത്ത് പോയ ഗതിയാകും. ഏത് കേരളം? എന്ത് കേരളം എന്ന് പ്രധാനമന്ത്രിജി ചോദിക്കുന്ന ശുഭകാലം വരും. കോണ്‍ഗ്രസിന്റെ ശോഷിപ്പും കാവിപ്പാര്‍ടിയുടെ ഗതികേടും ചേര്‍ന്നാല്‍ മായാവതിയുടെ മായാജാലത്തിന്റെ കാലമാണ് വരിക. കട്ടും കവര്‍ന്നുമാര്‍ജിക്കുന്ന നൃപന്മാരുടെ കാലം. കാക്കയെന്നും കാക്കതന്നെ. പികം പികവും.

സൂക്ഷ്മന്‍ deshabhimani varanthapathipp 091212

No comments:

Post a Comment