Monday, January 14, 2013
ഹരിയാനയില്‍ കഴിഞ്ഞമാസം 20 ബലാത്സംഗം; ഒരു കേസുമില്ല
സ്ത്രീപീഡന സംഭവങ്ങളില്‍ ഉടന്‍ കേസെടുക്കണമെന്നും വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കണമെന്നും രാജ്യമാകെ ശബ്ദമുയര്‍ത്തുമ്പോള്‍ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാടിന് അപമാനമാകുന്നു. ഡിസംബറില്‍ സംസ്ഥാനത്ത് 20 ബലാത്സംഗങ്ങള്‍ നടന്നിട്ടും ഒന്നില്‍പ്പോലും പൊലീസ് എഫ്ഐആര്‍ തയ്യാറാക്കുകയോ കുറ്റവാളികളെ അറസ്റ്റുചെയ്യുകയോ ചെയ്തില്ല. ഹരിയാനയില്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ സമൂഹത്തില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെടുമ്പോള്‍ അക്രമികള്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുകയാണ്. നീതി കിട്ടാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ ഡല്‍ഹിയിലെത്തി സമരംചെയ്തു. വിവിധ വനിതാസംഘടനകള്‍ ജന്തര്‍മന്ദറില്‍ നടത്തിയ ധര്‍ണയിലാണ് ഹരിയാനയില്‍ ബലാത്സംഗത്തിനിരയായവരും ബന്ധുക്കളും എത്തിയത്. ദളിത് വിഭാഗങ്ങളും പാവപ്പെട്ടവരും താമസിക്കുന്ന മേഖലകളില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ വിടാന്‍ മടിക്കുകയാണ് രക്ഷിതാക്കള്‍. സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതെ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. നാലും അഞ്ചും പേരുള്ള സംഘങ്ങള്‍ വീട് തള്ളിത്തുറന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തശേഷം തിരിച്ചുപോകുന്നു. പരാതിപ്പെടാന്‍ ചെന്നാല്‍ പരാതിക്കാരുടെ നേരെയാണ് പൊലീസ് അക്രമം കാട്ടുക. രോഹ്തക് ജില്ലയിലെ അജായബ് ഗ്രാമത്തിലെ മുപ്പത്തഞ്ചുകാരിയെ അഞ്ചുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ഇവരുടെ പരാതി പൊലീസ് സ്വീകരിച്ചില്ല. കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നു. നാല് മക്കളുടെ അമ്മയായ ഇവര്‍ ഡല്‍ഹിയിലെ സമരകേന്ദ്രത്തിലെത്തി.
വികലാംഗയായ പതിനഞ്ചുകാരിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുക്കുകയോ പ്രതികളെ അറസ്റ്റുചെയ്യുകയോ ഉണ്ടായില്ലെന്ന് ബന്ധു പറഞ്ഞു. ബലാത്സംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കുറ്റവാളികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും അച്ഛനും ആത്മഹത്യചെയ്തത് നാടിനെ ഞെട്ടിച്ചു. ദളിതരെയും ദരിദ്ര ജനവിഭാഗങ്ങളില്‍ പെട്ടവരെയും ഉയര്‍ന്ന ജാതിക്കാര്‍ ബലാത്സംഗംചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ജാഗ്മതി സാങ്വാന്‍ പറഞ്ഞു. അതിവേഗ കോടതി സ്ഥാപിക്കാന്‍ ഹരിയാനയില്‍ നടപടിയെടുത്തില്ല. ബലാത്സംഗങ്ങളില്‍ അധികവും സ്വമേധയായുള്ള ലൈംഗികബന്ധങ്ങളാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുന്നത്. ഖാപ് പഞ്ചായത്തുകളും സ്ത്രീകളെത്തന്നെ കുറ്റപ്പെടുത്തുന്നു.
തലസ്ഥാനത്ത് വനിതാധര്‍ണ തുടങ്ങി
ന്യൂഡല്‍ഹി: സ്ത്രീപീഡന കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്നും ബലാത്സംഗ സംഭവങ്ങളില്‍ കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വനിതാസംഘടനകള്‍ ഡല്‍ഹിയില്‍ ത്രിദിനധര്‍ണ ആരംഭിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം 12 സംഘടനകള്‍ സംയുക്തമായാണ് ധര്‍ണ സംഘടിപ്പിച്ചത്. സ്ത്രീപീഡന കേസുകള്‍ വേഗത്തില്‍ വിചാരണചെയ്യണമെന്ന് സുപ്രീംകോടതിയടക്കം നിര്‍ദേശിച്ചെങ്കിലും ഹരിയാന അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അതിനുള്ള സംവിധാനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് വനിതാസംഘടനകള്‍ ചൂണ്ടിക്കാട്ടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ധര്‍ണ ഉദ്ഘാടനംചെയ്തു. സ്ത്രീപീഡനങ്ങളില്‍ കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വൃന്ദ ആവശ്യപ്പെട്ടു. ദരിദ്ര, ദളിത് വിഭാഗങ്ങളിലെ സ്ത്രീകളും പെണ്‍കുട്ടികളുമാണ് അധികവും പീഡനത്തിന് ഇരയാകുന്നത്. സാമൂഹ്യമായി ഒറ്റപ്പെടുന്ന ഇവര്‍ക്ക് പിന്തുണയും സഹായവും നല്‍കി പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണം. അതിന് ഭരണ, നീതിന്യായ, പൊലീസ് സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കണം. ഹരിയാനയില്‍ സ്ത്രീപീഡനസംഭവങ്ങളില്‍ കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
സ്ത്രീപീഡന കേസുകളില്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. പാവപ്പെട്ടവരും ദളിത് വിഭാഗത്തില്‍ പെടുന്നവരും പീഡിപ്പിക്കപ്പെട്ടാല്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് ഹരിയാന സര്‍ക്കാരിന്റെ നിലപാട്. സ്ത്രീപീഡനത്തിന് ഇരയാകുന്നവര്‍ക്ക് തുടര്‍ന്നും സമൂഹത്തില്‍ ജീവിക്കാനാവശ്യമായ കരുത്ത് നല്‍കേണ്ടത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കടമയാണ്. അതിന് നിയമസംവിധാനങ്ങളും സമൂഹത്തിന്റെ പൊതുബോധവും അടിമുടി മാറണമെന്ന് വൃന്ദ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, ജാഗ്മതി സാംഗ്വാന്‍, സേബ ഫാറൂഖി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച ഹരിയാനയില്‍നിന്നുള്ള സ്ത്രീകളാണ് പങ്കെടുത്തത്. പീഡനത്തിനിരയായ സ്ത്രീകളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ധര്‍ണ ചൊവ്വവരെ തുടരും.
deshabhimani 140113
Labels:
വാര്‍ത്ത,
സമൂഹം,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment