Wednesday, January 16, 2013

വന്യമൃഗസങ്കേതത്തിന് 10 കി.മീ. ചുറ്റളവില്‍ കര്‍ശന നിയന്ത്രണം


കല്‍പ്പറ്റ: വന്യമൃഗസങ്കേതങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. അടുത്തമാസം 15ന് മുമ്പ് വന്യമൃഗസങ്കേതങ്ങള്‍ക്ക് സമീപത്തെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ പരിസ്ഥിതി പ്രാധാന്യ മേഖലകളായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരമാണ് നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് പിന്‍സിപ്പല്‍ ചീഫ്ഫോറസ്്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്)ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരിസ്ഥിതി പ്രാധാന്യ മേഖലകള്‍ (ഇക്കോ സെന്‍സിറ്റിവ് സോണ്‍) രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഉപസമിതികളെ ചുമതലപ്പെടുത്തി. എംഎല്‍എമാരായ ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി വന്യമൃഗസങ്കേതങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിനിധികളില്‍ നിന്ന് അഭിപ്രായമാരായും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും ഉപസമിതിയില്‍ അംഗങ്ങളാകും. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശ അംഗീകരിച്ച് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും ആക്ഷേപങ്ങളും 60 ദിവസത്തെ സമയം വെച്ച് സ്വീകരിക്കും. ഇവ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. വ്യാവസായികാവശ്യത്തിനുള്ള ഖനം, പരിസര മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, ശബ്ദമലിനീകരണ പ്രവര്‍ത്തനങ്ങള്‍,പുതിയ തടി മില്ലുകള്‍, പ്ലാസ്റ്റികിന്റെ ഉപയോഗം എന്നിവ പരിസ്ഥിതി പ്രാധാന്യ മേഖലയില്‍ നിരോധിക്കും. വലിയ കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, ജലവൈദ്യുത പദ്ധതികള്‍, മരംമുറി എന്നിവ നിയന്ത്രിക്കും. നിയന്ത്രണങ്ങളും നിരോധനങ്ങളും നിരീക്ഷിക്കുന്നതിന് മോണിറ്ററിങ് കമ്മറ്റിയെയും സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാം.

പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം ആശങ്കാജനകം: ഹൈറേഞ്ച് സംരക്ഷണസമിതി

കട്ടപ്പന: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ചുറ്റും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. വിവാദമായ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മറ്റൊരു വിധത്തില്‍ നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപമുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിശ്ചയിക്കുന്നതിനും തുടര്‍ നടപടിക്ക് രൂപം നല്‍കാനും ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭഭാഗമായി വി ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 16, 17 തീയതികളില്‍ കുമളിയിലും ഇടുക്കിയിലും തല്‍പ്പരകക്ഷികളെ മാത്രം വിളിച്ചുചേര്‍ത്ത് രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ജണ്ടയിട്ട് തിരിച്ചിട്ടുള്ള വനഭൂമിയുടെ പുറത്തേക്ക് ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ബഫര്‍സോ ണാക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇത് ചെറുക്കും. ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി വന്നാല്‍ നിയമഭേദഗതി കൊണ്ടുവരണം. നിലവില്‍ വനത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് 10 കിലോമീറ്റര്‍ ചുറ്റളവാണ് ബഫര്‍സോണായി പരിഗണിക്കുന്നത്. അങ്ങനെ വന്നാല്‍ ഇടുക്കിയുടെ ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളും ഇതിന്റെ പരിധിയില്‍ വരും. കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍്പ്പിക്കപ്പെടും. ഈ നടപടി ചെറുത്തു തോല്‍പ്പിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണസമിതി നേതാക്കളായ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ആര്‍ മണിക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു.

deshabhimani 160113

No comments:

Post a Comment