Monday, December 10, 2012

ബിജെപി പിളര്‍പ്പ് സമ്പൂര്‍ണം; കെജെപി നിലവില്‍വന്നു


കര്‍ണാടക ബിജെപിയിലെ പിളര്‍പ്പ് സമ്പൂര്‍ണമാക്കി മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടക ജനതാപാര്‍ടി (കെജെപി) നിലവില്‍വന്നു. ഹാവേരിയില്‍ ആയിരക്കണക്കിന് അനുയായികളെ അണിനിരത്തിയ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചുകൊണ്ടാണ് യെദ്യൂരപ്പ പുതിയ പാര്‍ടിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. പാര്‍ടിയുടെ അധ്യക്ഷനായി യെദ്യൂരപ്പ ചുമതലയേറ്റു. ബിജെപിയുടെ വിലക്ക് അവഗണിച്ച് 13 എംഎല്‍എമാര്‍ യെദ്യൂരപ്പയ്ക്കൊപ്പം പൊതുസമ്മേളനവേദി പങ്കിട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമായ നിലയിലാണ്.

രാവിലെ യെദ്യൂരപ്പ ഒരുക്കിയ ചായസല്‍ക്കാരത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 21 ബിജെപി എംഎല്‍എമാരും 7 എംഎല്‍സി മാരും 4 എംപി മാരും പങ്കെടുത്തു. എന്നാല്‍, യെദ്യൂരപ്പയെ അനുകൂലിക്കുന്ന മന്ത്രിമാരായ ശോഭാകരന്ത്ലാജെ, മുരുകേഷ്നിറാനി, സിഎം ഉദാസി, ബസവരാജ് ബൊമ്മെ എന്നിവരും ചില എംഎല്‍എമാരും പൊതുസമ്മേളനത്തില്‍ പങ്കെടുത്തില്ല. വിവിധ ബോര്‍ഡ് പ്രസിഡന്റ്മാരും കോര്‍പറേഷന്‍ അംഗങ്ങളും വിവിധ ജില്ലകളില്‍ നിന്നുള്ള പഞ്ചായത്ത് അംഗങ്ങളും ഒട്ടേറെ പാര്‍ടി അംഗങ്ങളും റാലിയില്‍ പങ്കെടുത്തു. ജനതാദളില്‍നിന്ന് രാജിവച്ച സിനിമാതാരം പൂജാഗാന്ധിയും കെജെപി പാര്‍ടിയില്‍ ചേര്‍ന്നു.

സര്‍ക്കാരിന് ഇപ്പോള്‍ ഭൂരിപക്ഷമില്ലെന്നും തന്റെ പിന്തുണകൊണ്ട് മാത്രമാണ് ജഗദീഷ് ഷെട്ടാര്‍ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്നും മുഖ്യമന്ത്രിയെ യെദ്യൂരപ്പ വെല്ലുവിളിച്ചു. കെജെപി-ബിജെപി കൂട്ടുകക്ഷി സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും യെദ്യൂരപ്പ ആവര്‍ത്തിച്ചു. യെദ്യുരപ്പ അനുകൂലികളായ സഹകരണമന്ത്രി ബി ജെ പുട്ടസ്വാമിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയും തുംകൂറില്‍നിന്നുള്ള ലോക്സഭാ അംഗം ജി ബസവരാജിനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഹാവേരിയില്‍ എത്തിയത്.
(വികാസ് കാളിയത്ത്)

deshabhimani 101212

1 comment:

  1. കര്‍ണാടക ബിജെപിയിലെ പിളര്‍പ്പ് സമ്പൂര്‍ണമാക്കി മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടക ജനതാപാര്‍ടി (കെജെപി) നിലവില്‍വന്നു. ഹാവേരിയില്‍ ആയിരക്കണക്കിന് അനുയായികളെ അണിനിരത്തിയ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചുകൊണ്ടാണ് യെദ്യൂരപ്പ പുതിയ പാര്‍ടിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. പാര്‍ടിയുടെ അധ്യക്ഷനായി യെദ്യൂരപ്പ ചുമതലയേറ്റു. ബിജെപിയുടെ വിലക്ക് അവഗണിച്ച് 13 എംഎല്‍എമാര്‍ യെദ്യൂരപ്പയ്ക്കൊപ്പം പൊതുസമ്മേളനവേദി പങ്കിട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമായ നിലയിലാണ്.

    ReplyDelete