Wednesday, January 16, 2013
വാര്‍ത്തകള്‍ - സ്പെക്ട്രം, മദ്യനയം, ലോട്ടറി...
ഒഴിവാക്കണമെന്ന തരൂരിന്റെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി ശശിതരൂരിനെതിരെ വിചാരണക്കോടതിക്ക് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വി കെ മോഹനന്‍ നിരാകരിച്ചു. തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്നും തരൂരിന്റെ ഹര്‍ജിയില്‍ തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 16 മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ചു തരൂരിന് വിചാരണക്കോടതിയെ സമീപിക്കാം. അതുവരെ തരൂരിന് കുറ്റപത്രം നല്‍കുന്നത് നിര്‍ത്തിവെക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
അഭയകേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു
കൊച്ചി: അഭയകേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞു. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണഹര്‍ജി നിരാകരിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ക്കും സിബിഐ കോടതിക്കും ഹൈക്കോടതി നോട്ടീസ് അയക്കും. ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി കെ മോഹനന്റെയാണ് ഉത്തരവ്. സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നു. പ്രതികളായ ഫാ: ജോസ് പൂതൃക്കയില്‍, ഫാ: തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കോടതി നോട്ടീസയക്കാന്‍ ഉത്തരവിട്ടു.
മദ്യനയം പഠിക്കാന്‍ കമ്മറ്റി, പുതിയ ലൈസന്‍സ് നല്‍കില്ല
തിരു: പുതിയ മദ്യനയത്തെക്കുറിച്ച് പഠിക്കുന്നതിന് കമ്മറ്റിയെ വെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുവരെ പുതിയ ബാര്‍ ലൈസന്‍സ് നല്‍കില്ല. നിലവിലുള്ള ലൈസന്‍സ് സംബന്ധിച്ച് ഈ കമ്മറ്റി പരിശോധിക്കും. മലപ്പുറത്തെ 36 അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കാന്‍ ഈ വിദ്യാലയങ്ങള്‍ എയ്ഡഡാക്കില്ല. അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ നിലവിലുള്ള രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന വരള്‍ച്ചയും വിലക്കയറ്റവും നേരിടുന്നതിനുള്ള നടപടികള്‍ 23 ന് പ്രത്യേകമന്ത്രിസഭായോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും പീഡന കേസുകളും കൈകാര്യം ചെയ്യാന്‍ എറണാകുളത്ത് അതിവേഗകോടതി ആരംഭിക്കും. ഹൈക്കോടതി നിര്‍ദേശിച്ച 18 ജീവനക്കാരെയും അനുവദിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 21 വരെ നിയമസഭാസമ്മേളനം ചേരാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തു. ബജറ്റ് സമ്മേളനം മാര്‍ച്ചില്‍ ചേരും. വയനാട്ടിലെ കാര്‍ഷിക കടങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ മോറട്ടോറിയം നല്‍കും. സാമൂഹ്യസുരക്ഷാവിഭാഗം നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതിയില്‍ കോളേജ് വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തും. മാതാപിതാക്കളില്ലാത്തവരുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം നല്‍കുന്ന തുക വര്‍ധിപ്പിക്കും. ആറന്‍മുള വിമാനത്താവളത്തിനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്. വികസനപദ്ധതികള്‍ വരുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്.
നിയമപരമായ കാര്യങ്ങളുള്ളതിനാലാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. സമരത്തില്‍ പങ്കെടുത്തു എന്ന ഒറ്റക്കാരണം ചുമത്തി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ല. സൂപ്പര്‍ ആന്വേഷന്‍ സമയത്ത് സമരം ചെയ്തവരുടെ കാര്യം പിന്നീട് തീരുമാനിക്കും. ഡയസ്നോണ്‍ തീരുമാനത്തില്‍ മാറ്റമില്ല. ജീവനക്കാരെ തടഞ്ഞവര്‍ക്കും ഓഫീസ് അടച്ചിട്ടവര്‍ക്കുമെതിരെ നിയമനടപടികള്‍ തുടരും. പരിക്കേറ്റവരുടെ ചികില്‍സാചെലവ് സര്‍ക്കാര്‍ വഹിക്കും. സ്കൂള്‍ യുവജനോല്‍സവത്തിലെ പ്രൈസ് മണി വര്‍ധിപ്പിക്കും. ആശ്രയപദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. കൊച്ചിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നാലുവരിയാക്കല്‍ ആദ്യഘട്ടത്തിന് 25 കോടിക്ക് ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
അന്യസംസ്ഥാന ലോട്ടറി: സിബിഐ നിലപാട് ദുരൂഹം
തിരു: അന്യസംസ്ഥാന ലോട്ടറിക്കേസില്‍ നിയമലംഘനമില്ലെന്ന സിബിഐ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ധനമന്ത്രി കെഎം മാണിയുടെ പ്രസ്താവന സംസ്ഥാനസര്‍ക്കാര്‍ നടത്തിയ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. ദിനംപ്രതി നാല്‍പതിനായിരം കോടി രൂപ സംസ്ഥാനത്തു നിന്നും കൊള്ളയടിച്ചു കൊണ്ടിരുന്ന സമയത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് അന്യസംസ്ഥാന ലോട്ടറി നിര്‍ത്തിയത്. രാജ്യം കണ്ട വലിയ സാമ്പത്തിക അഴിമതികളിലൊന്നാണ് അന്യസംസ്ഥാനലോട്ടറിയുടെ പ്രവര്‍ത്തനം. കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹത്തിനുപയോഗിക്കുന്നതും വെളിപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഒരിക്കല്‍ അന്യസംസ്ഥാന ലോട്ടറിക്കാരുടെ വക്കീലായിരുന്ന ധനമന്ത്രി ചിദംബരം മറ്റൊരു നിലപാടെടുത്തു. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്ന ഈ അഴിമതി ലഘുവായി കാണാനാവില്ല. ധനമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ സമഗ്രാന്വേഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും വി എസ് പറഞ്ഞു
17000 കോടിയുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം
തിരു: അടുത്ത വര്‍ഷത്തേക്ക് 17,000 കോടി രൂപയുടെ അടങ്കലുള്ള വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 14.010 കോടി രൂപയുടെ പദ്ധതിയാണ് നടപ്പുവര്‍ഷത്തേത്. മൂവായിരം കോടിയുടെ വര്‍ധനയാണ് 2013-14 സാമ്പത്തികവര്‍ഷം ഉണ്ടാകുക. സ്വകാര്യവല്‍ക്കരണനടപടികള്‍ക്ക് ആക്കംകൂട്ടുന്ന നിര്‍ദേശങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് യോഗം മുന്‍തൂക്കം നല്‍കിയത്. കൃഷി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ക്കായി അടുത്ത വര്‍ഷം നാലായിരം കോടി രൂപ വകയിരുത്തും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിനിയോഗം ഇപ്പോള്‍ മോശമാണെന്നും യോഗം വിലയിരുത്തി. പദ്ധതി ആസൂത്രണ കമീഷന് സമര്‍പ്പിക്കും. ആസൂത്രണബോര്‍ഡ് അംഗീകരിച്ച പദ്ധതിയുടെ ചട്ടക്കൂടിലായിരിക്കും അടുത്ത ബജറ്റ്.
നാടക അരങ്ങ് ഉണര്‍ന്നു
തൃശൂര്‍: നാട്ടുപാട്ടിന്റെയും പരമ്പരാഗതവാദ്യങ്ങളുടെയും പശ്ചാത്തലത്തില്‍ എട്ടു ദിവസം നീളുന്ന രാജ്യാന്തര നാടകോത്സവത്തിന് (ഇറ്റ്ഫോക്ക്) സാംസ്കാരിക നഗരിയില്‍ തുടക്കമായി. ഡല്‍ഹിയിലെ എബിലിറ്റി അണ്‍ലിമിറ്റഡ് ഫൗണ്ടേഷന്‍ അവതരിപ്പിച്ച "സെലിബ്രേറ്റിങ് എബിലിറ്റീസാ"യിരുന്നു ഉദ്ഘാടനാവതരണം. വീല്‍ചെയറും ക്രച്ചസും ഉപയോഗിച്ച് അവതരിപ്പിച്ച സൂഫി നൃത്തം, ശാസ്ത്രീയ നൃത്തങ്ങള്‍ എന്നിവ സദസ്സിനെ അമ്പരപ്പിച്ചു. പോളണ്ടിലെ ലാം ഒര്‍ട് തിയറ്റര്‍ അവതരിപ്പിച്ച ഹാംലെറ്റ് മെഷീന്‍, കൊല്ലം പ്രകാശ് കലാകേന്ദ്രയുടെ "ഉതുപ്പാന്റെ കിണര്‍" എന്നീ നാടകങ്ങളാണ് ആദ്യ ദിവസം അരങ്ങേറിയത്.
പട്ടികജാതി ഉപപദ്ധതി വിഹിതം കുറയ്ക്കുന്നതില്‍ പ്രതിഷേധിക്കുക
ന്യൂഡല്‍ഹി: പട്ടികജാതി ഉപപദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രണ കമീഷന്‍ നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 10,000 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തുന്നത്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള തൊഴിലുറപ്പ് പദ്ധതി ദളിത് വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കുന്നതല്ല. അതിനാല്‍തന്നെ പട്ടികജാതി ഉപപദ്ധതി പൊതുവിഭാഗത്തിലുള്ള പദ്ധതിയുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ല. ഇത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 300 രൂപയില്‍ കുറയാത്ത ദിവസവേതനം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇക്കാര്യം പരിഗണിച്ചില്ല. ദളിത് വിഭാഗത്തിനായി നിലവില്‍ തുച്ഛമായ തുകയാണ് ചെലവഴിക്കുന്നത്. അതുതന്നെ വഴിതിരിക്കാനുള്ള ശ്രമമാണിത്. പട്ടികജാതി ഉപപദ്ധതിക്കും തൊഴിലുറപ്പ് പദ്ധതിക്കും വെവ്വേറെ പണം അനുവദിക്കാന്‍ ജനം ശബ്ദമുയര്‍ത്തണമെന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.
സ്പെക്ട്രം വില മൂന്നാഴ്ചയ്ക്കകം
ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ചില്‍ തുടങ്ങുന്ന രണ്ടാംഘട്ട സ്പെക്ട്രം ലേലത്തിന്റെ വില മൂന്നാഴ്ചയ്ക്കകം നിശ്ചയിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കിയ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഫെബ്രുവരി നാലുവരെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുത്ത സുപ്രീംകോടതി വിധി മന്ത്രി സ്വാഗതംചെയ്തു. 2ജി സ്പെക്ട്രത്തിനുള്ള പുതിയ ലേലം മാര്‍ച്ച് അവസാനത്തിനുള്ളില്‍തന്നെ തീര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സിബല്‍ വ്യക്തമാക്കി. സ്പെക്ട്രം വിലനിലവാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫെബ്രുവരി നാലിന് മുമ്പ് തീരുമാനമുണ്ടാവും. ഫെബ്രുവരി നാലിനാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള സുപ്രീകോടതി ഉത്തരവ് ശുഭസൂചകമാണ്. കഴിഞ്ഞ പ്രാവശ്യത്തേതുപോലെ ഇനി നടക്കാനിരിക്കുന്ന ലേലവും പ്രശ്നങ്ങളില്ലാതെ അവസാനിക്കുമെന്ന് സിബല്‍ പറഞ്ഞു.
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന എ രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 122 ടെലികോം ലൈസന്‍സുകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സ്പെക്ട്രം നാലു മാസത്തിനകം പുനര്‍ലേലം ചെയ്യണമെന്നും അതുവരെ നിലവിലുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നുമായിരുന്നു കോടതിവിധി. കഴിഞ്ഞ നവംബറില്‍ ആദ്യഘട്ട ലേലം നടന്നെങ്കിലും പ്രതികരണം മോശമായിരുന്നു. പല ടെലികോം മേഖലകളിലും സ്പെക്ട്രത്തിന് ആവശ്യക്കാരുണ്ടായില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടശേഷം കഴിഞ്ഞ ഫെബ്രുവരി മുതലുള്ള സ്പെക്ട്രം ഉപയോഗത്തിന് കമ്പനികളില്‍നിന്ന് ഈടാക്കേണ്ട തുക എത്രയെന്ന് വിശദീകരിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത സ്പെക്ട്രം ലേലം നടക്കുന്ന മാര്‍ച്ച് വരെ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് ടെലികോം മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടത്. അടുത്ത ലേലത്തിനായി കമ്പനികളില്‍ താല്‍പ്പര്യം ഉണര്‍ത്താന്‍ ഇതാവശ്യമാണെന്നായിരുന്നു വാദം. ധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി സിഡിഎംഎ മൊബൈല്‍ സേവന ദാതാക്കള്‍ക്കും മറ്റുമുള്ള സ്പെക്ട്രത്തിന്റെ വില 50 ശതമാനം കുറയ്ക്കാന്‍ ശുപാര്‍ശചെയ്തിരുന്നു.
Labels:
കോടതി,
വാര്‍ത്ത,
ശശി തരൂര്‍,
സ്പെക്ട്രം
Subscribe to:
Post Comments (Atom)
No comments:
Post a Comment