പിരിവു നല്‍കാത്തതിന് ചെക്ക്പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അക്രമം
തെന്മല: പതിനായിരം രൂപ പിരിവു നല്‍കാത്തതിന്റെ പേരില്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമം. ചെക്ക്പോസ്റ്റിലെ ഫയലുകളും ക്യാമറയും വലിച്ചെറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കി. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ ദേശീയപാതയില്‍ കോണ്‍ഗ്രസുകാര്‍ ഏറെനേരം തടഞ്ഞിട്ടു ഭീഷണി മുഴക്കി. ആര്യങ്കാവ് മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റിലാണ് ഞായറാഴ്ച രാത്രി 7.30ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിതരായെത്തി ചെക്ക്പോസ്റ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. ആര്യങ്കാവ് പഞ്ചായത്ത് വൈസ്പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മാമ്പഴത്തറ സലിം, ടോമിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഏഴോളം കോണ്‍ഗ്രസുകാര്‍ ചെക്ക്പോസ്റ്റില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരന്റെ സ്വീകരണത്തിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ മോട്ടോര്‍ വെഹിക്കിള്‍ ചെക്ക്പോസ്റ്റില്‍ 10,000 രൂപയുടെ രസീത് നല്‍കി പണം ആവശ്യപ്പെട്ടു. എന്നാല്‍, ഇത്രയും തുക നല്‍കാനാകില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് നേതാക്കള്‍ അധിക്ഷേപം നടത്തി ഏറെനേരം സംഘര്‍ഷാന്തരീക്ഷം ഉണ്ടാക്കിയത്. ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തില്‍ ചെക്ക്പോസ്റ്റില്‍ ഭീഷണിയുയര്‍ത്തി നേതാക്കള്‍ നിലയുറപ്പിക്കുകയായിരുന്നു. ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ തെന്മല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയെങ്കിലും നേതാക്കള്‍ കൂട്ടാക്കിയില്ല. നേതാക്കള്‍ റോഡ് ഉപരോധിച്ചതോടെ ഏറെനേരം ദേശീയപാതയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ അമിത അളവില്‍ തമിഴ്നാട്ടില്‍നിന്ന് പാറപ്പൊടി കടത്തിയിരുന്നത് ചെക്ക്പോസ്റ്റ് അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചെക്ക്പോസ്റ്റില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവരുകയായിരുന്നു.
കോണ്‍. പ്രാദേശികനേതാവും സംഘവും ഭൂമി കൈയേറി റോഡുവെട്ടി
ഹരിപ്പാട്: കോണ്‍ഗ്രസ് പ്രാദേശികനേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം പൊലീസ് ഒത്താശയോടെ കോടതി ഉത്തരവ് ലംഘിച്ച് അന്ധയുവാവിന്റെ ഭൂമി കൈയേറി റോഡ് വെട്ടിയതായി പരാതി. കള്ളിക്കാട്ടുള്ള ആറാട്ടുപുഴ പഞ്ചായത്താഫീസിന് സമീപം എസ്ടിഡി ബൂത്ത് നടത്തുന്ന കരിത്തറയില്‍ സി വി ബാബുവിന്റെ കുടുംബവക മൂന്നരസെന്റ് ഭുമി കൈയേറിയാണ് റോഡ് വെട്ടിയത്. മദ്യപിച്ചെത്തിയ അക്രമികള്‍ തടയാന്‍ ശ്രമിച്ച ബാബുവിനെയും വൃദ്ധമാതാവടക്കമുള്ള കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അതിക്രമം. തൃക്കുന്നപ്പുഴ പൊലീസിലും വനിതാസെല്ലിലും സഹായം അഭ്യര്‍ഥിച്ചെങ്കിലും വളരെ വൈകിയെത്തിയ പൊലീസ് സ്ഥലത്തുണ്ടായിരുന്ന അക്രമികളെ പിടികൂടാന്‍ തയാറായില്ല. വനിതാ സെല്ലില്‍ പരാതി പറഞ്ഞതിന് ബാബുവിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ പൊലീസ് പോയ ഉടന്‍ അക്രമികള്‍ റോഡ് നിര്‍മാണം തുടര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രമേശന്റെ നിരന്തരഭീഷണി തനിക്കും കുടുംബത്തിനും ഉണ്ടായിരുന്നുവെന്ന് ബാബു പറഞ്ഞു. ബാബുവിന്റെ കുടുംബം വക ഭൂമിയിലൂടെയാണ് രമേശന്റെ വീട്ടിലേക്കുള്ള വഴി. എന്നാല്‍ ലോറി പോകുന്ന വീതിയില്‍ സ്ഥലം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബാബുവിനെയും കുടുംബത്തെയും ശല്യപ്പെടുത്തിയിരുന്നു. ബാബുവിന്റെ ഭാര്യയുടെ അവിവാഹിതയായ അനുജത്തി ആശയുടെ ആകെയുള്ള സ്വത്താണ് മൂന്നരസെന്റ് ഭൂമി. 2007ല്‍ ഹരിപ്പാട് മുന്‍സിഫ് കോടതിയെ നിര്‍ധനകുടുംബം സമീപിച്ചതിനെ തുടര്‍ന്ന് ആശയുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കരുതെന്ന് കോടതി ഉത്തരവുണ്ടായി. ഈ വിധി കാറ്റില്‍പറത്തിയാണ് ഭരണനേതൃത്വത്തിന്റെ പിന്‍ബലത്തില്‍ ഗുണ്ടാസംഘത്തിനൊപ്പം നിയമവിരുദ്ധമായി റോഡ് വെട്ടിയത്.
ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
എരുമേലി: എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറി പി എം മുനീര്‍, ഡിവൈഎഫ്ഐ മേഖലാകമ്മിറ്റിയംഗം ബി ആര്‍ ഷെമീര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശബരിമല സീസണിന്റെ ഭാഗമായി എരുമേലിയില്‍ ഇവര്‍ നടത്തുന്ന കടയില്‍ മദ്യപിച്ച് എത്തിയ കോണ്‍ഗ്രസ് അക്രമികള്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന ഇവരെ വിളിച്ച് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ വാഹനമോഷണ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണ് ആക്രമിച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് കീഴ്പ്പെടാതെ അക്രമികളുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ-എസ്എഫ്ഐ ഏരിയകമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ കോണ്‍ഗ്രസ് നേതാവിന്റെ അനുയായികളാണ് അക്രമികള്‍.
ലീഗ് അക്രമം തുടരുന്നു; സിപിഐ എം കാവനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു
മഞ്ചേരി: സിപിഐ എം കാവനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം മുസ്ലിംലീഗ് അക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കാരിപറമ്പ് ബ്രാഞ്ച് ഓഫീസ് തകര്‍ത്തതിനുപിന്നാലെയാണ് പുതിയ അക്രമം. ഓഫീസിന്റെ ഭാഗമായ വായനമുറി തകര്‍ത്ത ലീഗ് പ്രവര്‍ത്തകര്‍ അലമാരയും അതിനുള്ളിലെ രേഖകളും വലിച്ചുപുറത്തിട്ട് കത്തിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് സംഭവം. ലീഗിലെ ഗ്രൂപ്പ് പോര് ശക്തമായതിനാല്‍ ഉന്നത നേതാക്കള്‍ ഇടപെട്ട് നടത്തിയ ലയനസമ്മേളനത്തിനുശേഷമായിരുന്നു അക്രമം. ഷട്ടര്‍ തകര്‍ത്ത അക്രമികള്‍ വായനമുറിയിലെ ഉപകരണങ്ങള്‍ കേടുവരുത്തി. അലമാരയിലുണ്ടായിരുന്ന നിര്‍മാണത്തൊഴിലാളി ക്ഷേമനിധി രേഖകളടക്കമുള്ള കടലാസുകള്‍ കത്തിച്ചു. സമീപത്തെ വിശ്രമകേന്ദ്രവും അടിച്ചുപൊളിച്ച് തീയിട്ടു. 50ഓളം വരുന്ന അക്രമിസംഘമാണ് രാത്രിയില്‍ അഴിഞ്ഞാടിയത്.
കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണീന്‍കുട്ടിയുടെയും ലീഗ് പഞ്ചായത്ത് സെക്രട്ടറി പി വി ഉസ്മാന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലാണ് കാവനൂരില്‍ അധികാരവടംവലി നടത്തുന്നത്. പാണക്കാട് തങ്ങള്‍ ഇടപെട്ട് സംഘടിപ്പിച്ച ലയനസമ്മേളനത്തെ തുടര്‍ന്നായിരുന്നു അക്രമം. ലൈബ്രറിയുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രദേശത്തെ സിപിഐ എം കൊടികളും ബാനറുകളുമെല്ലാം തകര്‍ത്തു. ആശുപത്രിപ്പടിയിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി എന്‍ സി സമീറിന്റെ കടയിലെ പച്ചക്കറി സ്റ്റാന്‍ഡും മറ്റ് വസ്തുക്കളും റോഡിലെറിഞ്ഞ് നശിപ്പിച്ചു. കത്തിച്ച വസ്തുക്കള്‍ പൂര്‍ണമായി നശിച്ചെന്ന് ഉറപ്പുവരുത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ മുഖത്ത് തൂവാലകെട്ടി സ്ഥലം പരിശോധിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, വി ശശികുമാര്‍, അരീക്കോട് ഏരിയാ സെക്രട്ടറി അഡ്വ. കിഴിശേരി പ്രഭാകരന്‍, എ ശ്രീധരന്‍, പി വള്ളിക്കുട്ടി, പി പി നാസര്‍, ടി അബ്ബാസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അരീക്കോട് പൊലീസില്‍ പരാതി നല്‍കി. അക്രമസംഭവങ്ങളില്‍ ശക്തിമായി പ്രതിഷേധിച്ച സിപിഐ എം അരീക്കോട് ഏരയാ കമ്മിറ്റി പ്രതികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
തുറയൂരില്‍ ലീഗ് അക്രമം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്
പയ്യോളി: തുറയൂരില്‍ ലീഗ് അക്രമത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്ക്. ഞായറാഴ്ച വൈകിട്ടാണ് 25ഓളം വരുന്ന ലീഗ് സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. തലക്ക് സാരമായി പരിക്കേറ്റ കണ്ണമ്പത്ത് സുഷാന്തി(36)നെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ മുതല്‍ സൈക്കിളിലും ബൈക്കിലുമൊക്കെ പോകുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും അനുഭാവികളെയും തടഞ്ഞുനിര്‍ത്തി ലീഗുകാര്‍ മര്‍ദിക്കുകയുണ്ടായി. സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വൈകിട്ട് പയ്യോളി അങ്ങാടിയില്‍ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയായിരുന്നു അക്രമം. ഇബ്രാഹിം, റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ കീരങ്കൈ ഭാഗത്ത് നിന്നെത്തിയ ലീഗ് സംഘമാണ് സംഘര്‍ഷം സൃഷ്ടിച്ച് ടൗണില്‍ അക്രമം നടത്തിയത്. സംഭവസ്ഥലത്ത് പയ്യോളി പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ലീഗുകാര്‍ നടത്തിയ അക്രമത്തില്‍ ഡിവൈഎഫ്ഐ തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. സംഘര്‍ഷമുണ്ടാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഐ എം പതാക നശിപ്പിച്ചു ഏരുവേശിയില്‍ യുഡിഎഫ് അക്രമം വ്യാപകം
ശ്രീകണ്ഠപുരം: യുഡിഎഫുകാര്‍ ശനിയാഴ്ച രാത്രി ഏരുവേശി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സിപിഐ എം കൊടിമരങ്ങളും ബസ് വെയിറ്റിങ് ഷെല്‍ട്ടറുകളും തകര്‍ത്തു. ചെളിംപറമ്പിലെ ബസ്സ്റ്റോപ്പും പൂപ്പറമ്പ്, ചുണ്ടക്കുന്ന്, വലിയപറമ്പ്, വടക്കേമൂല, നെല്ലിക്കുറ്റി എന്നിവിടങ്ങളിലെ കൊടിമരവും പതാകയും ഫ്ളക്സ് ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. കുടിയാന്മല ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. കാണാമലയിലെ ബസ്സ്റ്റോപ്പും കൊടിമരവും പൊലീസുകാര്‍ തകര്‍ത്തു. അതിനിടയില്‍ ഇവിടെ വീണ പൊലീസിന്റെ ഷൂ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സിഐയുടെ വാഹനമെത്തി കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ചെമ്പേരിയിലെ പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി തുറക്കാതിരുന്ന പമ്പ് ഇന്നും തുറക്കേണ്ടെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തിലെത്തിയ സംഘം പമ്പ് അടപ്പിച്ചത്. ഉച്ചക്കുശേഷമാണ് പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിച്ചത്. അക്രമത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി കെ ഗോവിന്ദന്‍, ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ്, അഡ്വ. എം സി രാഘവന്‍, വി ഭാസ്കരന്‍, കെ പി കുമാരന്‍, പി എം ശിവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് പൂപ്പറമ്പ്, നെല്ലിക്കുറ്റി എന്നിവിടങ്ങളില്‍ പ്രകടനം നടത്തി.
deshabhimani news
പതിനായിരം രൂപ പിരിവു നല്‍കാത്തതിന്റെ പേരില്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അതിക്രമം. ചെക്ക്പോസ്റ്റിലെ ഫയലുകളും ക്യാമറയും വലിച്ചെറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കി. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ ദേശീയപാതയില്‍ കോണ്‍ഗ്രസുകാര്‍ ഏറെനേരം തടഞ്ഞിട്ടു ഭീഷണി മുഴക്കി.
ReplyDelete