Saturday, January 12, 2013
ഐതിഹാസികം ആവേശഭരിതം
തിരു/നെടുമങ്ങാട്/കിളിമാനൂര്‍: ഭൂമിക്കായ് മണ്ണിന്റെ മക്കള്‍ ആരംഭിച്ച ഐതിഹാസിക കുടില്‍കെട്ടി പോരാട്ടത്തിന്റെ ആദ്യദിനം ആവേശഭരിതം. പത്തുദിവസം നീണ്ട ആദ്യഘട്ട സമരത്തിനുശേഷം ഭൂസംരക്ഷണസമിതി ആരംഭിച്ച രണ്ടാംഘട്ട സമരത്തില്‍ ജില്ലയില്‍ മൂന്നുകേന്ദ്രങ്ങളില്‍ ഭൂരഹിതര്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. ആനാട് പഞ്ചായത്തിലെ കല്ലിയോട് മിച്ചഭൂമിയില്‍ പത്തും വെമ്പായം പഞ്ചായത്തിലെ പോതുപാറയില്‍ 17ഉം മടവൂര്‍ പഞ്ചായത്തിലെ തുമ്പോട്ട് 12ഉും കുടുംബം വെള്ളിയാഴ്ച കുടില്‍കെട്ടി. ചെങ്കൊടിയേന്തി ആവേശത്തിരതല്ലുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി കല്ലിയോട് പത്ത് ഏക്കറിലെ മിച്ചഭൂമിയിലേക്ക് നെയ്യാറ്റിന്‍കര ഏരിയയിലെ ഭൂരഹിതരാണ് ആദ്യദിനം പ്രവേശിച്ചത്. നെയ്യാറ്റിന്‍കര കൊട്ടറത്തല പുത്തന്‍വീട്ടില്‍ ഉണ്ണി ആശാരിയും കുടുംബവുമാണ് ആദ്യം ഭൂമിയില്‍ പ്രവേശിച്ചത്. വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്ന ഉണ്ണി ആശാരിയുടെ നിര്‍ധന കുടുംബം ആശയോടും ആവേശത്തോടെയുമാണ് സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാര്‍ സമരം ഉദ്ഘാടനംചെയ്തു. തുമ്പോട് മിച്ചഭൂമിയില്‍ ഭൂരഹിതരായ വര്‍ക്കല മണമ്പൂര്‍ മുട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ രാജു-ബേബി ദമ്പതികളുടെ കുടിലിന്റെ കാല്‍നാട്ട് സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കുടിലില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും കടകംപള്ളി പങ്കെടുത്തു. കെ ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ വര്‍ക്കല ഏരിയയില്‍നിന്നുള്ള ഭൂരഹിതരായിരുന്നു ആദ്യദിനത്തിലെ സമരത്തിനെത്തിയത്. ഭൂരഹിതര്‍ നിര്‍മിച്ച കുടിലുകള്‍ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിക്കാന്‍ നൂറുകണക്കിനുപേരാണ് തുമ്പോട് 3.9 ഏക്കര്‍ മിച്ചഭൂമിയില്‍ എത്തിച്ചേര്‍ന്നത്. പോതുപാറയിലെ 72 ഏക്കര്‍ മിച്ചഭൂമിയിലെ സമരം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു. കഴക്കൂട്ടം ഏരിയയില്‍നിന്നുള്ള ഭൂരഹിതരാണ് ഇവിടെ ആദ്യദിനം കുടില്‍കെട്ടിയത്.
പോതുപാറയില്‍ മണ്ണിന്റെ മക്കള്‍ കുടില്‍കെട്ടി
തിരു: ജീവിതംപോലെതന്നെ മുഷിഞ്ഞ പ്ലാസ്റ്റിക് കൂടുകളും കൈയിലേന്തിയാണ് അവര്‍ എത്തിയത്. അതില്‍ തുണിയും മറ്റ് അത്യാവശ്യസാധനങ്ങളുമായിരുന്നു. മഞ്ഞപ്പാറ ജങ്ഷനില്‍നിന്ന് തുടങ്ങുന്ന ചെമ്മണ്‍പാതയിലൂടെ സമരഭൂമിയിലേക്ക് നടന്നുനീങ്ങുമ്പോള്‍ അവരുടെ കൈയില്‍ രക്തപതാകകള്‍ പാറിപ്പറന്നു. മണ്ണിന്റെ മക്കളുടെ ദാഹത്തെ തടുക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നു പ്രഖ്യാപിച്ച് സമരസമിതി കണ്‍വീനര്‍ എ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു ആദ്യ കുടില്‍ ഉയര്‍ന്നത്. തുടര്‍ന്ന് 17 കുടിലുകൂടി പോതുപാറയിലെ മിച്ചഭൂമിയില്‍ ഒന്നിനുപുറകെ ഒന്നായി ഉയര്‍ന്നു. കുടില്‍കെട്ടി അവകാശംസ്ഥാപിച്ച 17 ഭൂരഹിത കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി നൂറുകണക്കിനു സമരവളന്റിയര്‍മാരും സമരഭൂമിയിലേക്ക് ഒഴുകിയെത്തി. പിടിച്ചെടുത്ത സമരഭൂമിയിലെമ്പാടും ചെങ്കൊടികളും ഉയര്‍ത്തി.
ഭൂസംരക്ഷണസമരത്തിന്റെ രണ്ടാംഘട്ടമായ കുടില്‍കെട്ടി അവകാശംസ്ഥാപിക്കല്‍ സമരത്തിന്റെ ആദ്യദിനമായിരുന്ന വെള്ളിയാഴ്ച കഴക്കൂട്ടം ഏരിയയില്‍നിന്നുള്ള 17 കുടുംബങ്ങളാണ് കുടില്‍കെട്ടി താമസമാക്കിയത്. കെഎസ്കെടിയു കഴക്കൂട്ടം ഏരിയ സെക്രട്ടറി തുണ്ടത്തില്‍ ശശിയുടെ നേതൃത്വത്തിലായിരുന്നു ഭൂരഹിതര്‍ 72 ഏക്കര്‍വരുന്ന മിച്ചഭൂമിയില്‍ പ്രവേശിച്ചത്. ഭൂസംരക്ഷണസമിതി ഭാരവാഹികളായ ആനാവൂര്‍ നാഗപ്പനും കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയും ജെ അരുന്ധതിയും അടക്കമുള്ള നേതാക്കള്‍ കുടില്‍കെട്ടല്‍സമരത്തിന് എല്ലാസഹായവുമായി സമരഭൂമിയില്‍ സജീവമായി. ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടിയവരെ അറസ്റ്റ് ചെയ്യാന്‍ വൈകിട്ടോടെ പൊലീസ് എത്തിയെങ്കിലും സമരശക്തിക്കുമുന്നില്‍ പിന്‍വാങ്ങേണ്ടിവന്നു. തേക്കട ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരഭൂമിയിലെത്തിയ നൂറുകണക്കിനു പേര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കിയത്. ശനിയാഴ്ച പേരൂര്‍ക്കട ഏരിയയില്‍നിന്നുള്ള പത്തു കുടുംബങ്ങള്‍കൂടി പോതുപാറയില്‍ കുടില്‍കെട്ടി താമസിക്കാനെത്തും.
കൊട്ടാരംവക മിച്ചഭൂമിക്കായി ആര്‍എസ്എസിന്റെ കുഴലൂത്ത്; സംഘര്‍ഷം
മാന്നാര്‍: കുരട്ടിശ്ശേരി കോയിക്കല്‍ കൊട്ടാരംവക പുറമ്പോക്കുഭൂമിയിലെ സമരത്തിനെതിരെ ആര്‍എസ്എസ് നേതൃത്വത്തില്‍ ഹിന്ദു വര്‍ഗീയവാദികള്‍ രംഗത്ത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണെന്ന ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ച് കൊട്ടാരംവക ഭൂമിയില്‍ ഇക്കൂട്ടര്‍ സംഘടിതമായി പ്രവേശിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇവര്‍ക്ക് ഒത്താശ ചെയ്ത സമരക്കാരെ വടംകെട്ടി നേരിടാനുള്ള പൊലീസ് ശ്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.
ചെങ്ങന്നൂര്‍ ആര്‍ഡിഒ, കുരട്ടിശേരി വില്ലേജ് ഓഫീസര്‍ കോയിക്കല്‍വക ഭൂമി പുറമ്പോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാന്നാര്‍ ബിഎസ്എന്‍എല്‍ ഓഫീസ് ഈ വസ്തുവിലെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുറമ്പോക്കുഭൂമിയല്ലെന്ന് കള്ളപ്രചാരണം നടത്തി ഹിന്ദു വര്‍ഗീയവാദികള്‍ മാന്നാറില്‍ പ്രകടനം നടത്തിയിരുന്നു. ഇത്രയുംനാളും കാവുംകുളവും കൊട്ടാരവും സംരക്ഷിക്കാത്ത വിശ്വാസികള്‍ എവിടെയായിരുന്നുവെന്ന് സമരക്കാര്‍ ചോദിക്കുന്നു. കള്ളപ്രചാരണം നടത്തി അന്തിയുറങ്ങാന്‍ ഒരുതുണ്ടുഭൂമി ഇല്ലാത്ത ഞങ്ങളെ ഈ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഭൂരഹിതരായ സമരവളണ്ടിയര്‍മാര്‍ പറഞ്ഞു.
ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ വാക്കുകേട്ട് സമരവളണ്ടിയര്‍മാരെ പൊലീസ് ബലംപ്രയോഗിച്ച് തള്ളിമാറ്റാന്‍ ശ്രമിച്ചതില്‍ സിപിഐ എം മാന്നാര്‍ ഏരിയകമ്മിറ്റി പ്രതിഷേധിച്ചു. ഉന്തിലും തള്ളിലും പലര്‍ക്കും പരിക്കേറ്റു. സമാധാനപരമായ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത് ഹീനമായ നടപടിയാണെന്ന് ഏരിയകമ്മിറ്റി കുറ്റപ്പെടുത്തി. വനിതാ അംഗങ്ങളെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ തള്ളിമാറ്റിയ നടപടിയില്‍ മഹിളാ അസോസിയേഷന്‍ പ്രതിഷേധിച്ചു. സമരം ചെയ്യുന്നവരെ നേരിടാന്‍ ബിജെപി യുവമോര്‍ച്ചക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ഡിവൈഎഫ്ഐ മാന്നാര്‍ ഏരിയകമ്മിറ്റി കുറ്റപ്പെടുത്തി.
മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം: വി എസ്
ആലപ്പുഴ: രണ്ടാംഭൂസമരത്തിന്റെ ഒന്നാംഘട്ടത്തില്‍ ചൂണ്ടിക്കാണിച്ച മിച്ചഭൂമി ഭൂരഹിതര്‍ക്കും ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കും പതിച്ച് നല്‍കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൈനകരിയിലെ പൂപ്പള്ളി കുടുംബവക മിച്ചഭൂമിയില്‍ നടന്ന ഭൂസമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വിഎസ്.
1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണനിയമം നടപ്പാക്കേണ്ടിവരുമെന്ന ഘട്ടത്തിലാണ് ജവഹര്‍ലാല്‍ നെഹ്റു ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിട്ടത്. പിന്നീടുവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂപരിഷ്കരണനിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കാന്‍ ശ്രമം ആരംഭിച്ചു. രണ്ടുവര്‍ഷം നടത്തിയ ഐതിഹാസിക പോരാട്ടത്തിലൂടെയാണ് അഞ്ചുലക്ഷത്തോളം കുടികിടപ്പ്-ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് അഞ്ചും പത്തും സെന്റ് ഭൂമി നേടിക്കൊടുക്കാനായത്. 1967ല്‍ ഇഎംഎസ് മന്ത്രിസഭ അധികാരത്തില്‍വന്നപ്പോള്‍ 15 ഏക്കറില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാരിനെ ഏല്‍പിക്കാന്‍ നിയമംകൊണ്ടുവന്നു. ആ നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയാണ് പൂപ്പള്ളിക്കാരുടെ "സോമാതുരം" ഭൂമിയും. ഇത് മിച്ചഭൂമിതന്നെയാണ്. മിച്ചഭൂമി ഒന്നും രണ്ടും ഏക്കര്‍വീതം ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഉടമകള്‍. മിച്ചഭൂമിയില്ലാതാക്കാനുള്ള നിയമഭേദഗതികളും കൊണ്ടുവരുകയാണ്. എറണാകുളത്ത് പൊക്കാളികൃഷി ചെയ്യുന്ന 50-59 ഏക്കര്‍ സ്ഥലം ഇപ്പോള്‍ ഒരുകേന്ദ്രമന്ത്രി വാങ്ങിയിരിക്കുകയാണ്. മെഡിക്കല്‍ സെന്ററും ഹോട്ടലും നടത്താനാണത്രെ താന്‍ ഇത് പലരില്‍നിന്നും ഒന്നുംരണ്ടും ഏക്കര്‍വീതം വാങ്ങിയതെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. വേണ്ടത് കിട്ടിയാല്‍ എന്തിനും കൂട്ടുനില്‍ക്കുന്നയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകഴിഞ്ഞും ഇത് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് വിഎസ് പറഞ്ഞു.
സി അച്യുതമേനോനെ താന്‍ വിമര്‍ശിച്ചതിനെതിരെ ചില സിപിഐ നേതാക്കള്‍ പ്രസംഗിച്ചുനടക്കുകയാണ്. സി അച്യുതമേനോനെന്ന നല്ല മനുഷ്യന്‍ മുഖ്യമന്ത്രിയും കെ കരുണാകരനെന്ന ചീത്തമനുഷ്യന്‍ ആഭ്യന്തരമന്ത്രിയുമായി ഭരിക്കുമ്പോഴാണ് മിച്ചഭൂമിസമരത്തെ തോക്കും ലാത്തിയുംകൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. അന്നത്തെ വെടിവയ്പില്‍ കള്ളിക്കാട് നീലകണ്ഠനും ഭാര്‍ഗവിയും വെടിയേറ്റുമരിച്ചു. മിച്ചഭൂമിസമരത്തിന്റെ നേതാക്കളായിരുന്ന താനടക്കമുള്ളവരെ അച്യുതമേനോന്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചൂണ്ടിക്കാണിച്ച മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയും ചെയ്തു. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബോര്‍ഡ് രൂപീകരിക്കാന്‍ അച്യുതമേനോന്‍ തയ്യാറായെന്നും വിഎസ് പറഞ്ഞു. ജി വേണുഗോപാല്‍ അധ്യക്ഷനായി. ഡി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. പി കെ ചന്ദ്രാനന്ദന്‍, സി ബി ചന്ദ്രബാബു, സി കെ സദാശിവന്‍ എംഎല്‍എ, ആര്‍ നാസര്‍, കെ കെ അശോകന്‍, ശ്രീകുമാരന്‍തമ്പി, അഡ്വ. പ്രതിഭാഹരി, പ്രകാശന്‍, ജലജാചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി.
കപട സന്യാസി കൈയടക്കിയ നിലങ്ങളില്‍ സമര വേലിയേറ്റം
തലയോലപ്പറമ്പ്: ഭൂസമരത്തിന്റെ രണ്ടാംഘട്ടമായി സമരഭടന്മാര്‍ അവകാശം സ്ഥാപിച്ച വൈക്കം താലൂക്കിലെ നിലങ്ങള്‍ കപടസന്ന്യാസി സന്തോഷ് മാധവന്‍ അനധികൃതമായി വാങ്ങിക്കൂട്ടിയത്. വൈക്കം താലൂക്കിലെ വടയാര്‍ വില്ലേജില്‍ വിവിധ ബ്ലോക്കുകളിലായി കിടക്കുന്ന ആയിരത്തിലധികം ഏക്കര്‍ നെല്‍വയലുകളില്‍ ഏറിയ പങ്കും സന്തോഷ് മാധവന്റെ അധീനതയിലാണ്. ഇയാള്‍ അകത്തായതോടെ അനാഥമായ വയലുകളില്‍ ഭൂരിഭാഗവും നാട്ടുകാര്‍ കൃഷിചെയ്യുന്നുണ്ട്. എന്നാല്‍ പലഭാഗങ്ങളിലായി നൂറിലധികം ഏക്കര്‍ തരിശ് കിടക്കുന്നു. നാട്ടുകാരുടെ ഉത്സാഹത്താലാണ് ഇപ്പോള്‍ കൃഷിയിടങ്ങള്‍ തരിശിടാതെ കിടക്കുന്നത്. ഇതിനൊന്നും നിയമത്തിന്റെ പിന്‍ബലമില്ല. പൊന്നുവിളയുന്ന കരിനിലങ്ങളാണ് ഭൂമാഫിയയുടെ കൈകളിലെത്തിച്ച് കൊടുത്തിരിക്കുന്നത്.
ജ്വലിക്കും രണസ്മരണയുമായി 75ലും ഗോപാലന്‍
കോട്ടയം: മനസ്സിലിരമ്പും സമരക്കടലുമായി നാട്ടകത്തെ ടി എസ് ഗോപാലനും മെത്രാന്‍കായലില്‍ കുടില്‍ കെട്ടാനെത്തി. പാമ്പാടി വെള്ളൂരിലെ കന്നുകുഴിയച്ചന്റെ ഭൂമിയില്‍ അവകാശം സ്ഥാപിച്ചതിന് പൊന്‍കുന്നം ജയിലില്‍ ജയില്‍വാസമനുഭവിച്ച ഓര്‍മകളും മറ്റും നല്‍കിയ സമരവീര്യവുമായാണ് 75 കാരനായ മറിയപ്പള്ളി തട്ടാംപറമ്പില്‍ ടി എസ് ഗോപാലന്‍ ഭൂസമരത്തില്‍ കണ്ണിയായത്. 1969 ഡിസംബര്‍ 13, 14 തീയതികളില്‍ ആലപ്പുഴ അറവുകാട് ക്ഷേത്ര മൈതാനിയില്‍ ചേര്‍ന്ന കര്‍ഷക-കര്‍ഷകത്തൊഴിലാളി സംസ്ഥാന സമ്മേളനത്തില്‍ വലിയ കെട്ടുവള്ളത്തില്‍പ്പോയതും നിരവധി സമരങ്ങളില്‍ പങ്കെടുത്തതും ഇന്നും ഭൂരഹിതനായി കഴിയുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ജ്വലിക്കുന്ന ഓര്‍മ. കെഎസ്കെടിയു പഞ്ചായത്ത് സെക്രട്ടറി, കോട്ടയം ഏരിയ കമ്മിറ്റിയംഗം, സിപിഐ എം നാട്ടകം ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമരഭൂമിയില്‍ തൊണ്ണൂറ്റഞ്ചുകാരന്‍
മുണ്ടൂര്‍: തോളൂരിലെ മേഞ്ചിറ മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമരത്തില്‍ മുന്‍ മിച്ചഭൂമിസമരത്തിന്റെ ആവേശവുമായി തൊണ്ണൂറ്റഞ്ചുകാരന്‍. എടക്കളത്തൂര്‍ കിഴക്കുമുറി വീട്ടില്‍ അടിമ തോളൂരിലെ മേഞ്ചിറ പാടത്ത് നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുക്കുന്നത് വളണ്ടിയര്‍മാര്‍ക്ക് ആവേശമായി. 95-ാം വയസ്സിലും ചുറുചുറുക്കോടെ പണിക്കു പോകുന്ന കര്‍ഷകത്തൊഴിലാളിയാണ് അടിമ. 1970ല്‍ തോളൂര്‍ പഞ്ചായത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ അടിമ പങ്കെടുത്തിട്ടുണ്ട്.
ആദ്യ ദിനം ഉയര്‍ന്നത് 208 കുടിലുകള്‍
കല്‍പ്പറ്റ: മണ്ണും വിണ്ണും സംരക്ഷിക്കാനുള്ള ഐതിഹാസിക പോരാട്ടം ഉജ്വലമായ രണ്ടാംഘട്ടത്തിലേക്ക് കടന്നു.സംഘശക്തിയുടെ ഒഴുക്കില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആദ്യ ദിനം ഉയര്‍ന്നത് 208 കുടിലുകള്‍. കര്‍ഷകതൊഴിലാളികളും ആദിവാസികളും,തോട്ടം തൊഴിലാളികളും, ദളിതരും ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് ഏരിയ കേന്ദ്രങ്ങളിലായാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്. കാട്വെട്ടിതെളിച്ചും കാട്ട്കൊമ്പുകളും മുളയും കൊണ്ട് സമരഭൂമികളില്‍ കുടിലുകള്‍ തീര്‍ത്തും മണ്ണിന് വേണ്ടിയുള്ള ബഹുജനപോരാട്ടം കരുത്താര്‍ജിക്കുകയാണ്. പാട്ടകാലാവധി കഴിഞ്ഞും വന്‍കിട കമ്പനികള്‍ കൈവശം വെച്ച് അനുഭവിച്ച് വരുന്നതും മിച്ചഭൂമിയിലും തരിശ് ഭൂമിയിലുമാണ് ഭൂമരത്തിന്റെ രണ്ടാംഘട്ട പോരാട്ടം തുടങ്ങിയത്.വരും നാളുകളില്‍ ഭൂരഹിതരായ നൂറ്കണക്കിനാളുകള്‍ കൂടി അവകാശസമരത്തില്‍ പങ്കാളികളാകും. ഇതോടെ കേരളത്തിലാകമാനം പടരുന്ന ഭൂസമരം ജില്ലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.
തൊണ്ടര്‍നാട് വില്ലേജിലെ പൊര്‍ളോം ,ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെക്കുന്ന പെരുങ്കോട, താഴെ അരപ്പറ്റ,തൊവരിമല, മാനന്തവാടി പാരിസണ്‍ കമ്പനി ഭൂമി എന്നിവിടങ്ങളിലാണ് മണ്ണിന്വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കുടില്‍ കെട്ടിസമരം നടത്തുന്നത്. ഭൂപരിഷ്കരണനിയമം അട്ടിമറിച്ചും തണ്ണീര്‍തടങ്ങളും വയലുകളും നികത്തി വന്‍കിട റിയല്‍എസ്റ്റേറ്റ് മാഫിയക്ക് വിട്ട്കൊടുത്തും ഭൂമിയില്ലാത്തവരെ തെരുവിലേക്ക് തള്ളിവിടാനുള്ള യുഡിഎഫ് സര്‍കാര്‍ നീക്കത്തിനെതിരെ ഉയരുന്ന ജനവികാരമാണ് ഭൂസമരകേന്ദ്രങ്ങളില്‍ ഉയരുന്നത്്. ഹാരിസന്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെക്കുന്ന ചുണ്ടേല്‍ എസ്റ്റേറ്റില്‍ ജനുവരി ഒന്നിന് തുടങ്ങിയ ഭൂസമരത്തില്‍ ആയിരത്തിലധികം വാളണ്ടിയര്‍മാരാണ് പങ്കെടുത്തത്. മുപ്പൈനാട് ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെക്കുന്ന മുപ്പൈനാട് പഞ്ചായത്തിലെ താഴെ അരപ്പറ്റ എസ്റ്റേറ്റില്‍ 75 കുടുംബങ്ങളാണ് കുടില്‍കെട്ടിയത്.സമരം സിപിഐം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെ എം ഐസക് അധ്യക്ഷനായി.എം വേലായുധന്‍,വി പി ശങ്കരന്‍ നമ്പ്യാര്‍,ടി സുരേഷ്ചന്ദ്രന്‍,കെ സുഗതന്‍, കെ വിശാലാക്ഷി,കെ സെയ്തലവി, കെ പി ശ്രീധരന്‍,വി കേശവന്‍,യു കരുണന്‍,പി എം നാസര്‍, എന്നിവര്‍ സംസാരിച്ചു.
നെന്മേനി പഞ്ചായത്തിലെ തൊവരിമലയില്‍ ഹാരിസണ്‍മലയാളം കമ്പനി കൈവശം വെക്കുന്ന എസ്റ്റേറ്റ് ഭൂമിയില്‍ 46 കുടുംബങ്ങളാണ് കുടില്‍ കെട്ടിയത്.ചുള്ളിയോട് ടൗണില്‍ നിന്ന് പ്രകടനമായാണ് സമരകേന്ദ്രത്തിലത്തിയത്.എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ സമരക്കാര്‍ക്ക് സ്വീകരണം നല്‍കി. ഭൂസമരസമിതി ജില്ല കണ്‍വീനര്‍ സുരേഷ് താളൂര്‍ സമരം ഉദ്ഘാടനം ചെയ്തു.കെ കെ പൗലോസ് അധ്യക്ഷനായി.പി കൃഷ്ണപ്രസാദ്, പി ആര്‍ സിന്ധു,കെ ശശാങ്കന്‍,എം എന്‍ ജോര്‍ജ്, പി വാസുദേവന്‍, പി കെ രാമചന്ദ്രന്‍,കോടതി അബ്ദുറഹ്മാന്‍, എം എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.ചുള്ളിയോട് ടൗണില്‍ നിന്നും നൂറ്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് സമരഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത് അവകാശം സ്ഥാപിച്ചത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പെര്‍ലോത്ത് 42/1എഫ് സര്‍വേ നമ്പറില്‍പെട്ട ഒരേക്കര്‍ റവന്യു ഭൂമിയിലാണ് അവകാശം സ്ഥാപിച്ച് കുടില്‍ കെട്ടിയത്.പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ പെടുന്ന 27 കുടുംബങ്ങളാണ് ഭൂമിയില്‍ കാട്വെട്ടിതെളിച്ച് അവകാശം സ്ഥാപിച്ചത്.രാവിലെ തന്നെ കോറോം ടൗണില്‍ കര്‍ഷകരും കര്‍ഷകതൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെയുള്ള നൂറിലധികം പേര്‍ പ്രകടനം നടത്തി.തുടര്‍ന്നാണ് പൊര്‍ലോത്തേക്ക് മാര്‍ച്ച് നടത്തിയത്. 1990ല്‍ 110 സര്‍വേ നമ്പറില്‍പെടുന്ന റവന്യുഭൂമിയില്‍ 12 കുടുംബങ്ങള്‍ അരിപ്പഞ്ചിറ എന്ന സ്ഥലത്ത് അവകാശം സ്ഥാപിച്ചിട്ടുണ്ട്. ആദിവാസിക്ഷേമസമിതി സംസ്ഥാന പ്രസിഡണ്ട് കെ സി കുഞ്ഞിരാമന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ ആര്‍ ജയപ്രകാശ് അധ്യക്ഷനായി.സിപിഐഎം ഏരിയ സെക്രട്ടരി പി കെ സുരേഷ്,സി യു ഏലമ്മ,എം എ ചാക്കോ,കെ ബാലകൃഷ്ണന്‍,മത്തായി ഐസക്,പി എ ബാബു,കെ കെ കമലാക്ഷി,കെ രാമചന്ദ്രന്‍,എ ജോണി, പി സി ജോസ്,എന്നിവര്‍ സംസാരിച്ചു.
മാനന്തവാടിയില്‍ പാരിസണ്‍ കമ്പനിയുടെ ചിറക്കര ഡിവിഷനില്‍പ്പെട്ട മാനന്തവാടി വില്ലേജിലെ ഭൂമിയിലാണ് വെള്ളിയാഴ്ച സമരം തുടങ്ങിയത്. 35കുടിലുകളാണ് ഈ സമരകേന്ദ്രത്തില്‍ കെട്ടിയത്.സമരം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണ സമിതിചെയര്‍മാന്‍ കെ എം വര്‍ക്കി അധ്യക്ഷനായി. പി വി സഹദേവന്‍, പി വി ബാലകൃഷ്ണന്‍, എം സി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തലപ്പുഴയില്‍ നിന്നും പ്രകടനമായി എത്തിയശേഷമാണ് സമരം ആരംഭിച്ചത്. പാരിസണ്‍ കമ്പനി അറുന്നൂറിലേറെ ഏക്കര്‍ മിച്ചഭൂമിയാണ് കൈവശം വെച്ചിരിക്കുന്നത്. മിച്ചഭൂമിയില്‍ താമസിക്കുന്നവരെ ഒഴിവാക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിവരികയാണ്.
കൈക്കുഞ്ഞുമായി സമര ഭൂമിയില്‍
പൊഴുതന: ""ഇത് ഞങ്ങളുടെ ഭൂമി"" ജയിലില്‍ പോവേണ്ടി വന്നാലും ഇവിടെ നിന്ന് ഇറങ്ങില്ല"". ഇടിയംവയല്‍ സ്വദേശിനി റീത്തയുടെ വാക്കുകളില്‍ പോരാട്ട വീര്യം. സ്വന്തമായി കിടപ്പാടമെന്ന സ്വപ്നമാണ് റീത്തയെ കൈകുഞ്ഞുങ്ങളുമായി സമരഭൂമിയിലെത്തിച്ചത്. ഒമ്പത്മാസം പ്രായമായ കൈകുഞ്ഞുമായിട്ടാണ് പൊഴുതനയിലെ പെരിങ്കോട സമര ഭൂമിയില്‍ കുടില്‍ക്കെട്ടാന്‍ എത്തിയത്. പണിയ വിഭാഗത്തില്‍പ്പെട്ട റീത ഭര്‍ത്താവിന്റെ അച്ഛന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാര്‍ പതിച്ച് നല്‍കിയ ഇടിയന്‍വയലിലെ ഭൂമിയിലാണ് താമസിക്കുന്നത്. രണ്ടാം ഘട്ട ഭൂസമരത്തിലും പഴയ ആവേശത്തോടുകൂടിയാണ് സുനിതയും രണ്ട് മക്കള്‍ക്കൊപ്പം എത്തിയത്.മണ്ണിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്നും റീത പറയുന്നു. ജയിലില്‍ പോകേണ്ടി വന്നാലും ഈ മണ്ണില്‍ നിന്ന് ഇറങ്ങില്ല. എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും തല ചായ്ക്കാനുള്ള മണ്ണ് ലഭിച്ചാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ ഭൂ രഹിതരായവര്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പൊതുസ്വീകാര്യത വര്‍ദ്ധിക്കുകയാണ്.
അവുങ്ങുംപൊയിലില്‍ 5 കുടുംബങ്ങള്‍ക്ക് കൂരയായി
പരിയാരം: അവകാശ പോരാട്ടത്തിന്റെ കാഹളം മുഴങ്ങിയ അവുങ്ങുംപൊയില്‍ മിച്ചഭൂമിയില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് കൂരയായി. ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാതെ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന അഞ്ച് നിര്‍ധന കുടംബങ്ങളാണ് വെള്ളിയാഴ്ച മുതല്‍ അവുങ്ങുംപൊയിലിനെ ജീവിത കേന്ദ്രമാക്കിയത്. കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസിക്ഷേമ സമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയ ഭൂസംരക്ഷണസമിതിയുടെ രണ്ടാംഘട്ടപ്രവര്‍ത്തനമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
പി വി ചാത്തുക്കുട്ടിയുടെ നേതൃത്വത്തില്‍ ജോസ്- ദാമോദരന്‍ രക്തസാക്ഷിസ്മാരക സ്തൂപത്തിനടുത്തുനിന്ന് പ്രകടനമായാണ് വളണ്ടിയര്‍മാര്‍ അവുങ്ങുംപൊയില്‍ ഭൂസമര കേന്ദ്രത്തിലെത്തിയത്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ കുഞ്ഞപ്പ ഉദ്ഘാടനം ചെയ്തു. പുല്ലായിക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കെ ദാമോദരന്‍, പി മുകുന്ദന്‍, കെ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി. അവുങ്ങുംപൊയില്‍ മിച്ചഭൂമിയില്‍ 1991-92 കാലത്ത് രാജീവ് ദശലക്ഷം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ച് വീടുകളുണ്ട്്. വളണ്ടിയര്‍മാരും പ്രവര്‍ത്തകരും വീട് പിടിച്ചെടുത്ത് കാട് വെട്ടി വൃത്തിയാക്കി ഭൂമിയില്ലാത്ത അഞ്ച് കുടംബങ്ങള്‍ക്ക് നല്‍കി. കോള്‍മൊട്ടയിലെ കെ വി പ്രസന്നയും ഭര്‍ത്താവ് ശിവന്‍കുട്ടിയും മക്കളായ ഷഖില്‍, ശിഖ, നണിച്ചേരിയിലെ കെ രമേശനും ഭാര്യ സുശീലയും മക്കളായ സച്ചിന്‍, രജിന, കോള്‍മൊട്ടയിലെ ഇ പവിത്രനും ഭാര്യ സുശീലയും മക്കളായ സനീഷ്, സജീഷ്, പാച്ചേനിയിലെ ഒ പി കുഞ്ഞിക്കണ്ണന്‍, കുറ്റിക്കോലിലെ സി മുസ്തഫ എന്നിവര്‍ക്കാണ് വീട് ലഭിച്ചത്. വൈകിട്ടോടെ താമസം ആരംഭിച്ചു. ശനിയാഴ്ച ഈ വീടുകള്‍ക്ക് സമീപം കൂടുതല്‍പേര്‍ കുടില്‍കെട്ടി താമസം തുടങ്ങും.
ഈ പോരാട്ടം ജീവിക്കാന്‍
കാസര്‍കോട്: ആയിരക്കണക്കിന് ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിന്റെ കൈയിലിരിക്കുമ്പോഴും വീടുവെക്കാന്‍പോലും തുണ്ടുഭൂമിയില്ലാതെ പാവങ്ങള്‍ നരകജീവിതം നയിക്കുന്നതിനെതിരെ തുടങ്ങിയ സമരം കൂടുതല്‍ ശക്തമായി. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ഭൂമിയൊക്കെ മാഫിയകളുടെ കൈയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെ ചെറുത്ത് തോല്‍പിച്ച് മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനാണ് സംസ്ഥാനത്താകെ ഭൂസമരം നടക്കുന്നത്. ജനുവരി ഒന്നിന് ആരംഭിച്ച സമരം പത്തുദിവസം കഴിഞ്ഞപ്പോഴാണ് കുടില്‍ കെട്ടി സമരം തുടങ്ങുന്നത്. ഭൂമിക്ക് അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തി അവരെ മാത്രമാണ് കുടില്‍ കെട്ടല്‍ സമരത്തില്‍ അണിനിരത്തുന്നത്. ഇവരെ സഹായിക്കാന്‍ കര്‍ഷകസംഘത്തിന്റെയും കെഎസ്കെടിയുവിന്റെയും ആദിവാസി ക്ഷേമസമിതിയുടെയും പട്ടികജാതി ക്ഷേമസമിതിയുടെയും വളണ്ടിയര്‍മാരുണ്ട്.
സര്‍ക്കാര്‍ ഭൂമി തന്നില്ലെങ്കില്‍ ഒരിക്കലും സ്വന്തമായി കൊച്ചു കൂരപോലും ഉണ്ടാക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് വെള്ളിയാഴ്ച നാലു കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി സമരത്തിന് വന്ന കുടുംബങ്ങള്‍ പറഞ്ഞു. എന്തുംസഹിക്കാന്‍ തയ്യാറായാണ് വന്നിട്ടുള്ളത്. പൊലീസ് അറസ്റ്റ് ചെയ്താല്‍ നേരെ ഭാര്യയെയും മക്കളെയും കൂട്ടി ജയിലിലേക്ക് പോകും. മറ്റു മാര്‍ഗമൊന്നും തങ്ങളുടെ മുന്നിലില്ല. തീരുമാനിച്ചുറപ്പിച്ചതുപോലെ കുടുംബങ്ങള്‍ പറഞ്ഞു. കുടില്‍ കെട്ടിയ സ്ഥലത്ത് പലരും വെള്ളിയാഴ്ചതന്നെ കൃഷിയും തുടങ്ങി. പച്ചക്കറികളും തെങ്ങും നട്ടാണ് സമരം. ആദ്യ ദിവസം പൊലീസ് എത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല
deshabhimani
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment