Saturday, January 12, 2013

1300 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടി


സമരചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ച് സംസ്ഥാനവ്യാപകമായി 1300 ഭൂരഹിതരായ കുടംബങ്ങള്‍ മിച്ചഭൂമികളില്‍ കുടില്‍കെട്ടി. പത്തുനാള്‍ തുടര്‍ന്ന സഹനസമരത്തിന്റെ തുടര്‍ച്ചയായാണ് സമരവളന്റിയര്‍മാരുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിനു ഭൂരഹിതര്‍ കുടില്‍കെട്ടി ഭൂമി കൈയേറിയത്. തലസ്ഥാന ജില്ലയില്‍ വെമ്പായം പഞ്ചായത്തിലെ പോതുപാറയിലും ആനാട് പഞ്ചായത്തിലെ കല്ലിയോട് മിച്ചഭൂമിയിലും മടവൂര്‍ പഞ്ചായത്തിലെ തുമ്പോട് മിച്ചഭൂമിയിലും ഭൂരഹിതര്‍ കുടില്‍കെട്ടി. കേന്ദ്രങ്ങളില്‍ നൂറുകണക്കിനാള്‍ക്കാര്‍ അണിനിരന്നു. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ അരിപ്പയിലെ 54 ഏക്കര്‍ മിച്ചഭൂമിയിലാണ് ഭൂരഹിതര്‍ കുടില്‍കെട്ടി താമസം ആരംഭിച്ചത്. കുളത്തൂപ്പുഴ വില്ലുമല ആദിവാസികോളനിയിലെ ദമയന്തിയെ ഹാരമണിയിച്ചാണ് സമരം തുടങ്ങിയത്. കോട്ടയം ജില്ലയില്‍ കുമരകം മെത്രാന്‍കായലിലും അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം പള്ളിക്കു സമീപത്തെ മിച്ചഭൂമിയിലും കുടില്‍കെട്ടി. വടയാര്‍ ആലങ്കേരി പാടത്ത് കൊടിനാട്ടി അവകാശം സ്ഥാപിച്ചു. ഇടുക്കിയില്‍ എട്ട്് കേന്ദ്രത്തില്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. അടിമാലി ഏരിയയില്‍ ചിത്തിരപുരം ഡോബിപ്പാലം, മറയൂര്‍ കോവില്‍ക്കടവ്, ഏലപ്പാറ ഏരിയയിലെ വാഗമണ്‍ ചോറ്റുപാറ, നെടുങ്കണ്ടം വട്ടപ്പാറ, ഇടുക്കി താന്നിക്കണ്ടം, മൂന്നാര്‍ കുറ്റിയാര്‍വാലി, കട്ടപ്പന കുന്തളംപാറ, ചിന്നക്കനാല്‍ സിങ്കുകണ്ടം എന്നിവിടങ്ങളിലാണ് സമരം. പത്തനംതിട്ട ജില്ലയില്‍ ചിറ്റാര്‍ കൊച്ചേത്തു പാറ, ആറന്മുള വിമാനത്താവളഭൂമി, അടൂര്‍ താലൂക്കിലെ കലഞ്ഞൂര്‍ മാങ്കോട് തട്ടാക്കുടി രാജഗിരി എസ്റ്റേറ്റ്, കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മിച്ചഭൂമി എന്നിവിടങ്ങളിലാണ് സമരം. എറണാകുളത്ത് കടമക്കുടി ദ്വീപിലെ ചരിയന്‍തുരുത്ത്, വെണ്ണല എന്നിവിടങ്ങളില്‍ കുടില്‍ കെട്ടി. ആലപ്പുഴ ജില്ലയിലെ 17 ഏരിയയില്‍ നടന്ന സമരത്തില്‍ വളന്റിയര്‍മാരടക്കം എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു.

കുട്ടനാട് ഏരിയയിലെ കുന്നുമ്മ വില്ലേജില്‍ പി ആര്‍ വെങ്കിടാചലത്തില്‍നിന്ന്് സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണംചെയ്യാതെ കിടക്കുന്ന മിച്ചഭൂമി 62 സെന്റിലും തകഴി ഏരിയയിലെ തറയശേരി പാടശേഖരത്തിലെ പതിനേഴര ഏക്കര്‍ മിച്ചഭൂമിയിലും കായംകുളം ഏരിയയിലെ പുതുപ്പള്ളി വില്ലേജില്‍ ടി എം ചിറയില്‍പ്പെട്ട 19 ഏക്കര്‍ 60 സെന്റ് മിച്ചഭൂമിയിലും തൈക്കാട്ടുശേരി ഏരിയയിലെ തൈക്കാട്ടുശേരി വില്ലേജില്‍ ആപ്പിള്‍ഡേ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനി വാങ്ങി നികത്തിയ 60 ഏക്കര്‍ മിച്ചഭൂമിയിലും സമരക്കാര്‍ കുടില്‍കെട്ടി. തൃശൂരില്‍ 14 കേന്ദ്രത്തിലെ മുന്നൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം തുടങ്ങി. ഓരോ കേന്ദ്രത്തിലും ദളിതരും ആദിവാസികളും പാവപ്പെട്ടവരുമായ 50 വീതം ഭൂരഹിതരാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. പാലക്കാട് ജില്ലയില്‍ 15 ഏരിയകളില്‍ കുടില്‍കെട്ടി ഭൂസമരം ആരംഭിച്ചു. കുഴല്‍മന്ദം, കൊല്ലങ്കോട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നൂറുകണക്കിനു സമരക്കാര്‍ അണിനിരന്നു.

മലപ്പുറം ജില്ലയില്‍ 13 കേന്ദ്രത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. പാട്ടക്കാലാവധി കഴിഞ്ഞ എടക്കര പാലുണ്ട റബര്‍ എസ്റ്റേറ്റില്‍ കുടില്‍കെട്ടിയ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്ത ഇവരെ മഞ്ചേരി സബ്ജയിലില്‍ അടച്ചു. കോഴിക്കോട് ജില്ലയില്‍ അഞ്ച് കേന്ദ്രത്തില്‍ കുടില്‍കെട്ടി ഭൂരഹിതര്‍ സമരം ആരംഭിച്ചു. പേരാമ്പ്രയിലെ മുതുകാട,് കുന്നുമ്മലിലെ മരുതോങ്കര വില്യംപാറ, നാദാപുരത്ത് വാളംതോട്, തിരുവമ്പാടിയിലെ കോടഞ്ചേരി നെല്ലിപ്പൊയില്‍, ബേപ്പൂര്‍ അരക്കിണര്‍ മണ്ണടത്ത് എന്നിവിടങ്ങളിലാണ് ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. വയനാട്ടില്‍ അഞ്ച് കേന്ദ്രത്തിലായി 208 കുടിലുകള്‍ ഉയര്‍ന്നു. ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവയ്ക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ അരപ്പറ്റ, തൊവരിമല, പെരുങ്കോട എസ്റ്റേറ്റുകളിലും ഹാരിസണ്‍ കമ്പനി ഭൂമിയിലും പൊര്‍ളോം റവന്യൂഭൂമിയിലുമാണ് കുടിലുകള്‍കെട്ടി അവകാശം സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 14 കേന്ദ്രത്തില്‍ ഭൂമികൈയേറി. 12 കേന്ദ്രത്തില്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചപ്പോള്‍ പയ്യന്നൂര്‍ കോറോത്ത് തണ്ണീര്‍ത്തട സംരക്ഷണവും പിണറായി വേങ്ങാട് കറപ്പത്തോട്ട സംരക്ഷണവുമാണ് ഭൂസംരക്ഷണ സമിതി ഏറ്റെടുത്തത്. കാസര്‍കോട് ജില്ലയിലെ നാല് കേന്ദ്രത്തില്‍ തൊണ്ണൂറോളം ഏക്കര്‍ മിച്ചഭൂമിയില്‍ 35 ഭൂരഹിത കുടുംബം കുടില്‍കെട്ടി സമരം തുടങ്ങി. തരിമ്പ മിച്ചഭൂമി, പനത്തടി ഏരിയയിലെ കോട്ടപ്പാറ, വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍, ചീമേനി കിഴക്കേകര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച സമരം തുടങ്ങിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും

തിരു: ഭൂസംരക്ഷണ സമരം അതിശക്തമായി തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ എംഎല്‍എയും കണ്‍വീനര്‍ എ വിജയരാഘവനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമിതി ഉന്നയിച്ച ചില കാര്യങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം നടത്തുക, ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് നല്‍കുമെന്നത് കുറഞ്ഞത് പത്ത് സെന്റായി ഉയര്‍ത്തുക, ഭൂപരിധി നിയമം ലംഘിച്ച് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി തിരികെ പിടിക്കുക, നെല്‍വയല്‍-തണ്ണീര്‍ത്തടം സംരക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായും റവന്യൂമന്ത്രിയുമായും വീണ്ടും ചര്‍ച്ചചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

ആറന്മുളയില്‍ നെല്‍വയല്‍ നികത്തി വിമാനത്താവളം അനുവദിക്കില്ല. മിച്ചഭൂമി കൈയേറിയും കൃഷിഭൂമി നികത്തിയും വിമാനത്താവളം പണിയല്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കാമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ മൂന്ന് സെന്റ സ്ഥലം പര്യാപ്തമല്ല. ഇത് കുറഞ്ഞത് പത്ത് സെന്റ് ആയി വര്‍ധിപ്പിക്കണം. ഉള്‍പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ നല്‍കണം.മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചില പ്രശ്നങ്ങളില്‍ ധാരണയായിട്ടുണ്ട്. കൈവശഭൂമിക്ക് പട്ടയം നല്‍കുക, ഭൂമി സംബന്ധമായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുക, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയവും കൈവശാവകാശ രേഖയും നല്‍കുക എന്നിവയിലാണ് അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചത്. റവന്യൂമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. സമിതി നേതാക്കളായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, ബി രാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

deshabhimani 120113

No comments:

Post a Comment