Monday, December 10, 2012

വാര്‍ത്തകള്‍ - ഹിരോഷിമ, മണ്ടേല, ക്യോട്ടോ പ്രമാണം


ഹിരോഷിമയില്‍ അണുബോംബിട്ടത് ഏറ്റവും വലിയ വഴിത്തിരിവ്

ലണ്ടന്‍: രണ്ടാം ലോകയുദ്ധം ഏറെക്കുറെ അവസാനിച്ചശേഷം ലോകമനഃസാക്ഷിയെ നടുക്കി ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടതാണ് ആധുനികചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്ന് സര്‍വേ. ഹിറ്റ്ലര്‍ നടത്തിയ ജൂത വംശഹത്യ, 2001 സെപ്തംബര്‍ 11ന് അമേരിക്കയിലുണ്ടായ ഭീകര ആക്രമണം എന്നിവയേക്കാള്‍ ചരിത്രത്തില്‍ വഴിത്തിരിവായത് അമേരിക്ക നടത്തിയ അണുബോംബാക്രമണമാണെന്ന് ബ്രിട്ടനില്‍ ആയിരത്തിലേറെപ്പേരില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് അഭിപ്രായപ്പെട്ടു. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ആഗസ്ത് ആറിനും നാഗസാക്കിയില്‍ ഒമ്പതിനും അമേരിക്ക അണുബോംബിട്ടത് മറ്റെല്ലാത്തിനേക്കാളും ചരിത്രപ്രധാനമാണെന്ന് സര്‍വേ അഭിപ്രായപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിനു കാരണമായ സംഭവങ്ങളും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് തകര്‍ച്ചയും ഇത്ര പ്രാധാന്യമുള്ളതല്ല. രണ്ടുലക്ഷത്തിലേറെപ്പേരാണ് അണുവായുധ പ്രയോഗത്തില്‍ കൊല്ലപ്പെട്ടത്. സെപ്തംബര്‍ 11 ഭീകരാക്രമണത്തിനാണ് തൊട്ടടുത്ത സ്ഥാനം ലഭിച്ചത്. പതിനാറ് ശതമാനം. ഇതാണ് വലിയ സംഭവം എന്നു കരുതുന്നു. ബ്രിട്ടനിലെ "ലവ് ടു ലേണ്‍" വെബ്സൈറ്റാണ് പുതിയ ഓണ്‍ലൈന്‍ കോഴ്സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയത്.

മണ്ടേല കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നെന്ന് രേഖ

ലണ്ടന്‍: വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യനായകനായ നെല്‍സന്‍ മണ്ടേല കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നെന്നും സംഘടനയില്‍ ഉന്നതസ്ഥാനം അദ്ദേഹം വഹിച്ചിരുന്നെന്നും കണ്ടെത്തല്‍. ബ്രിട്ടീഷ് ചരിത്രകാരന്‍ പ്രൊഫ. സ്റ്റീഫന്‍ എല്ലിസ് രചിച്ച "എക്സ്റ്റേണല്‍ മിഷന്‍: ദി എഎന്‍സി ഇന്‍ എക്സൈല്‍" എന്ന പുസ്തകത്തിലാണ് മണ്ടേല ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്നെന്ന വെളിപ്പെടുത്തലുള്ളത്. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ 1982ലെ ഒരു രഹസ്യയോഗത്തിന്റെ രേഖയിലാണ് ഇതുസംബന്ധിച്ച തെളിവുള്ളത്. കേപ്ടൗണ്‍ സര്‍വകലാശാലയില്‍നിന്നാണ് പ്രൊഫ. എല്ലിസ് ഈ രേഖകള്‍ സമ്പാദിച്ചത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ സഹായം ഉറപ്പാക്കാനായിരുന്നു മണ്ടേല കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായതെന്ന് പ്രൊഫ. എല്ലിസ് പറയുന്നു. എന്നാല്‍, മണ്ടേല കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നെന്ന് തെളിയിക്കുന്ന രേഖയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മണ്ടേല ഫൗണ്ടേഷന്‍ പ്രസ്താവിച്ചു. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ പല നേതാക്കളും ഒരേസമയം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലും(എഎന്‍സി)അംഗമായിരുന്നു. വെള്ളക്കാരുടെ വര്‍ണവെറിയന്‍ ഭരണകാലത്ത് വധിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ക്രിസ് ഹാനി എഎന്‍സിയുടെ സായുധവിഭാഗമായ ഉംകോന്തോയുടെ തലവനുമായിരുന്നു.

ക്യോട്ടോ പ്രമാണം 2020വരെ നീട്ടി

ദോഹ: കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ദോഹയില്‍ രണ്ടാഴ്ചയായി തുടരുന്ന അന്താരാഷ്ട്ര സമ്മേളനം രൂക്ഷ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പിലെത്തി. ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാകാനിരുന്ന ക്യോട്ടോ പ്രമാണത്തിന്റെ കാലപരിധി 2020 വരെ നീട്ടി സമ്മേളനം പിരിഞ്ഞു. 13 ദിവസം നീണ്ട സമ്മേളനത്തില്‍ 194 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അടുത്തവര്‍ഷം പോളണ്ടില്‍ സമ്മേളിക്കാന്‍ തീരുമാനിച്ചാണ് ദോഹ സമ്മേളനം പിരിഞ്ഞത്. അമേരിക്കയുടെ നേതൃത്വത്തില്‍ വികസിത രാജ്യങ്ങളും ഇന്ത്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങളും രണ്ട് ചേരിയായി പിരിഞ്ഞ് ഏറ്റുമുട്ടിയ സമ്മേളനം നിര്‍ണായക തീരുമാനമെടുക്കാത്തതില്‍ പരിസ്ഥിതി സംഘടനകള്‍ നിരാശ പ്രകടിപ്പിച്ചു. ലോകത്തെ നാശത്തിലേക്ക് നയിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണക്കാരായ വികസിത രാജ്യങ്ങളുടെ, വിശേഷിച്ച് അമേരിക്കന്‍ നിലപാടുകളില്‍, അവ രോഷം പ്രകടിപ്പിച്ചു. ലോകത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായ ഹരിതഗൃഹവാതകങ്ങളുടെ പ്രസരണം കുറയ്ക്കുന്നതിന് പുതിയ ഉറപ്പൊന്നും നല്‍കാതെയാണ് ദോഹ സമ്മേളനം പിരിഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കെടുതികള്‍ കുറയ്ക്കുന്നതിന് ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ ദീര്‍ഘകാല സഹായത്തിന് ഉറപ്പുനല്‍കാന്‍ വികസിത രാജ്യങ്ങള്‍ വിസമ്മതിച്ചു. ഇക്കാര്യത്തില്‍ മൂര്‍ത്തമായ തീരുമാനം അടുത്ത വര്‍ഷത്തേക്ക് മാറ്റി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഭീഷണി ഉയര്‍ത്തി അമേരിക്കയില്‍ സാന്‍ഡി ചുഴലിക്കാറ്റും ഫിലിപ്പീന്‍സില്‍ ബോഫ ചുഴലിക്കാറ്റും കനത്ത നാശമുണ്ടാക്കിയതിന്റെ നടുക്കം നിലനില്‍ക്കെയാണ് ദോഹയില്‍ വികസിത രാജ്യങ്ങള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നത്.

No comments:

Post a Comment