സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എംഎല്‍എയെയും 12ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഇരുവരും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. സംസ്ഥാന ട്രഷറര്‍ ആയി കെ എം സുധാകരന്‍ തുടരും. 12ാം സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച കാസര്‍കോട്ട് കാല്‍ലക്ഷംപേര്‍ അണിനിരക്കുന്ന തൊഴിലാളി പ്രകടനം നടക്കും. കെ പത്മനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) ചേരുന്ന പൊതുസേമ്മളനം അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്യും.
ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന പ്രകടനത്തില്‍ 13 സംസ്ഥാന യൂണിയനുകളുടെയും 44 ജില്ലാ യൂണിയനുകളുടെയും ബാനറിനു കീഴിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. നിശ്ചലചലന ദൃശ്യങ്ങളും ബാന്‍ഡ് സംഘവും ചെണ്ടമേളവും തനത് കലാരൂപങ്ങളും പ്രകടനത്തിന് നിറപ്പകിട്ടേകും. നഗരത്തില്‍ രണ്ടുഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിക്കുക. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ പിബീസ് ഗ്രൗണ്ടില്‍നിന്നും പുലിക്കുന്ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്നുമാണ് പ്രകടനം തുടങ്ങുക. 3.45ന് ആരംഭിക്കുന്ന ഇരു പ്രകടനവും എംജി റോഡില്‍ സംഗമിച്ച് നഗരം ചുറ്റി പൊതുസമ്മേളന നഗരിയിലെത്തും.
നിര്‍മാണം, കാര്‍പെന്ററി, കരിങ്കല്ല്, ആര്‍ടിസാന്‍സ് എന്നീ യൂണിയനുകളാണ് പിബീസ് ഗ്രൗണ്ടില്‍ കേന്ദ്രീകരിക്കുക. മറ്റ് യൂണിയനുകളില്‍പെട്ടവര്‍ പുലിക്കുന്ന് ടൗണ്‍ഹാള്‍ പരിസരത്താണ് എത്തേണ്ടത്. ഓരോ യൂണിയനും അണിനിരക്കേണ്ട ക്രമം തീരുമാനിച്ചിട്ടുണ്ട്. മുന്നിലായി സംസ്ഥാന നേതാക്കളും സമ്മേളന പ്രതിനിധികളും അതിനു പിന്നില്‍ അങ്കണവാടി, ആശ, സ്കൂള്‍ പാചകത്തൊഴിലാളി, ഖാദി, കൈത്തറി യൂണിയനുകള്‍ അണിനിരക്കും. എംജി റോഡില്‍ എത്തുന്നതോടെ ഇവര്‍ക്ക് പിന്നിലായി പിബി ഗ്രൗണ്ടില്‍നിന്നെത്തുന്ന പ്രകടനം ചേരും. ഇതിനും പിന്നിലായി മറ്റ് യൂണിയനുകള്‍ അണിനിരക്കും.
deshabhimani
No comments:
Post a Comment