കുടിലെങ്കിലും ഇവര്‍ക്കിത് കൊട്ടാരം
കിളിമാനൂര്‍: സ്വന്തമായി അവകാശം സ്ഥാപിച്ച് കെട്ടിയ കുടിലില്‍ ആളും ആരവങ്ങളും ബഹളങ്ങളുമൊന്നുമറിയാതെ ആ അമ്മയും കുഞ്ഞും സുഖമായി ഉറങ്ങിയത് തുമ്പോട് സമരഭൂമിക്ക് മറക്കാനാകാത്ത കാഴ്ചയായി. തുമ്പോട് സമരഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ച കുടുംബങ്ങളുടെ തിരക്കാനും അഭിവാദ്യമര്‍പ്പിക്കാനും സന്ദര്‍ശനത്തിനുമൊക്കെയായി എത്തുന്നവരെ ശ്രദ്ധിക്കാതെ വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍നിന്നെത്തിയ സരസ്വതിയും മകന്‍ രണ്ടുവയസ്സുകാരന്‍ ഷിബിനുമാണ് ചുട്ടുപൊള്ളുന്ന വെയിലും പൊടിപറത്തി വിശീയ കാറ്റും വകവയ്ക്കാതെ തങ്ങള്‍ സമരഭൂമിയില്‍ കെട്ടിയുയര്‍ത്തിയ ഓലക്കുടിലില്‍ മനസ്സുനിറഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞത്. ബന്ധുക്കളുടെ കാരുണ്യത്താല്‍ ഇപ്പോള്‍ തലചായ്ക്കാനൊരിടം ലഭിക്കുന്നുണ്ടെങ്കിലും ഈ ഐതിഹാസികസമരം കഴിയുമ്പോള്‍ തങ്ങള്‍ക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമിയെങ്കിലും ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് സരസ്വതിക്ക്.
മിച്ചഭൂമികളില്‍ ഭൂരഹിതര്‍ നിറയുന്നു
തിരു: കുടില്‍കെട്ടി സമരം അഞ്ച് ദിനം പിന്നിടുമ്പോള്‍ ജില്ലയിലെ തുമ്പോട്, പോതുപാറ, കല്ലിയോട് എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ 45 കുടിലുകള്‍കൂടി ഉയര്‍ന്നു. ഇതോടെ ജില്ലയിലെ മിച്ചഭൂമികളില്‍ പ്രവേശിച്ച് കുടില്‍കെട്ടി അവകാശം സ്ഥാപിച്ച ആകെ കുടുംബങ്ങളുടെ എണ്ണം 200 പിന്നിട്ടു. കള്ളപ്പണക്കാര്‍ക്കും പുത്തന്‍ പ്രമാണിമാര്‍ക്കും കേരളത്തിന്റെ ഭൂമി മുഴുവന്‍ സ്വന്തമാക്കാന്‍ സഹായം ചെയ്യുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂപ്രമാണിത്തം അനുവദിക്കില്ലെന്ന് ഭൂരഹിതരൊന്നായിനിന്ന് ചെങ്കൊടി ഉയര്‍ത്തി പ്രഖ്യാപിക്കുന്നു. തുമ്പോട് സമരഭൂമിയില്‍ ചൊവ്വാഴ്ച വര്‍ക്കല ഏരിയയില്‍നിന്നുള്ള 12 ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. ഇതോടെ തുമ്പോട്ട് കുടില്‍കെട്ടിയ ഭൂരഹിതകുടുംബങ്ങളുടെ എണ്ണം 54 ആയി. സമരത്തോടനുബന്ധിച്ച് തുമ്പോട് ജങ്ഷനില്‍ നടന്ന പൊതുയോഗം കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ രതീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം കിളിമാനൂര്‍ ഏരിയകമ്മിറ്റി അംഗം എം എ റഹിം അധ്യക്ഷനായി. ഷിബുതങ്കന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഭൂരഹിതര്‍ സമരഭൂമിയില്‍ പ്രവേശിച്ചത്.
കാടിന്റെ ഗീതം താരാട്ടാക്കി രണ്ടുവയസ്സുകാരി
അഞ്ചല്‍: അമ്പതേക്കര്‍ പേരാംകോവിലില്‍നിന്നു സമരഭൂമിയില്‍ എത്തിയ ചന്ദ്രബാബുവിന്റെയും തങ്കമണിയുടെയും രണ്ടു വയസ്സുകാരി മകള്‍ ശ്രീവിദ്യയ്ക്ക് താരാട്ടുതൊട്ടില്‍ സമരഭൂവില്‍ തന്നെ. സ്വന്തമായി ഭൂമിയില്ലാത്ത ഈ ദമ്പതികള്‍ അഞ്ചും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുമായാണ് കുടില്‍കെട്ടല്‍ സമരത്തിനെത്തിയത്. കുടിലിനു സമീപത്തെ റബ്ബര്‍മരത്തിലാണ് തൊട്ടില്‍കെട്ടി അമ്മ തങ്കമണി മക്കള്‍ക്കു താരാട്ടു പാടിക്കൊടുക്കുന്നത്. സമരഭൂമിയിലെ പാട്ടും മുദ്രാവാക്യങ്ങളും ശ്രീവിദ്യയ്ക്ക് ഉറക്കുപാട്ടുതന്നെ. ജീവിതദുരിതം പേറുന്ന നിരവധി കുടുംബങ്ങളാണ് അരിപ്പയില്‍ പ്രക്ഷോഭത്തിനെത്തിയത്. ജനിച്ചനാള്‍ മുതല്‍ പുറമ്പോക്കുകളിലും വനാതിര്‍ത്തികളിലും കുടില്‍കെട്ടി താമസിക്കുന്നവര്‍, സ്വന്തം ഭൂമി മറ്റുള്ളവര്‍ കൈയേറിയവര്‍, മക്കളും ബന്ധുക്കളും ഉപേക്ഷിക്കപ്പെട്ടവര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങി സാമൂഹ്യജീവിതത്തിലെ ഏറ്റവും ദുര്‍ബലവിഭാഗമാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍.
ഭൂസമരം ജനകീയസമരമാകുന്നു
കടയ്ക്കല്‍: പിറന്ന മണ്ണില്‍ ഒരുതുണ്ടു ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തുന്ന കുടില്‍ കെട്ടല്‍ സമരം ബഹുജനസമരമായി മുന്നേറുന്നു. കിടപ്പാടത്തിനായുള്ള പ്രക്ഷോഭത്തില്‍ അനുദിനം പങ്കാളിത്തം വര്‍ധിക്കുന്നു. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കുക, ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അരിപ്പയില്‍ 750 ഉം നാഗമലയില്‍ 200 ഉം കുടിലുകള്‍ കെട്ടി. ചൊവ്വാഴ്ച ചിതറ പഞ്ചായത്തിലെ കൊച്ചുകരിക്കകം കോളനിയിലെ മിച്ചഭൂമിയില്‍ 200 കുടിലുകള്‍ കെട്ടി സമരം തുടങ്ങി. കൊച്ചുകരിക്കകം മിച്ചഭൂമിയില്‍ സമരം കര്‍ഷകസംഘം ജില്ലാസെക്രട്ടറി എന്‍ എസ് പ്രസന്നകുമാര്‍ ഉദ്ഘാടനംചെയ്തു.
ചിതറ പഞ്ചായത്തിലെ വളവുപച്ച കൊച്ചുകരിക്കകം മിച്ചഭൂമിയിലെ രണ്ടര ഏക്കറിലാണ് ഇരുനൂറോളം വരുന്ന കുടുംബങ്ങള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രവേശിപ്പിച്ചത്. 1979ല്‍ ചിതറ അല്‍ മനാര്‍ മന്‍സിലില്‍ ഇസ്മയില്‍പിള്ള റാവുത്തറില്‍നിന്ന് ചിതറ വില്ലേജിലെ മുന്‍സര്‍വേ 712/1എ-143ലുള്ള മൂന്നേക്കര്‍ പന്ത്രണ്ടുസെന്റും മുന്‍സര്‍വേ 699/2ല്‍നിന്ന് ഒരേക്കറോളം ഭൂമിയും മിച്ചഭൂമിയായി ഏറ്റെടുത്ത് 1979 മാര്‍ച്ച് 22ന് ലാന്‍ഡ് ബോര്‍ഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഭൂമിയാണിത്. ഇതേത്തുടര്‍ന്ന് ഇസ്മയില്‍പിള്ള വിവിധ ഘട്ടങ്ങളില്‍ കേസ് നല്‍കിയെങ്കിലും ഹൈക്കോടതി അതൊന്നും പരിഗണിച്ചിരുന്നില്ല. എന്നാല്‍, ഏറ്റവും ഒടുവില്‍ 2012 ഡിസംബര്‍ 14ന് കൊട്ടാരക്കര താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇറക്കിയിട്ടുള്ള ഉത്തരവിന്‍പ്രകാരം സര്‍ക്കാര്‍ മിച്ചഭൂമി വീണ്ടും സ്വകാര്യവ്യക്തികള്‍ക്കു പതിച്ചുകൊടുക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതിനിടെയാണ് ഈ ഭൂമിയില്‍ സമരവളന്റിയര്‍മാര്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. കൊച്ചുകരിക്കകം കോളനിയില്‍ നടന്ന ഉദ്ഘാടനയോഗത്തില്‍ എസ് രാമചന്ദ്രന്‍ അധ്യക്ഷനായി.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള മിച്ചഭൂമിയില്‍ കുടിലുകള്‍ തീര്‍ത്ത് അവകാശം ഉറപ്പിച്ച് സമരം ശക്തമാക്കാന്‍ ചൊവ്വാഴ്ച നാഗമലയിലെ മിച്ചഭൂമിയിലേക്ക് എത്തിയത് 83 കുടുംബങ്ങള്‍. നാലാം ദിവസത്തിലേക്കു കടന്ന കുടില്‍കെട്ടിയുള്ള സമരത്തില്‍ ഇതുവരെ 235 പേരാണ് അണിനിരന്നിരിക്കുന്നത്. ഇരുനൂറോളം കുടിലുകളാണ് നാഗമല ക്ഷേത്രത്തിനടുത്തുള്ള ഹാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമിയില്‍ ഉയര്‍ന്നിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ കുടില്‍കെട്ടിയുള്ള ഭൂസമരത്തില്‍ അണിചേരും. കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കള്‍കരിക്കം വില്ലേജിലെ 54ഏക്കര്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി ആരംഭിച്ച സമരം അഞ്ചാംദിവസം ആകുമ്പോള്‍ 750 കുടുംബങ്ങള്‍ താമസമാക്കിയിരിക്കുകയാണ്. ഭൂസമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് അരിപ്പയിലെ സമരഭൂമിയില്‍നിന്ന് ആയിരങ്ങള്‍ പ്രതിഷേധത്തിന്റെ തീപ്പന്തം കൊളുത്തി ചോഴിയക്കോട് ജങ്ഷനിലേക്ക് പ്രകടനം നടത്തി.
"70ലെ വീരസ്മരണയുമായി...
ചേര്‍ത്തല: എഴുപതുകളിലെ ഒന്നാം ഭൂസമരത്തിന്റെ വീരസ്മരണകളുമായി ശാരീരിക അവശതകള്‍ മറന്ന് സഹദേവനും ഗോപാലകൃഷ്ണനും എത്തി. ചേര്‍ത്തല മാമ്പല പാടശേഖരത്തിലെ സമരഭൂമിയില്‍ ആവേശത്തിരയിളക്കം. ചേര്‍ത്തല മുനിസിപ്പല്‍ 14-ാം വാര്‍ഡ് തോപ്പുവെളിയില്‍ എ കെ സഹദേവന്‍ (66) ഭൂസമരത്തില്‍ ആവേശത്തോടെ പങ്കെടുത്ത് 45 ദിവസം ജയില്‍വാസം അനുഭവിച്ച ഓര്‍മ പിന്മുറ സമരവളണ്ടിയര്‍മാരുമായി പങ്കുവച്ചു. ചേര്‍ത്തല അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായിരിക്കെയാണ് എക്സ്റേ ആശുപത്രിക്കു സമീപം അയ്യനാട്ടു പാറായിയുടെ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി സമരത്തില്‍ അണിചേര്‍ന്നത്. അറസ്റ്റിലായ സഹദേവനും മറ്റും 15 ദിവസം റിമാന്‍ഡിലായി. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മജിസ്ട്രേട്ടിനുമുന്നില്‍ കുറ്റം സമ്മതിച്ചു. അങ്ങനെ 30 നാള്‍ ജയില്‍ശിക്ഷയുമായി. വിവാഹിതനായി ഒരാണ്ട് തികയുംമുമ്പാണ് ഈ സമരാനുഭവം. നാല് പതിറ്റാണ്ട് മുമ്പുള്ള സഹനത്തിന്റെ ഓര്‍മകള്‍ സഹദേവനില്‍ ആവേശജ്വാലയാണ്.
കയറ്റിറക്ക് ജോലിക്കിടെ നടുവിന്റെ അസ്ഥി തകര്‍ന്ന് നിരവധി വര്‍ഷങ്ങള്‍ കിടക്കയില്‍ കഴിയുകയും പിന്നീട് രക്തത്തിന്റെ അളവ് കുത്തനെ ഇടിയുന്ന അര്‍ബുദംബാധിച്ചും മരണാസന്നനെന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു. അത്ഭുതകരമായി ഇദ്ദേഹം അടുത്തനാളിലാണ് ജീവിതത്തിലേക്ക് കൈപിടിച്ച് എത്തിയത്. തളരാത്ത പോരാളിയുടെ മനസുമായി അവശതകള്‍ മറന്ന് മാമ്പല സമരഭൂമിയില്‍ നിത്യസാന്നിധ്യമാണ്. ചുമട്ടുതൊഴിലാളി യൂണിയന്‍ കണ്‍വീനര്‍, താലൂക്ക് ജോയിന്റ് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ: ലളിത. മക്കള്‍: ബൈജു, ലൈജു. മരുമക്കള്‍: അജിമോള്‍, ജയന്തി.
കെഎസ്ആര്‍ടിസി കണ്ടക്ടറായി തിരുവനന്തപുരത്ത് ജോലി നോക്കവെ പാര്‍ടി നിര്‍ദേശപ്രകാരം നാട്ടിലെത്തി കുടികിടപ്പ് സമരത്തില്‍ പങ്കെടുത്തതിന്റെ മങ്ങാത്ത ഓര്‍മയുമായാണ് മുനിസിപ്പല്‍ 16-ാം വാര്‍ഡ് പതിച്ചേരില്‍ വി ഗോപാലകൃഷ്ണന്‍ (69) സമരകേന്ദ്രത്തില്‍ എത്തിയത്. കുടികിടപ്പ് ഭൂമി വളച്ചുകെട്ടി തെങ്ങില്‍കയറി നാളികേരം ഇട്ടായിരുന്നു സമരം. കയറ്റം അറിയില്ലെങ്കിലും ഇദ്ദേഹം നിരവധി തെങ്ങുകയറി. അതായിരുന്നു സമരാവേശമെന്ന് ഗോപാലകൃഷ്ണന്‍ അനുസ്മരിച്ചു. പൊലീസിന് പിടികൊടുക്കാതിരുന്നതിനാല്‍ ജോലിയില്‍ തുടരാനായി. പിന്നീട് ഭക്ഷ്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. "60ല്‍ പാര്‍ടി അംഗമായ ഇദ്ദേഹം ലോക്കല്‍ കമ്മിറ്റിയംഗം, കെഎസ്ആര്‍ടിഇഎ (സിഐടിയു) യൂണിറ്റ് ഭാരവാഹി, പാര്‍ടി ബ്രാഞ്ച് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. രോഗബാധിതനായി ചികിത്സയിലാണ് ഇപ്പോള്‍. ഭാര്യ: വത്സല. മക്കള്‍: ബൈജു (സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം), ധന്യ. മരുമക്കള്‍: രാജീവ്, അമ്പിളി.
32 കുടിലുകള്‍ കെട്ടിയ സമരഭൂമി ഇ എം എസ് കോളനിയായി
അരീക്കോട്: ഭൂസംരക്ഷണ സമിതി കുടിലുകള്‍ കെട്ടിയ സമരഭൂമിക്ക് ഇ എം എസ് കോളനിയെന്ന് നാമകരണംചെയ്തു. തിങ്കളാഴ്ച ഭൂസമര ഭൂമിയായ കല്ലരട്ടിക്കലിലെ പാലത്തുപാറ സന്ദര്‍ശിച്ച സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവനാണ് കോളനിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റിയംഗം ടി കെ ഹംസയുടെ സാന്നിധ്യത്തിലായിരുന്നു നാമകരണം. ചൊവ്വാഴ്ചയോടെ കുടിലുകളുടെ എണ്ണം 32 ആയി. അഞ്ചാം ദിവത്തെ സമരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി വിജയലക്ഷ്മി ഉദ്ഘാടനംചെയ്തു. കെ പാര്‍വതി അധ്യക്ഷയായി. സി വി നായര്‍, എന്‍ കെ ഷൗക്കത്തലി, പി വള്ളിക്കുട്ടി, കെ പി രാവുണ്ണി, ടി പി അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. കെ അയമു സ്വാഗതം പറഞ്ഞു.
കൂത്താളി സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ വീണ്ടും...
പേരാമ്പ്ര: കൃഷി ചെയ്തു ജീവിക്കാന്‍ ഒരുതുണ്ട് മണ്ണ് മോഹിച്ച് ചെങ്കൊടിയേന്തി, ചത്താലും ചെത്തും കൂത്താളിയെന്ന പ്രഖ്യാപനവുമായി ഐതിഹാസിക പോരാട്ടം നടന്ന കൂത്താളി സമരഭൂമി ഏഴ് പതിറ്റാണ്ടിനു ശേഷം വീണ്ടും സമരജ്വാലയില്‍ തിളങ്ങുന്നു. വൈദേശിക ഭരണത്തിലും സ്വാതന്ത്ര്യാനന്തരം ഖദര്‍ധാരികളുടെ ഭരണത്തിലും നടന്ന തീക്ഷ്ണമായ പോരാട്ടങ്ങളുടെ ഫലമായി ആയിരക്കണക്കിന് കുടുംബങ്ങളെ മണ്ണിനുടമകളാക്കി മാറ്റിയ കൂത്താളി സമരം ഇന്നും ജ്വലിക്കുന്ന ചരിത്രം. 14 വാര്‍ഡുകളുള്ള ചക്കിട്ടപാറ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലെ ജനങ്ങളും താമസിക്കുന്നത് പലപ്പോഴായി പതിച്ചുകിട്ടിയ ഭൂമിയിലാണെന്ന വസ്തുത സമരസഖാക്കള്‍ക്ക് ആവേശം പകരുന്നു. മലയോരത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ വട്ടോത്ത് കുട്ടിയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മുതുകാട് മിച്ചഭൂമിയിലാണ് അഞ്ചുനാളായി സമരം നടക്കുന്നത്. റോഡരികിലുള്ള സ്ഥലത്ത് ഇതിനകം നൂറോളം കുടുംബങ്ങള്‍ കുടില്‍ കെട്ടിയും ചെങ്കൊടി നാട്ടിയും അവകാശം സ്ഥാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിലെയും ബിജെപിയിലെയും പ്രവര്‍ത്തകരും ആദിവാസികളും സമരത്തില്‍ സജീവം.
ചൊവ്വാഴ്ച കര്‍ഷകതൊഴിലാളി യൂണിയന്‍ നേതാവും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമായ കെ കെ രാഘവന്‍ സമരം ഉദ്ഘാടനം ചെയ്തു. കല്പത്തൂരിലെ കെ എം മോഹനന്‍, പി പി അബ്ദുള്‍സലാം എന്നിവര്‍ പതാക സ്വീകരിച്ച് സമരത്തിന് നേതൃത്വം നല്‍കി. 17 ഭൂരഹിത കുടുംബങ്ങള്‍ പുതുതായി കുടില്‍കെട്ടി. എന്‍ എം ദാമോദരന്‍ അധ്യക്ഷനായി. കെ സുനില്‍, തങ്കമ്മ വര്‍ഗീസ്, പള്ളുരുത്തി ജോസഫ്, എന്‍ പി ബാബു, സുജാത മനക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ വി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കെ കെ രാജന്‍ നന്ദിയും പറഞ്ഞു. പേരാമ്പ്ര ടൗണില്‍നിന്നും സമരത്തിനായി ശേഖരിച്ച ആറ് ചാക്ക് അരി സിപിഐ എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എ കെ ബാലന്‍ സമരപ്പന്തലിലെത്തി സമരസസഹായ സമിതി ഭാരവാഹികളെ ഏല്‍പ്പിച്ചു.
പാമ്പ്ര ചേലക്കൊല്ലിയില്‍ ആറ് കുടിലുകള്‍ കെട്ടി പുല്‍പ്പള്ളിയിലും ഭൂസമരം തുടങ്ങി
പുല്‍പ്പളളി: മണ്ണിനായുള്ള സമരം ശക്തിപ്പെടുത്തി പുല്‍പ്പള്ളിയിലും സമരകേന്ദ്രം തുറന്നു. പാമ്പ്ര ചേലക്കൊല്ലിയിലാണ് ഭൂരഹിതര്‍ കുടിലുകള്‍ കെട്ടി അവകാശം സ്ഥാപിച്ചത്. ആറ് കുടിലുകളാണ് തുടക്കത്തില്‍ കെട്ടിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെത്തി കുടില്‍കെട്ടും. ഇതോടെ ജില്ലയിലെ സമരകേന്ദ്രങ്ങളുടെ എണ്ണം ആറായി. ബുധനാഴ്ച കൂടുതല്‍ കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി സമരം ആരംഭിക്കും. സമരകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടെ മണ്ണിനായുള്ള പോരാട്ടം ജില്ലയില്‍ കൂടുതല്‍ തീക്ഷ്ണമാകും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും പട്ടികജാതി വിഭാഗക്കാരും നടത്തുന്ന സമരം ബഹുജന പിന്തുണയില്‍ മുന്നേറുകയാണ്.
പുല്‍പ്പള്ളി പാമ്പ്രയില്‍ സമരം കെഎസ്കെടിയു ജില്ലാ പ്രസിഡണ്ട് പി എസ് ജനാര്‍ദ്ധനന്‍ ഉദ്ഘാടനം ചെയ്തു. സമര സഹായസമിതി നേതാക്കളായ കെ എന്‍ സുബ്രഹ്മണ്യന്‍, ഇ എ ശങ്കരന്‍, അനില്‍ സി കുമാര്‍, ടി ആര്‍ രവി, എം കെ ശ്രീനിവസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ കുടില്‍ കെട്ടേണ്ട കൂടുതല്‍ സ്ഥലങ്ങളും മിച്ചഭൂമികളും ഭൂസംരക്ഷണസമിതി കണ്ടെത്തി. ബുധനാഴ്ച സ്ഥലം അളന്നുതിരിച്ച് നല്‍കും. ഭൂരഹിതര്‍ക്ക് കുടില്‍ കെട്ടാന്‍ ഭൂസംരക്ഷണസമിതി സഹായം നല്‍കും. കുടില്‍ കെട്ടിസമരം പൊതുസമുഹം ഏറ്റെടുത്തിരിക്കുകയാണ്. ഓരോദിവസവും നിരവധിപ്പേരാണ് അഭിവാദ്യം അര്‍പ്പിക്കാനും കുടുംബങ്ങളെ സഹായിക്കാനുമായി എത്തുന്നത്. ഓരോകേന്ദ്രത്തിലും സമരത്തിനെത്തുന്ന കുടുംബങ്ങളുടെ എണ്ണവും ദിവസംതോറും വര്‍ധിക്കുകയാണ്.
തൊണ്ടര്‍നാട് പഞ്ചായത്തിലെ പെര്‍ളോം, പൊഴുതന പഞ്ചായത്തിലെ പെരുങ്കോട, പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെക്കുന്ന മൂപൈനാട് പഞ്ചാത്തിലെ അരപ്പറ്റ എസ്റ്റേറ്റിലെ മിച്ചഭൂമി, മാനന്തവാടിയില്‍ പാരസണ്‍ കമ്പനി അനധികൃതമായി കൈശവം വെക്കുന്ന ചിറക്കരയിലെ മിച്ചഭൂമി, നെന്‍മേനി പഞ്ചായത്തിലെ തൊവരിമല എന്നിവടങ്ങിലാണ് നിലവില്‍ജില്ലയില്‍ ഭൂസമരം നടക്കുന്നത്. ഭൂസംരക്ഷണസമിതി വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരകേന്ദ്രങ്ങളില്‍ അഭിവാദ്യപ്രകടനങ്ങള്‍ നടന്നു. ബുധനാഴ്ചയും സമരകേന്ദ്രങ്ങളില്‍ കൂടുതല്‍ കുടിലുകള്‍ ഉയര്‍ന്നു. ഭൂരഹിതര്‍ കുടൂംബസമേതമാണ് സമരഭൂമികളിലുള്ളത്. തുണ്ടുഭൂമിക്കായി ഇവര്‍ നടത്തുന്ന സമരം അനുദിനം ശക്തിപ്പെടുകയാണ്. കൊടിയുടെ നിറം നോക്കാതെ കുടുംബങ്ങള്‍ കൂട്ടത്തോടെ സ്വമേധയ സമരഭൂമികളിലെത്തി കുടില്‍കെട്ടുകയാണ്. ഭൂസംരക്ഷണസമിതി വളണ്ടിയര്‍മാരുടെ പിന്തുണയിലാണ് മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ച സമരം ശക്തിപ്പെടുന്നത്. ഓരോകേന്ദ്രത്തിലും ഭൂരഹിതരെ കൂടാതെ 50വീതം വളണ്ടിയര്‍മാരും സമരത്തിനുണ്ട്. ഭൂരഹിതരെ പൊലീസ് അറസ്റ്റ് ചെയ്താല്‍ ഇവരും അറസ്റ്റ് വരിക്കും. പാരിസണും ഹാരിസണും അനധികൃതമായി കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമിയില്‍ സമരം നടത്തുന്നവരെ ഒഴിവാക്കാന്‍ കമ്പനികള്‍ കുത്സിത ശ്രമങ്ങള്‍ നടത്തുകയാണ്. ഇതെല്ലാം ഒറ്റകെട്ടോടെ ചെറുത്താണ് സമരം മുന്നോട്ട് നീങ്ങുന്നത്.
deshabhimani 160113
No comments:
Post a Comment