Friday, December 7, 2012
നടുക്കങ്ങളെ മറയ്ക്കാനാവാതെ ചുവന്ന കടലാസുപൂക്കള്‍
അഹമ്മദാബാദ്: ചുവന്ന കടലാസുപൂക്കളുടെ സമൃദ്ധിക്കു പിന്നില്‍ ചരിത്രത്തിന്റെ കനലെരിയുന്ന സാന്നിധ്യമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഈ വീട്. ഉര്‍ദു കവിതയും രാഷ്ട്രീയവും സേവനവുമായി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഇഹ്സാന്‍ ജാഫ്രിയെന്ന മുന്‍ കോണ്‍ഗ്രസ് എംപിയുടെ ക്രൂരമായ വധത്തിന് സാക്ഷിയായ ഇവിടം പത്തുവര്‍ഷംമുമ്പ് സ്തംഭിച്ചുപോയ ജീവിതത്തിന്റെ നിശ്ചലചിത്രം. 2002 ഫെബ്രുവരി 28ന് നൂറിലധികം മുസ്ലിങ്ങള്‍ അഭയം തേടിയ വീട്. ബന്ധുക്കളും നാട്ടുകാരും വര്‍ഗീയതയുടെ വാളിന്‍തുമ്പില്‍ പിടഞ്ഞുമരിക്കാതിരിക്കാന്‍ സ്വജീവന്‍ നല്‍കിയ ജാഫ്രിയുടേതടക്കം ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ അമ്പതില്‍പ്പരം വീടുകള്‍ പത്തുര്‍ഷമായി പ്രേതഭവനങ്ങള്‍. പത്തുവര്‍ഷമായി ആരും താമസിക്കാത്ത ഈ കോളനിയില്‍ ഗുജറാത്ത് "വികസ"ത്തിന്റെ പ്രധാന ഗുണഭോക്താക്കളായ റിയല്‍ എസ്റ്റേറ്റ് കഴുകന്മാര്‍ കണ്ണുവച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ചോരയുടെ മണംപുരണ്ട, ഓര്‍മകള്‍ വറ്റാത്ത ഈ കോളനി വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് മരിച്ചവരുടെ പിന്‍മുറക്കാര്‍.
ഇന്ന് ചരിത്രത്തിന്റെ അഭംഗികളെ മറയ്ക്കാനെന്നവണ്ണം കടലാസുപുക്കള്‍ പടര്‍ന്നു പിടിച്ച ജാഫ്രിയുടെ വീടിനുള്ളില്‍് പേടിച്ചരണ്ട നൂറിലധികം മനുഷ്യരാണ് അഞ്ച് മണിക്കൂറോളം പൊലീസിനോടും ഭരണാധികാരികളോടും ജീവനുവേണ്ടി കേണത്. പൊലീസ് കമീഷണര്‍ കോളനിക്ക് സമീപം വന്ന് മടങ്ങി. അപ്പോഴേയ്ക്കും മതില്‍പൊളിച്ച് നൂറുക്കണക്കിന് അക്രമികള്‍ കോളനിയില്‍ കടന്നിരുന്നു. അഭയം തേടിയ ഉറ്റവരെയും അയല്‍ക്കാരെയും സംരക്ഷിക്കാന്‍ പുറത്തിറങ്ങിനിന്ന ജാഫ്രിയെ അക്രമികള്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന 40 പേരെയും ഭസ്മമാക്കി. ആകെ 79 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ മാത്രം കൊല്ലപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ വൈകിട്ട് 7 മണിയോടെ പൊലീസ് എത്തി. അവശേഷിച്ച 40 പേര്‍ അന്ന് അവിടംവിട്ടു. പിന്നീട് മടങ്ങിവന്നിട്ടേയില്ല. കോളനിയില്‍ ഇപ്പോള്‍ ഒരൊറ്റ കുടുംബം മാത്രം. കാസിം ഭായ് എന്ന 68കാരനും കൂട്ടക്കൊലയില്‍ അവശേഷിച്ച കുടുംബാംഗങ്ങളും. തന്റെ വലിയ കുടുംബത്തിലെ പഴയ ഗ്രൂപ്പ് ഫോട്ടോയില്‍ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളുമായി 24 പേര്‍. 12 പേര്‍ കൂട്ടക്കുരുതിയില്‍ ഇല്ലാതായി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായത്തിനുള്ള ചെക്കുകള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊടുത്തത് മരിച്ചവരുടെ പേരില്‍. ആ ചെക്കുകള്‍ മാറാനായില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണംപറഞ്ഞ് ബാക്കി സഹായവും നിഷേധിച്ചു. കൂട്ടക്കൊലയില്‍ ജഡം പോലും കിട്ടാതായതും ധനസഹായം നിഷേധിക്കാന്‍ കാരണമാക്കി. ഇന്നും നിയമയുദ്ധം തുടരുകയാണ് കാസിംഭായ്. ചമന്‍പുര മേഖലയില്‍ ഇപ്പോള്‍ മുസ്ലിം കുടുംബങ്ങളില്ല. എല്ലാവരും ഒഴിഞ്ഞുപോയി. മുസ്ലിങ്ങള്‍ ധാരാളമുള്ള മേഖലകളില്‍ വളരെ കുറഞ്ഞ ജീവിതസൗകര്യങ്ങളില്‍ അവര്‍ ജീവിക്കുന്നു. അവരുടെയെല്ലാം ജീവിതം പത്ത് വര്‍ഷംമുമ്പ് മരവിച്ചുപോയതാണ്. പിന്നീട് വികസിച്ചിട്ടില്ല. "ഗുജറാത്ത് വികസ"ത്തെ വെല്ലുവിളിച്ചുകൊണ്ട് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.
deshabhimani
Labels:
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
ചുവന്ന കടലാസുപൂക്കളുടെ സമൃദ്ധിക്കു പിന്നില്‍ ചരിത്രത്തിന്റെ കനലെരിയുന്ന സാന്നിധ്യമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഈ വീട്. ഉര്‍ദു കവിതയും രാഷ്ട്രീയവും സേവനവുമായി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഇഹ്സാന്‍ ജാഫ്രിയെന്ന മുന്‍ കോണ്‍ഗ്രസ് എംപിയുടെ ക്രൂരമായ വധത്തിന് സാക്ഷിയായ ഇവിടം പത്തുവര്‍ഷംമുമ്പ് സ്തംഭിച്ചുപോയ ജീവിതത്തിന്റെ നിശ്ചലചിത്രം. 2002 ഫെബ്രുവരി 28ന് നൂറിലധികം മുസ്ലിങ്ങള്‍ അഭയം തേടിയ വീട്. ബന്ധുക്കളും നാട്ടുകാരും വര്‍ഗീയതയുടെ വാളിന്‍തുമ്പില്‍ പിടഞ്ഞുമരിക്കാതിരിക്കാന്‍ സ്വജീവന്‍ നല്‍കിയ ജാഫ്രിയുടേതടക്കം ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ അമ്പതില്‍പ്പരം വീടുകള്‍ പത്തുര്‍ഷമായി പ്രേതഭവനങ്ങള്‍. പത്തുവര്‍ഷമായി ആരും താമസിക്കാത്ത ഈ കോളനിയില്‍ ഗുജറാത്ത് "വികസ"ത്തിന്റെ പ്രധാന ഗുണഭോക്താക്കളായ റിയല്‍ എസ്റ്റേറ്റ് കഴുകന്മാര്‍ കണ്ണുവച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ചോരയുടെ മണംപുരണ്ട, ഓര്‍മകള്‍ വറ്റാത്ത ഈ കോളനി വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് മരിച്ചവരുടെ പിന്‍മുറക്കാര്‍.
ReplyDelete